-
വർക്കല: അകത്തുമുറി എസ്.ആർ.മെഡിക്കൽ കോളേജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്നു നിരവധി മോഷണക്കേസിലെ പ്രതി ചാടിപ്പോയി. കൊല്ലം പുത്തൻകുളം നന്ദു ഭവനിൽ ബാബു(61)വാണ് ചാടിപ്പോയത്. എട്ട് മണിക്കൂറിനിടെ കേന്ദ്രത്തിൽനിന്ന് രണ്ട് റിമാൻഡ് പ്രതികളാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി മാലമോഷണക്കേസിലെ പ്രതി മുട്ടത്തറ പൊന്നറ സ്കൂളിനു സമീപം ശിവജി െലയ്നിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു(25) ചാടിപ്പോയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ബാബു കടന്നുകളഞ്ഞത്. ഇവരെ പാർപ്പിച്ചിരുന്ന രണ്ടാം നിലയിലെ മുറിയിലെ വെന്റിലേറ്ററിലെ ഗ്ലാസ് ഇളക്കി പൈപ്പുവഴി ഇറങ്ങിയാണ് വിഷ്ണു രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിഞ്ഞത് മുതലെടുത്താണ് ബാബുവും ചാടിയത്.
വെന്റിലേറ്ററിലൂടെ മുണ്ടുപയോഗിച്ച് ഇറങ്ങിയാണ് ബാബു കടന്നത്. തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റുചെയ്ത വിഷ്ണുവിനെയും കല്ലമ്പലം പോലീസ് അറസ്റ്റുചെയ്ത ബാബുവിനെയും രണ്ടു ദിവസം മുമ്പാണ് നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. കോവിഡ് പരിശോധനാഫലം വരുന്നതുവരെ ഇവിടെ പാർപ്പിച്ചിരിക്കുമ്പോഴാണ് രക്ഷപ്പെട്ടത്.
പോലീസും ജയിൽ വകുപ്പും ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മാസം അഞ്ചിന് റിമാൻഡ് പ്രതികളായ അനീഷ്(29), മുഹമ്മദ് ഷാൻ(18) എന്നിവർ ഇവിടെനിന്നും ചാടിപ്പോയിരുന്നു. ഇരുവരെയും പിന്നീട് പിടികൂടി. പ്രതികൾ ചാടിപ്പോയ സംഭവമുണ്ടായിട്ടും നിരീക്ഷണകേന്ദ്രത്തിൽ കൂടുതൽ സുരക്ഷയൊരുക്കിയിരുന്നില്ല. ഇപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്.
പ്രതികൾ ചാടിപ്പോകുന്നത് തുടർക്കഥ
അകത്തുമുറി എസ്.ആർ. ഡെന്റൽ കോളേജിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിൽനിന്ന് റിമാൻഡ് പ്രതികൾ ചാടിപ്പോകുന്നത് പതിവാകുന്നു. നാല് പ്രതികളാണ് ഇതിനോടകം ചാടിപ്പോയത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി രണ്ട് മോഷ്ടാക്കളാണ് രക്ഷപ്പെട്ടത്.
യാതൊരു സുരക്ഷയുമില്ലാതെ പ്രതികളെ പാർപ്പിക്കുന്നതാണ് ചാടിപ്പോകുന്നതിന് അവസരമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്യുന്ന പ്രതികളെ കോവിഡ് ടെസ്റ്റ് നടത്തി ഫലം വരുന്നതുവരെ പാർപ്പിക്കുന്നത് അകത്തുമുറിയിലെ നിരീക്ഷണകേന്ദ്രത്തിലാണ്. ജൂലായ് ആദ്യവാരം രണ്ട് പ്രതികൾ ചാടിപ്പോയ ശേഷവും ശക്തമായ സുരക്ഷാസംവിധാനങ്ങളോ അടിസ്ഥാനസൗകര്യങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല.
നാല് പ്രതികളും വെന്റിലേറ്ററിലെ ചില്ലിളക്കിയാണ് ചാടിപ്പോയത്. ഗ്രില്ലുള്ള വെന്റിലേറ്ററുകളില്ലാത്ത മുറികളിലാണ് പ്രതികളെ താമസിപ്പിക്കുന്നത്. 45 പ്രതികൾ ഇപ്പോഴുണ്ട്. 30 പ്രതികളെ പാർപ്പിക്കാൻ സൗകര്യമുള്ളയിടത്ത് 60 മുതൽ 80 വരെ പ്രതികളെ ഒരേസമയം പാർപ്പിക്കാറുണ്ട്.
ഒരു മുറിയിൽ എട്ടു മുതൽ 12 പേർ വരെയായി. ഒരു ഹെഡ് വാർഡനും മൂന്ന് വാർഡൻമാരുമാണ് സുരക്ഷാ ഡ്യൂട്ടിക്കുള്ളത്. രാത്രിയിൽ പുറത്ത് കാവലിനായി ഒരു ഹെഡ് വാർഡനും രണ്ട് വാർഡൻമാരും. ആറ് തടവുകാർക്ക് ഒരു വാർഡൻ എന്ന ക്രമത്തിൽ സുരക്ഷയൊരുക്കേണ്ട സ്ഥാനത്താണിത്. സുരക്ഷയ്ക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ ഇനിയും അധികൃതർ തയ്യാറായിട്ടില്ല.
കേന്ദ്രത്തിന്റെ പരിസരം കാടുപിടിച്ച് കിടക്കുകയാണ്. രാത്രിയിൽ വെളിച്ചവുമില്ല. ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും ശല്യമുണ്ട്. കെട്ടിടത്തിൽ കടന്നൽക്കൂടുകളുമുണ്ട്. കായലും റെയിൽവേ ട്രാക്കും പൊന്തക്കാടുമാണ് കേന്ദ്രത്തിനു ചുറ്റുമുള്ളത്. ഇതെല്ലാം ചാടിപ്പോകുന്ന പ്രതികൾക്ക് സൗകര്യങ്ങളായി മാറുന്നു. ഇവിടെ എത്തിച്ച ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, യഥാസമയം
ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുന്നതിലും വീഴ്ചയുണ്ടായി. മറ്റ് പ്രതികൾക്കൊപ്പമാണ് കോവിഡ് സ്ഥിരീകരിച്ചയാളും കഴിഞ്ഞത്. പ്രതികളുടെ എണ്ണം കൂടുന്നതും ചാടിപ്പോകുന്നതും ജയിൽ ജീവനക്കാർക്ക് മാനസികസമ്മർദവും ആശങ്കയുമേറ്റുന്നുണ്ട്. അതിനാൽ റിമാൻഡ് പ്രതികളുടെ സുരക്ഷ ശക്തമാക്കുന്നതിനു ജില്ലയിലെ ഏതെങ്കിലും ഒരു ജയിൽ കോവിഡ് നിരീക്ഷണകേന്ദ്രമാക്കണമെന്ന അഭിപ്രായം ശക്തമാണ്.
Content Highlights:two remanded accused escaped from varkala covid center
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..