അറസ്റ്റിലായ മുഹമ്മദ് ഷെരീഫ്, ആന്റപ്പൻ
ഹരിപ്പാട്: വിവാഹത്തിന് സംഭാവന കിട്ടിയ 1,61,000 രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ തൃക്കുന്നപ്പുഴ പോലീസ് പിടികൂടി. ആലപ്പുഴ കനാൽവാർഡ് കാഞ്ഞിരംചിറ ബംഗ്ലാവ് പറമ്പിൽ മുഹമ്മദ് ഷെരീഫ് (63), ആലപ്പുഴ മംഗലം പുതുവൽ ആന്റപ്പൻ (55) എന്നിവരാണ് പിടിയിലായത്. മൂന്നാം പ്രതി ആന്റപ്പന്റെ മകൻ അരുൺ (26) ഒളിവിലാണ്.
തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കാക്കാശ്ശേരിൽ പടീറ്റതിൽ കുഞ്ഞുമോന്റെ മകളുടെ വിവാഹം ഡിസംബർ 22-ന് തൃക്കുന്നപ്പുഴയിലെ ഓഡിറ്റോറിയത്തിൽ നടക്കുന്നതിനിടെയാണ് സംഭവം. സംഭാവന നൽകാൻ ധാരാളം ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ സമീപത്ത് ഇരുന്ന ഷെരീഫ് മേശവലിപ്പിൽ നിന്ന് പണം എടുക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. ഇതുമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
പ്രതികൾ നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഷെരീഫ് ശബരിമലയിൽ നിന്ന് പോക്കറ്റടി കേസിൽ പിടിയിലായിട്ടുണ്ട്. പ്രതികൾ തൃക്കുന്നപ്പുഴയിൽ ബസിറങ്ങുന്നത് ഉൾപ്പെടെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.
ഒന്നാം പ്രതിയായ ഷെരീഫിന്റെ വീട്ടിൽ നിന്ന് 15,000 രൂപ കണ്ടെത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ എസ്.ഐ. കെ.വി.ആനന്ദബാബു, അഡീഷണൽ എസ്.ഐ. മുഹമ്മദ് നിസാർ, എ.എസ്.ഐ. ജയചന്ദ്രൻ, സി.പി.ഒ.മാരായ പ്രേംജിത്ത്, ഷാജഹാൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: two were arrested for robbery in wedding auidtorium
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..