അറസ്റ്റിലായ അബ്ദുൾ റഹ്‌മാൻ, റംസി എന്നിവർ
തിരുവനന്തപുരം: മുക്കുപണ്ടം പണയംവെച്ച് ഒരു ലക്ഷത്തിഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. പൂന്തുറ മാണിക്യവിളാകം ആസാദ് നഗറില്‍ അബ്ദുള്‍ റഹ്‌മാന്‍(42) ഇയാളുടെ സുഹൃത്ത് വള്ളക്കടവ് കല്‍മണ്ഡപം ഖദീജാ മന്‍സിലില്‍ റംസി(24) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.തിരുവല്ലം വണ്ടിത്തടത്തുള്ള സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ 36 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയംെവച്ചാണ് ഇവര്‍ പണം തട്ടിയത്.
ചെമ്പ് മാല, പിച്ചളയില്‍ത്തീര്‍ത്ത ബ്രെയ്സ്ലെറ്റ് എന്നിവയില്‍ സ്വര്‍ണം പൂശിയാണ് പണയംവെച്ചത്. ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 2.30ഓടെ കാറിലായിരുന്നു പണയംവയ്ക്കാനെത്തിയത്.ഇവര്‍ എഴുതി നല്‍കിയ കാര്‍ഡിലെ മേല്‍വിലാസത്തോടൊപ്പമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ നമ്പരില്‍ ഒന്‍പത് നമ്പരുകള്‍ മാത്രമാണുണ്ടായിരുന്നത്. സംശയത്തെത്തുടര്‍ന്ന് ആഭരണങ്ങള്‍ പരിശോധിച്ച് നോക്കിയപ്പോള്‍ മുക്കുപണ്ടമാണെന്നു കണ്ടെത്തി.
തുടര്‍ന്ന് പുറത്തിറങ്ങി ഇവരെ വിളിച്ചുവെങ്കിലും നില്‍ക്കാതെ പെട്ടെന്ന് കാറില്‍ കയറി പുഞ്ചക്കരി ഭാഗത്തേയ്ക്ക് ഓടിച്ചുപോയി. സ്ഥാപനയുടമ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായില്ല.ഇവര്‍ പോയ വഴിയില്‍ ഒരിടത്തുള്ള സി.സി.ടി.വി. ദൃശ്യം പരിശോധിച്ച് ഇവരുടെ കാറിന്റെ വിശദാംശങ്ങളും തട്ടിപ്പ് നടത്തിയവരുടെ രൂപത്തെക്കുറിച്ചും തിരുവല്ലം പോലീസില്‍ പരാതി നല്‍കി.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുള്ള സൂചന കിട്ടി.വെള്ളനിറമുള്ള കാറിലായിരുന്നു പണയം വെയ്ക്കാനെത്തിയത്. തട്ടിപ്പിനുശേഷം രക്ഷപ്പെട്ട ഇവര്‍ കാറിന്റെ മുകള്‍ഭാഗം കറുത്ത നിറമാക്കി മാറ്റി. കാറിന്റെ നമ്പരും ചുരണ്ടിമാറ്റിയിരുന്നതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷന്‍ പരിധിയിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ. സുരേഷ് വി.നായര്‍ പറഞ്ഞു. മെഡിക്കല്‍ കോേളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
തിരുവല്ലം എസ്.എച്ച്.ഒ. സുരേഷ് വി.നായരുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, സതീഷ് കുമാര്‍, സി.പി.ഒ.മാരായ രാജീവ് കുമാര്‍, രാജീവ്, രമ, സെലിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: two including a woman arrested in cheating case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..