കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായവർ
നെടുങ്കണ്ടം: കൈക്കൂലി വാങ്ങുന്നതിനിടെ നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറെയും ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫിസറെയും വിജിലന്‍സിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തു. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ഷൈമോന്‍ ജോസഫ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ്) എന്‍.ഇ.നാദിര്‍ഷ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റുചെയ്തത്. പരാതിക്കാരന്റെ വീട്ടിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
രാജാക്കാട് സ്വദേശി പഞ്ചായത്തിന് സൗജന്യമായി കള്ളിമാലിയില്‍ നല്‍കിയ അഞ്ചുസെന്റ് സ്ഥലത്ത് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ഇറിഗേഷന്‍വകുപ്പും ചേര്‍ന്ന് 25 ലക്ഷം രൂപ ചെലവില്‍ കുളംനിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ കുളംനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം ബി.ഡി.ഒ. സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, പദ്ധതികൊണ്ട് ലാഭം സ്ഥലമുടമയ്ക്കാണെന്നും കുളത്തിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് ഗുണഭോക്താക്കളായ കര്‍ഷകരുടെ യോഗം വിളിക്കണമെന്നും ബി.ഡി.ഒ. പരാതിക്കാരനോട് ആവശ്യപ്പെട്ടു.
കാലാവധി കഴിഞ്ഞതിനാല്‍ പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ കരാര്‍ കാലാവധി നീട്ടിനല്‍കാമെന്നും, പരാതിക്കാരന് കുളം സ്വകാര്യ കുളംപോലെ ഉപയോഗിക്കാമെന്ന വ്യവസ്ഥയില്‍ ഗുണഭോക്തൃസമിതിയുടെ വ്യാജ മിനിറ്റ്സ് തയ്യാറാക്കാമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മിനിറ്റ്സ് തയ്യാറാക്കുന്നതിന് തനിക്ക് 20,000 രൂപയും ക്‌ളാര്‍ക്കിന് 10,000 രൂപയും വേണമെന്ന് ബി.ഡി.ഒ. പരാതിക്കാരനോട് ആവശ്യപ്പെട്ടു. അത്രയും പണം നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ 25,000 രൂപയ്ക്ക് പ്രശ്നം പരിഹരിച്ചുനല്‍കാമെന്ന് ബി.ഡി.ഒ. പരാതിക്കാരന് ഉറപ്പുനല്‍കുകയായിരുന്നു. ഇതോടെ രാജാക്കാട് സ്വദേശി പരാതിയുമായി വിജിലന്‍സ് വിഭാഗം കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.
രാജാക്കാട് കള്ളിമാലിയിലുള്ള പരാതിക്കാരന്റെ വീട്ടിലെത്തി കൈക്കൂലിപ്പണം വാങ്ങുന്നതിനിടയിലാണ് പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടിയത്.
ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി. വി.ആര്‍.രവികുമാറിന്റെ നേതൃത്വത്തില്‍ സി.ഐ.മാരായ ടി.ബിജു, റെജി എം.കുന്നിപ്പറമ്പന്‍, രാഹുല്‍ രവീന്ദ്രന്‍, എസ്.ഐ. കെ.എന്‍.സന്തോഷ് തുടങ്ങിയവര്‍ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്.
അറസ്റ്റുചെയ്ത പ്രതികളെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. പ്രതികളുടെ വീട്ടിലും ബ്ലോക്ക് ഓഫീസിലും നടന്ന പരിശോധനകള്‍ക്ക് സി.ഐ.മാരായ ടിപ്സണ്‍ തോമസ്, പി.വി.വിനേഷ് കുമാര്‍, എസ്.ഐ. കെ.എന്‍.ഷാജി, എ.എസ്.ഐ. ബിനോയ് തോമസ്, പി.ആര്‍.സുരേന്ദ്രന്‍, അഭിലാഷ്, കെ.ടി.ഷിബു, അനീഷ് വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..