പന്നിക്കെണിയില്‍ ഷോക്കേറ്റ് പിടഞ്ഞു, രണ്ട് മൃതദേഹങ്ങള്‍ കനാലില്‍; അന്വേഷണത്തില്‍ തുമ്പായത് തോട്ടി


അമൃത എ.യു

മരിച്ച സനൽ, തോമസ്

'സനല്‍ ഒരു വെല്‍ഡിങ് ജീവനക്കാരനാണ് തോമസ് വിദേശത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഇരുവരും സ്ഥിരമായി മീന്‍ പിടിക്കാന്‍ പോകുന്നവരായിരുന്നില്ല. കൂട്ടുകാരൊക്കെ കൂടുമ്പോള്‍ കനാലില്‍ നിന്ന് ഞണ്ടിനെയൊക്കെ പിടിച്ച് കറിയുണ്ടാക്കി കഴിക്കുമായിരുന്നു. അവര്‍ രണ്ടാള്‍ക്കും വൈദ്യുതി കമ്പി കണ്ടാലോ അപകട സാധ്യതകള്‍ കണ്ടാലോ മനസിലാക്കാന്‍ കഴിയുന്നവരാണ്. അവര്‍ രണ്ടാളും ഷോക്കേറ്റ് മരിച്ചു എന്ന് കേട്ടപ്പോള്‍ ഞെട്ടലായിരുന്നു. എന്തായാലും സനലിന്റെ മരണത്തോടെ അവന്റെ അമ്മ ഒറ്റക്കായി. ഇന്നും ഇപ്പോഴും അവന്റെ അമ്മക്ക് മരണത്തെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല', സനലിന്റെ അമ്മാവന്‍ സുകു പറയുന്നു.

മൂക്കന്നൂര്‍ ഭാഗത്ത് ഇടതുകര കനാലില്‍ മീന്‍പിടിക്കാന്‍ പോയ സനലിനേയും (32) തോമസിനേയും(50) ഇക്കഴിഞ്ഞ 24-നാണ് കനാലില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാട്ടുപന്നിയെ പിടിക്കുന്നതിന് അനധികൃതമായി നിര്‍മിച്ച ഇലക്ട്രിക് സംവിധാനത്തില്‍ നിന്ന് ഷോക്കേറ്റാണ് സനലും തോമസും മരിച്ചതെന്ന് കണ്ടെത്തുന്നത്. സംഭവത്തില്‍ പ്രതികളായ കാരമറ്റം മൂത്തേടന്‍ വീട്ടില്‍ ബേബി (41) പാലിശ്ശേരി ചിറ്റിനപ്പിള്ളി വീട്ടില്‍ ജിജോ (43) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരത്തോടെ തോമസിനേയും സനലിനേയും കാണാതാവുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഒക്ടോബര്‍ 24ന് രാത്രി കനാലില്‍ മീന്‍ പിടിക്കാന്‍ പോയ സംഘമാണ് ഇരുവരേയും കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കനാലില്‍ കമ്പികളോ മറ്റ് വയറുകളോ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്ന് കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ നാട്ടുകാര്‍ക്കും പോലീസിനും കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് നീളത്തിലുള്ള ഉണങ്ങിയ മരക്കമ്പിലുള്ള തോട്ടി ഇലക്ട്രിക് പോസ്റ്റിന് സമീപത്ത് നിന്നും കണ്ടെത്തിയതോടെയാണ് അന്വേഷണം പ്രതികളിലേക്ക് എത്തിച്ചത്.

'കനാലില്‍ അധികം വെള്ളമൊന്നും ഇല്ലായിരുന്നു. രാത്രിയില്‍ സനലിന്റെ മൃതദേഹം കണ്ടിട്ടും എനിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. 24-ന് രാത്രി ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ കനാലില്‍ കമ്പികളോ മറ്റ് വയറുകളോ ഒന്നും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെയാണ് അത് സനല്‍ തന്നെയാണെന്ന് ഉറപ്പിച്ചത്. ഷേക്കേറ്റ് മരിച്ചതാണെന്ന് മൃതദേഹം കണ്ടപ്പോള്‍ മനസിലായി. പക്ഷേ അത് എങ്ങനെ എന്ന് മാത്രം മനസിലായില്ല. നാട്ടുകാരില്‍ ചിലര്‍ പന്നിക്കെണിയെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും അത് വ്യക്തമാക്കുന്ന യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഒന്നുകില്‍ സനലും തോമസും വൈദ്യുതാഘാതമേറ്റ് മരിച്ചതറിഞ്ഞ് അവര്‍ നേരത്തെ തന്നെ കമ്പികളും വയറുകളുമെല്ലാം മാറ്റിയതായിരിക്കണം', സനലിന്റെ അമ്മാവന്‍ പറയുന്നു.

