
സാമുവൽ ജേക്കബ്, സിബിൽ തോമസ്
മൈസൂരു: മലയാളികളായ രണ്ട് കോളേജ് വിദ്യാര്‍ഥികളെ വെള്ളച്ചാട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ അല്ഗുരിലുള്ള ബെങ്കി വെള്ളച്ചാട്ടത്തിലാണ് സംഭവം.
കോഴിക്കോട് സ്വദേശി ബെംഗളൂരു നെഹ്റുപുരം ബ്രോഡ്വേ റോഡിലെ സാമുവല്‍ ജേക്കബ് (21), തൃശ്ശൂര്‍ സ്വദേശി ബെംഗളൂരു എം.എസ്. പാളയയിലെ സിബില്‍ തോമസ് (21) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണിവര്‍.
ശനിയാഴ്ച രാവിലെ എട്ടിന് ബെംഗളൂരുവില്‍നിന്ന് സ്കൂട്ടറില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. ഉച്ചയ്ക്ക് വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് വിവരം ലഭിച്ചില്ല. ഇരുവരേയും കാണാതായ വിവരമറിഞ്ഞ് മാണ്ഡ്യ കെ.എം.സി.സി. പ്രവര്‍ത്തകര്‍ പോലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സന്ധ്യയ്ക്ക് വെള്ളച്ചാട്ടത്തിനുസമീപം സ്കൂട്ടര്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 300 അടിയോളം താഴ്ചയില്‍ വെള്ളത്തില്‍ കിടന്നിരുന്ന മൃതദേഹം സന്ധ്യയോടെയാണ് മുകളിലെത്തിച്ചത്.
വനമേഖലയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. എങ്ങനെയാണ് വിദ്യാര്‍ഥികള്‍ ഇവിടെ എത്തിയതെന്നും എങ്ങനെ മരിച്ചെന്നുമുള്ള കാര്യം വ്യക്തമല്ല.
സംഭവസ്ഥലത്തുനിന്ന് ഇവരുടെ ക്യാമറ ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റി. അല്‍ഗുര്‍ പോലീസ് കേസെടുത്തു. മാണ്ഡ്യ കെ.എം.സി.സി. പ്രസിഡന്റ് സലീം, സെക്രട്ടറി സലാം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനംനടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..