സൈദ് മുഹമ്മദ് ഹാദി തങ്ങൾ, പൂളക്കുണ്ടൻ മുഹമ്മദ് നൗഫൽ
മങ്കട: കേന്ദ്ര വിജിലൻസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ടിപ്പർലോറികൾ തടഞ്ഞ് പണംതട്ടിയ കേസിൽ രണ്ടുപേരെ മങ്കട പോലീസ് അറസ്റ്റ്ചെയ്തു. മഞ്ചേരി നറുകര പട്ടർകുളം താഴങ്ങാടി മഠത്തിൽ സൈദ് മുഹമ്മദ് ഹാദി തങ്ങൾ (39), പാണ്ടിക്കാട് വള്ളുവങ്ങാട് പൂളക്കുണ്ടൻ മുഹമ്മദ് നൗഫൽ (39) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംഭവം. മങ്കട യു.കെ. പടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർലോറികൾ തടയുകയും തങ്ങൾ കേന്ദ്ര വിജിലൻസ് ഉദ്യോഗസ്ഥരാണെന്നും കഴുത്തിൽ ധരിച്ച 'ആന്റി കറപ്ഷൻ ഓഫ് ഇന്ത്യ' എന്നെഴുതിയ ടാഗ് കാണിച്ചുകൊടുക്കുകയുംചെയ്തു. തുടർന്ന് വാഹനവും രേഖകളും പരിശോധിച്ചശേഷം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയാണെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.
അനധികൃത ചെങ്കൽ ക്വാറിയിൽനിന്ന് കല്ല് കടത്തിക്കൊണ്ടുപോകുന്നെന്നു പറഞ്ഞായിരുന്നു ഇത്. വാഹനം കസ്റ്റഡിയിലെടുക്കാതിരിക്കാനും കേസെടുക്കാതിരിക്കാനും പരാതിക്കാരനെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ വാങ്ങിക്കുകയുംചെയ്തു.
പിന്നീട് സംശയംതോന്നിയ ലോറിയുടമ മങ്കട പോലീസ്സ്റ്റേഷനിൽ പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർചെയ്തു.പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ മങ്കട ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ അന്വേഷണം തുടങ്ങി. പ്രതികൾ എത്തിയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ്ചെയ്തത്.
അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും ഒട്ടേറെ വ്യാജരേഖകളും പിടിച്ചെടുത്തു. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
മങ്കട ഇൻസ്പെക്ടർ സി.എം. സുകുമാരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽസലാം നെല്ലായ, ജയമണി, സിവിൽ പോലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, രാജീവ്, സമീർ പുല്ലോടൻ, ഷമീർ ഹുസൈൻ, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
Content Highlights:two fake vigilance officers arrested in mankada
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..