റമീസ് റോഷൻ, ഹാഷിബ് ശഹിൻ
പരപ്പനങ്ങാടി: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി ചേലേമ്പ്രയിൽ രണ്ടുപേരെ പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര ഇടിമുഴിക്കലിൽ എക്സൈസ് നടത്തിയ റെയ്‌ഡിലാണ് എൽ.എസ്.ഡിയും ഹാഷിഷും എം.ഡി.എം.എയും ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നും കഞ്ചാവും പിടികൂടിയത്.
കോഴിക്കോട് പെരുമണ്ണ കളത്തിങ്ങൽ റമീസ് റോഷൻ (26), കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ പാമ്പോടൻവീട്ടിൽ ഹാഷിബ് ശഹിൻ (25) എന്നിവരെയാണ് പരപ്പനങ്ങാടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ചേലേമ്പ്ര കേന്ദ്രീകരിച്ച് രഹസ്യമായി വിലകൂടിയ മാരക മയക്കുമരുന്നുകളുടെ വില്പനയും കൈമാറ്റവും നടക്കുന്നുെണ്ടന്ന് മലപ്പുറം എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
അറസ്റ്റിലായ റമീസ് റോഷൻ കളിപ്പാട്ടങ്ങൾ ഓൺലൈനായി വില്പന നടത്താനെന്ന വ്യാജേന ചേലേമ്പ്ര ഇടിമുഴിക്കലിൽ ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. ഇവിടെയാണ് മയക്കുമരുന്നു വില്പന നടത്തിയിരുന്നത്. ഇവരിൽനിന്ന് 88.120 ഗ്രാം എം.ഡി.എം.എ., 56.5 എൽ.എസ്.ഡി. സ്റ്റാമ്പുകൾ, 325.580 ഗ്രാം ഹാഷിഷ്, 1150 ഗ്രാം കഞ്ചാവ് എന്നിവയും ഇവ ചില്ലറയായി പായ്ക്ക് ചെയ്യുന്നതിനുള്ള സാധനങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ചില ഉപകരണങ്ങളും പിടിച്ചെടുത്തു.
വിദേശത്തുനിന്നും ഗോവയിൽ നിന്നുമുൾപ്പടെ മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. റെയ്‌ഡിൽ ഐ.ബി. ഉദ്യോഗസ്ഥരായ ടി. ഷിജുമോൻ, വി.കെ. സൂരജ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, ബിജു, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുരളീധരൻ, ശിഹാബുദ്ദീൻ, നിതിൻ, വിനീഷ്, സാഗേഷ്, വനിതാ ഓഫീസർമാരായ സിന്ധു, ലിഷ, ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights:two arrested in chelembra with mdma and other drugs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..