പ്രതീകാത്മക ചിത്രം | AP
ഹരിപ്പാട്: ഐ ഫോണുകള്‍ വ്യാജമായി നിര്‍മിച്ച് ഓണ്ലൈന്സ്ഥാപനങ്ങളെ കബളിപ്പിക്കുന്ന സംഘത്തിലെ രണ്ടുപേരെ ഹരിപ്പാട് പോലീസ് പിടികൂടി. പെരുമ്പാവൂര്‍ മുടിക്കല്ച്ചിറയില് ഷിജാസ് (27), ആലുവ മാറമ്പള്ളി പുതുശ്ശേരില്‍ ലിയാഖത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രമുഖ ഓണ്ലൈന്സ്ഥാപനത്തിന്റെ പരാതിയിന്മേലാണു നടപടി. പ്രതികള്‍ സംസ്ഥാനവ്യാപകമായി തട്ടിപ്പുനടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
1,39,900 രൂപ വിലവരുന്ന ഐ ഫോണ്‍ 13 പ്രോമാക്സ് ഓണ്‍ലൈനായി ബുക്കുചെയ്തുകൊണ്ടാണ് തട്ടിപ്പിനു തുടക്കം. ഫോണ്കിട്ടിയപ്പോള് തകരാറുണ്ടെന്നു കമ്പനിയെ തെറ്റിദ്ധരിപ്പിച്ചു. അവര്‍ പുതിയത് അയച്ചുകൊടുത്തപ്പോള്‍ വ്യാജമായി നിര്‍മിച്ച ഫോണാണ് മടക്കിനല്കിയത്. ഇതില്‍ യഥാര്‍ഥ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ വ്യാജമായി ചേര്‍ത്തിരുന്നു.
കമ്പനിപ്രതിനിധികള്‍ ഐ.എം.ഇ.ഐ. നമ്പര്‍ പരിശോധിച്ച് ഉറപ്പാക്കിയിട്ടാണ് പഴയ ഫോണ്‍ ഏറ്റെടുത്തത്. തുടര്‍ന്ന് പുതിയതു നല്കുകയുംചെയ്തു. പിന്നീട് ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം സ്ഥാപനമറിയുന്നത്. ജനുവരി 31-നായിരുന്നു സംഭവം.
ഹരിപ്പാട് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റേഷനു സമീപത്തെ കെട്ടിടത്തിന്റെ വിലാസം നല്‍കിയാണ് പ്രതികള്‍ ഫോണ്‍ ബുക്കുചെയ്തിരുന്നത്. ഇതനുസരിച്ച് കരുവാറ്റയിലെ വിതരണകേന്ദ്രത്തിലാണ് ഫോണെത്തിയത്. ചെങ്ങന്നൂരിലെ വിലാസത്തിലും ഇതേരീതിയില്‍ ഫോണ്‍ വാങ്ങിയിട്ട് തിരികെനല്കാന് പ്രതികള്‍ ശ്രമിച്ചു.
ഇതിനിടെ തട്ടിപ്പുവിവരം ഓണ്ലൈന്സ്ഥാപനം അവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. ഇതോടെ അവിടത്തെ ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സമാനരീതിയില്‍ ഫോണ്‍ മാറ്റിവാങ്ങാനെത്തിയപ്പോള് ഇരുവരെയും ജീവനക്കാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ ഹരിപ്പാട് പോലീസിനു കൈമാറി.
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഫോണുകള്‍ നേരത്തേയും പിടികൂടിയിട്ടുണ്ടെങ്കിലും വ്യാജമായി ഐ.എം.ഇ.ഐ. നമ്പര്‍ തയ്യാറാക്കിയ സംഭവം മുന്‍പുണ്ടായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. മുംബൈ കേന്ദ്രമാക്കിയാണ് വ്യാജ ഫോണുകളില്‍ ഐ.എം.ഇ.ഐ. നമ്പര്‍ ചേര്‍ക്കുന്നതെന്നാണ് പ്രതികള്‍ മൊഴിനല്കിയിരിക്കുന്നത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നും സംശയിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..