കൃഷ്ണമൂർത്തി, സാവിത്രി
കല്പറ്റ: കേരളത്തില്‍ മാവോവാദി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി. കൃഷ്ണമൂര്‍ത്തി പോലീസ് പിടിയിലായി. കേരള പോലീസ് തീവ്രവാദവിരുദ്ധ സേന ചൊവ്വാഴ്ച രാവിലെ വയനാട് അതിര്‍ത്തിയോടുചേര്‍ന്ന കര്‍ണാടകയില്‍നിന്നാണ് കൃഷ്ണമൂര്‍ത്തിയെയും മറ്റൊരു മാവോവാദി നേതാവ് സാവിത്രിയെയും പിടികൂടിയത്. കബനീദളത്തിന്റെ കമാന്‍ഡറാണ് സാവിത്രി.
കഴിഞ്ഞദിവസം കണ്ണൂരില്‍ പിടിയിലായ ഗൗതം എന്ന രാഘവേന്ദ്രയില്‍നിന്നാണ് പോലീസിന് കൃഷ്ണമൂര്‍ത്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയതെന്നാണ് സൂചന. ബി.ജി. കൃഷ്ണമൂര്‍ത്തി വയനാട്ടില്‍ ഉണ്ടെന്നാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹത്തെ കണ്ടതായി അടുത്തെങ്ങും വിവരമില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കൃഷ്ണമൂര്‍ത്തിക്കായി തിരച്ചില്‍ നടത്തിവരുന്നുണ്ടായിരുന്നു.
കര്‍ണാടകത്തില്‍ അമ്പതോളം കേസുകളില്‍ പ്രതിയും കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്ത ആളാണ് കൃഷ്ണമൂര്‍ത്തി.
വേരറുത്ത് എന്‍.ഐ.എ.
കാളികാവ്: രണ്ടു ദിവസത്തിനിടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സംസ്ഥാനത്തെ മാവോവാദി പ്രസ്ഥാനത്തിന്റെ വേരറുത്തു. വയനാട്ടില്‍ ചൊവ്വാഴ്ച പിടിയിലായ ബി.ജി. കൃഷ്ണമൂര്‍ത്തി മാവോവാദി നേതൃനിരയിലുള്ള മുതിര്‍ന്ന പ്രവര്‍ത്തകനും കേന്ദ്രകമ്മിറ്റി അംഗവുമാണ്. വയനാട് കേന്ദ്രീകരിച്ചുള്ള കബനി ദളത്തിന്റെയും നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളത്തിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. കൂടെ പിടിയിലായ സാവിത്രിയും മുതിര്‍ന്ന പ്രവര്‍ത്തകയാണ്.
2016 നവംബര്‍ 24-ന് നിലമ്പൂര്‍ വരയന്‍മലയിലുണ്ടായ ഏറ്റുമുട്ടലില്‍ കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജ് വെടിയേറ്റുമരിച്ചശേഷമാണ് കൃഷ്ണമൂര്‍ത്തി നേതൃത്വം ഏറ്റെടുത്തത്. രണ്ടുപേര്‍ വെടിയേറ്റു മരിച്ചതിലൂടെയുണ്ടായ നഷ്ടം നികത്തുകയെന്ന ദൗത്യമാണ് കൃഷ്ണമൂര്‍ത്തിയെ ഏല്‍പ്പിച്ചത്. തീവ്ര നിലപാടുള്ള കൃഷ്ണമൂര്‍ത്തിയെ വലിയ അപകടകാരിയായാണ് പോലീസ് കണ്ടിരുന്നത്.
2019-ല്‍ പോത്തുകല്ല് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാണിയമ്പുഴ ആദിവാസി കോളനിയില്‍ മാവോവാദി പ്രചാരണം നടത്തിയതിന് കൃഷ്ണമൂര്‍ത്തിയുടെ പേരില്‍ കേസുണ്ട്. കൃഷ്ണമൂര്‍ത്തി നാടുകാണി ദളത്തിന്റെ ചുമതലയിലെത്തിയശേഷമാണ് താത്കാലിക ചുമതല വഹിച്ച മണിവാസകം അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഭവാനി ദളത്തിലേക്ക് മാറിയത്. മണിവാസകം 2019-ലെ മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
കൃഷ്ണമൂര്‍ത്തിക്കൊപ്പം അറസ്റ്റിലായ സാവിത്രിക്കെതിരേ മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേസുകളുണ്ട്. 2018-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വനിതാമതിലിനെതിരേ പ്രചാരണം നടത്തിയ കേസിലും സാവിത്രി പ്രതിയാണ്. പ്രമുഖരുടെ അറസ്റ്റ് മാവോവാദികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നുറപ്പാണ്. തുടര്‍ച്ചയായ അറസ്റ്റ് മാവോവാദികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായും സൂചനയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..