ബൈജു, സ്റ്റീഫൻ
ആലപ്പുഴ: തുറവൂർ കുത്തിയതോടിൽ സുഹൃത്തുക്കളായ രണ്ടു പേരെ വീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുത്തിയതോട് കൈതവളപ്പിൽ സ്റ്റീഫൻ(47), കുത്തിയതോട് കൊല്ലശ്ശേരി ബൈജു(50) എന്നിവരാണ് മരിച്ചത്.
മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചതിനാലാണ് ഇരുവരും മരിച്ചതെന്നാണ് സംശയം. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാവൂ എന്നാണ് പോലീസിന്റെ പ്രതികരണം.
സുഹൃത്തുക്കളായ ബൈജുവും സ്റ്റീഫനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചോ എന്നതാണ് സംശയം. വീട്ടിൽനിന്ന് സാനിറ്റൈസറിന്റെ കുപ്പികളും കണ്ടെടുത്തിരുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളു.
തിങ്കളാഴ്ച രാവിലെയാണ് ബൈജുവിനെ സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടത്. തുടർന്ന് ബന്ധുക്കൾ ബൈജുവിനെ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. തൊട്ടുപിന്നാലെ സ്റ്റീഫനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കുത്തിയതോട് പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Content Highlights: two found dead in alappuzha police suspects they drunk sanitizer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..