ബിജു
ഇരിങ്ങാലക്കുട: രാസലായനി കഴിച്ച് അവശനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവും മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ ബിവറേജസിന് സമീപം തട്ടുകട നടത്തിയിരുന്ന എടതിരിഞ്ഞി ചെട്ടിയാല്‍ അണക്കത്തിപറമ്പില്‍ ബിജു(43)വാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇതേ ലായനി കഴിച്ച ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണമ്പിള്ളി വീട്ടില്‍ നിശാന്ത് (43) ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയുടെ പിന്നിലിരുന്നാണ് ഇരുവരും ദ്രാവകം കഴിച്ചത്. നിശാന്തിന് ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ബിജു നിശാന്തിന്റെ മക്കളെ വിവരം അറിയിച്ചു. അസ്വസ്ഥത രൂക്ഷമായതോടെ വീട്ടുകാരെ കാത്തുനില്‍ക്കാതെ നിശാന്ത് സ്വന്തം ബൈക്കില്‍ ആശുപത്രിയിലേക്ക് പോയി.
ആല്‍ത്തറയ്ക്ക് സമീപം കുഴഞ്ഞുവീണ നിശാന്തിനെ ഹോട്ടല്‍ജീവനക്കാരാണ് ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, രക്ഷിക്കാനായില്ല. അദ്ദേഹത്തിന് മുളകെരിയുന്നതുപോലെയാണ് അനുഭവപ്പെട്ടിരുന്നതെന്ന് ഹോട്ടല്‍ജീവനക്കാര്‍ പറഞ്ഞു. നിശാന്തിന്റെ വായില്‍നിന്ന് നുരയും പതയും വന്നിരുന്നു.
നിശാന്തിനെ അന്വേഷിച്ച് കോഴിക്കടയിലെത്തിയ വീട്ടുകാരാണ് തളര്‍ന്നുതുടങ്ങിയ ബിജുവിനെ കാറില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അവസ്ഥ ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവര്‍ കഴിച്ചുവെന്ന് കരുതുന്ന ലായനിയുടെ പകുതി തീര്‍ന്ന കുപ്പിയും രണ്ട് ഗ്ലാസുകളും പോലീസ് കണ്ടെടുത്തു. ഇത് ഫോര്‍മാലിന്‍ ആണെന്നാണ് സംശയം.
വ്യാജമദ്യമല്ല, മദ്യംപോലെയുള്ള രാസലായനിയാണ് കഴിച്ചിരിക്കുന്നതെന്ന് എസ്.പി. പൂങ്കുഴലി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കുടിച്ച ദ്രാവകത്തിന്റെ പകുതിയടങ്ങിയ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏത് രാസലായനിയാണെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. ലായനി എവിടെനിന്നാണ് ഇവര്‍ക്ക് കിട്ടിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും എസ്.പി. പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിനാണ് കേസിന്റെ അന്വേഷണച്ചുമതല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..