അറസ്റ്റിലായ അഖിൽ, നിഖിൽ
ഇരിങ്ങാലക്കുട: വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം തട്ടിയ കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. കൊട്ടാരക്കര പനവേലി സ്വദേശി നിഖില്‍ ഭവനില്‍ അഖില്‍ (35), ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി പട്ടാലിവീട്ടില് നിഖില്‍ (33) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആര്. രാജേഷിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കാട്ടൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്.
പ്രതികള്‍ കൊട്ടാരക്കരയില്‍ തമ്പടിച്ച് സമാനരീതിയില്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതായി തൃശ്ശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ജോലി വേണമെന്ന വ്യാജേന പ്രത്യേക അന്വേഷണസംഘം അഖിലിനെ സമീപിച്ചു. പണമാവശ്യപ്പെട്ടപ്പോള്‍ പണം നേരിട്ടുനല്കാമെന്നു പറഞ്ഞ് പോലീസ് കൊട്ടാരക്കരയിലെത്തി.
പനവേലിയില്‍വെച്ച് പണം കൈമാറാമെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് പനവേലിയില്‍ പണവുമായി വന്നത് പോലീസാണെന്ന് മനസ്സിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച അഖിലിനെ ഒന്നരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
മറ്റൊരു പ്രതിയായ നിഖിലിനെയും സമാനരീതിയില്‍ പോലീസ് തന്ത്രപൂര്‍വം കുടുക്കി. നിഖിലാണ് അഖിലിന് ആവശ്യക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അഡീഷണല്‍ എസ്.ഐ. ക്ലീറ്റസ്, എ.എസ്.ഐ. സലീം, സി.പി.ഒ. വൈശാഖ് മംഗലന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..