പ്രതീകാത്മക ചിത്രം | PTI
നോയിഡ: കോളേജ് വിദ്യാര്‍ഥിനിയായ 20 വയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമെന്ന് നോയിഡ പോലീസ്. കുടുംബം പരാതി നല്‍കുന്നതിന് ഒരുദിവസം മുമ്പേ പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പോയിരുന്നുവെന്നും ഇതിന്റെ നാണക്കേട് മറയ്ക്കാനാണ് കുടുംബം വ്യാജ പരാതി ഉന്നയിച്ചതെന്നും പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും ഇവര്‍ സുരക്ഷിതയാണെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് നോയിഡ ബദല്‍പുരില്‍ താമസിക്കുന്ന കുടുംബം മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പോലീസിനെ സമീപിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം പ്രഭാതസവാരിക്ക് പോയ മകളെ കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഇതിനുപിന്നാലെ കുടുംബവും പ്രദേശവാസികളും ബദര്‍പുരില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. പരാതിയില്‍ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധം ഉള്‍പ്പെടെ സംഘടിപ്പിച്ചത്.
സഹോദരിയെ തട്ടിക്കൊണ്ടുപോയതിന് ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട ഇളയസഹോദരി ഓരോ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. അക്രമികള്‍ക്കെതിരേ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെന്നും എന്നാല്‍ അവര്‍ ചേച്ചിയെ കാറിലേക്ക് തള്ളിയിട്ട് കടന്നുകളഞ്ഞെന്നുമായിരുന്നു ഇളയസഹോദരി പറഞ്ഞത്. ഇതോടെ തട്ടിക്കൊണ്ടുപോകപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണവും ഊര്‍ജിതമാക്കി.
എന്നാല്‍ വിശദമായ അന്വേഷണം നടക്കുന്നതിനിടെയാണ് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന പെണ്‍കുട്ടി ഒരുദിവസം മുമ്പേ വീട്ടില്‍നിന്ന്പോയിരുന്നതായും ആണ്‍സുഹൃത്തിനൊപ്പമാണ് പോയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ കുടുംബം ഉന്നയിച്ച പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു.
കോളേജ് വിദ്യാര്‍ഥിനിയായ 20 വയസ്സുകാരി ബുധനാഴ്ച വൈകിട്ട് തന്നെ വീട് വിട്ടിറങ്ങിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പോയത്. പെണ്‍കുട്ടിയെ വെള്ളിയാഴ്ച രാവിലെ ഗോണ്ടയില്‍നിന്ന് കണ്ടെത്തിയെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടി മഥുര വഴി ബസിലാണ് ഗോണ്ടയിലെത്തിയത്. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പോയെന്ന് മനസിലാക്കിയതോടെ നാണക്കേട് ഭയന്നാണ് കുടുംബം തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മാവനായ ഡല്‍ഹി പോലീസിലെ ഒരു എ.എസ്.ഐ.യാണ് കള്ളക്കഥ മെനഞ്ഞതില്‍ പ്രധാനിയെന്നും അച്ഛനും മുത്തച്ഛനും ഇതില്‍ പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജ പരാതി നല്‍കി കബളിപ്പിച്ചതിനും റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനും ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
വിവാദമായ പരാതി വ്യാജമാണെന്ന് തെളിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിതമായനിലയില്‍ കണ്ടെത്തുകയും ചെയ്ത അന്വേഷണസംഘത്തിന് ഉത്തര്‍പ്രദേശ് ഡി.ജി.പി. ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: twist in college student kidnap case noida police says family cooked up fake kidnap story


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..