അഖിലിന്റെയും അച്ഛൻ സുനിൽകുമാറിന്റെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന ബന്ധുക്കൾ
പൂജപ്പുര: മകള്‍ക്കു ദുരിതംമാത്രം നല്‍കിയ വിവാഹബന്ധം വേണ്ടെന്നുള്ള ഉറച്ച തീരുമാനം എടുത്തപ്പോള്‍ ഒരു കുടുംബത്തിന്റെ അത്താണികളാണ് നഷ്ടമായത്. മുടവന്‍മുകളില്‍ ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ യുവാവ്, ഭാര്യയുടെ അച്ഛനെയും സഹോദരനെയും കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍നിന്നു ബന്ധുക്കളും നാട്ടുകാരും മുക്തരായിട്ടില്ല.
കൈതമുക്കിലെ സി.ഐ.ടി.യു. തൊഴിലാളിയായിരുന്ന സുനിലിന്റെ തണലിലാണ് ഭാര്യ ഷീനയും മകന്‍ അഖിലും മകള്‍ അപര്‍ണയും അപര്‍ണയുടെ ഒരുവയസ്സുള്ള കുഞ്ഞും കഴിഞ്ഞിരുന്നത്.
അഖിലിനു കുറച്ചുകാലം മുമ്പാണ് വിദേശത്ത് ജോലി കിട്ടിയത്. അടുത്തിടെ നാട്ടിലെത്തിയ അഖില്‍ മുടവന്‍മുകളില്‍ ഒറ്റിക്ക് താമസിക്കുന്ന വീടിനു സമീപത്തായി വീടുവാങ്ങാന്‍ അഡ്വാന്‍സ് കൊടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അടുത്തമാസം ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അഖില്‍.
ഭര്‍ത്താവ് അരുണിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് അപര്‍ണ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുവന്നത്. അരുണ്‍ പതിവായി അപര്‍ണയെ മര്‍ദിക്കാറുണ്ടായിരുന്നതായി പറയുന്നു. അപര്‍ണയെ കൂടെക്കൊണ്ടുപോകണമെന്ന ആവശ്യവുമായാണ് ചൊവ്വാഴ്ച ഇയാള്‍ എത്തിയത്. സുനിലും അഖിലും ഇത് എതിര്‍ത്തപ്പോഴുണ്ടായ തര്‍ക്കത്തിനിടെയാണ് അരുണ്‍ ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയത്.
സംഭവം നടന്ന് അല്‍പസമയത്തിനകംതന്നെ പോലീസ് അരുണിനെ പിടികൂടി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൈതമുക്കിലെ സി.ഐ.ടി.യു. ഓഫീസില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..