കാട്ടുപന്നിയെ കുടുക്കാന്‍ തോട്ടില്‍ കുറ്റിയടിച്ച് ഇലക്ട്രിക് കമ്പികള്‍ സ്ഥാപിച്ചിരിക്കുകയായിരുന്നു. വൈന്‍ഡിങ് വയറാണ് സ്ഥാപിച്ചിരുന്നത്. തോടിന്റെ ഭാഗത്തായി ഇലക്ട്രിക് പോസ്റ്റുണ്ട്. ഇതില്‍ വയര്‍ ഘടിപ്പിച്ചാണ് വൈദ്യുതി എടുത്തത്. എന്നാല്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ വൈദ്യുതി ലൈനില്‍ കൊളുത്താനുപയോഗിച്ച വയര്‍ ഇവിടെ ഉണ്ടായിരുന്നില്ല. പകരം ഉണങ്ങിയ നീളത്തിലുള്ള മരക്കമ്പ് ഈ ഭാഗത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. വൈദ്യുതി ലൈനില്‍ വയര്‍ കൊളുത്താന്‍ ഉപയോഗിച്ചതാണിതെന്നായിരുന്നു നിഗമനം. ഉണങ്ങിയ നീളത്തിലുള്ള മരക്കമ്പ് ഇവിടെ നിന്നും കണ്ടെത്തിയതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്.

തുടര്‍ന്നാണ് കനാലില്‍ മരക്കുറ്റി അടിച്ച്, കമ്പി വലിച്ചുകെട്ടി അതിലേക്ക് ഇലക്ട്രിക് ലൈനില്‍നിന്ന് കണക്ഷന്‍ കൊടുത്താണ് കെണി ഒരുക്കിയിരുന്നതെന്നും വൈകീട്ട് കണക്ഷന്‍ നല്‍കുകയും പുലര്‍ച്ചെ വിച്ഛേദിക്കുകയുമാണ് ഇവര്‍ ചെയ്യാറുള്ളതെന്നും പോലീസ് കണ്ടെത്തിയത്. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്.ആലുവ എസ് പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ബേബി, ജിജോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കമ്പിവേലി കെട്ടിയത് അനധികൃതമായി

പൊതുസ്ഥലത്താണ് വൈദ്യുതി വേലി കെട്ടിയിരുന്നത്. ഒരാളുടെ സ്വന്തം സ്ഥലത്ത് ഇത്തരത്തില്‍ ചെയ്യുന്നതിന് നിയമ തടസമില്ല. അനധികൃതമായാണ് കമ്പിവേലി കെട്ടി പന്നിയെ കുടുക്കാനായി കെണി ഒരുക്കിയിരുന്നത്. പന്നി കടന്ന് പോകുന്ന വഴിയെന്ന സംശയത്താലാണ് വൈദ്യുത കമ്പി കെട്ടിയിരുന്നത്. ഇവിടെ രണ്ട് മനുഷ്യജീവനുകളാണ് നഷ്ടമായത്. പ്രതികള്‍ക്കെതിരേ 304 വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇരുവരേയും അറസ്റ്റ് ചെയ്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.

അതേസമയം, ഒരു വര്‍ഷം മുന്‍പ് പൂതംകുറ്റി പാടശേഖരത്തില്‍ ഇത്തരത്തില്‍ ഒരാള്‍ ഷോക്കേറ്റ് മരിച്ചിരുന്നു. ഇപ്പോള്‍ പോലീസ് പിടിയിലായ ബേബി, ജിജോ എന്നിവര്‍ ഇത്തരത്തില്‍ സ്ഥിരമായി കമ്പിവേലി കെട്ടി പന്നിക്ക് കെണിവെക്കാറുണ്ടായിരുന്നുവെന്നും കനാലിന്റെ പലഭാഗത്തും സമാനമായ രീതിയില്‍ മറ്റ് പലരും ഇത്തരത്തില്‍ വൈദ്യുത കമ്പികള്‍ കെട്ടി കെണിയൊരുക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Content Highlights: two electrocuted in angamaly accused arrested by police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented