ഓൺലൈൻ ചൂതാട്ടത്തിനെതിരേ സേലം കളക്ട്രേറ്റിന് മുന്നിൽ കഴിഞ്ഞദിവസം നടന്ന ധർണ | ഫോട്ടോ: മാതൃഭൂമി
കോയമ്പത്തൂർ: ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ രണ്ടുപേർ കൂടി ജീവനൊടുക്കി. തൊണ്ടമുത്തൂർ തിരുവള്ളുവർ നഗർ സ്വദേശി ജീവാനന്ദം(30) സുന്ദരപുരം മച്ചാംപാളയം സ്വദേശി പി. ജയചന്ദ്രൻ(32) എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജീവനൊടുക്കിയത്.
ചൊവ്വാഴ്ച രാവിലെയാണ് ജീവാനന്ദത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കമ്പ്യൂട്ടർ ഷോപ്പ് നടത്തിയിരുന്ന യുവാവിന് ഓൺലൈൻ റമ്മിയിലൂടെ വൻ തുക നഷ്ടപ്പെട്ടിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. ഇതേത്തുടർന്ന് ഇയാൾ മദ്യത്തിന് അടിമയാവുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് പറഞ്ഞു.
സുന്ദരപുരം മച്ചാംപാളയം സ്വദേശിയായ ജയചന്ദ്രൻ തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ലെയ്ത്ത് ഓപ്പറേറ്ററായിരുന്ന ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. ഓൺലൈൻ റമ്മിയിൽ 30000-ലേറെ രൂപ ജയചന്ദ്രന് നഷ്ടമായിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
നേരത്തെ കോയമ്പത്തൂരിലെ ബാങ്ക് ജീവനക്കാരനും പുതുച്ചേരിയിലെ യുവാവും ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയിരുന്നു. ഇതിനുപിന്നാലെ ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:two men commits suicide in tamilnadu after money losing in online gambling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..