ഹരിഹരവർമ
തിരുവനന്തപുരം: കൊലക്കേസിലെ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടും കൊല്ലപ്പട്ടതാരാണെന്ന് ഉറപ്പാക്കാന്‍ കഴിയാത്ത അപൂര്‍വ കേസുകളിലൊന്നാണ് ഹരിഹരവര്‍മ കൊലക്കേസ്. കൊല്ലപ്പെട്ട ഹരിഹരവര്‍മ ആരാണെന്നത് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും പോലീസിനു കണ്ടെത്താനായിട്ടില്ല. മരണം വലിയ വിവാദമായിട്ടും രണ്ട് ഭാര്യമാരല്ലാതെ ഒരു ബന്ധുവിനെപ്പോലും തിരിച്ചറിഞ്ഞിട്ടില്ല. ഇത് ഇയാളുടെ ശരിയായ പേരാണോ?. എവിടെ ജനിച്ചു?. മാതാപിതാക്കള്‍ ആര്? മുന്കാലമെന്ത്? കോടതികള്‍ തന്നെ ഹരിഹരവര്‍മയുടെ ഭൂതകാലം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മൂന്നുതവണ നിര്‍ദേശിച്ചു. പോലീസ് ഇന്ത്യ മുഴുവന്‍ അന്വേഷിച്ചു. പക്ഷേ, ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ഹരിഹരവര്‍മ ആരെന്നത് കണ്ടെത്താനായിട്ടില്ല. ഇപ്പോഴും ഈ ഫയല്‍ പോലീസ് ക്ലോസ് ചെയ്തിട്ടുമില്ല. ഈ അപൂര്‍വ കേസിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
കൊലപാതകം
2012 ഡിസംബര്‍ 24-ന് ഉച്ചയ്ക്ക് 12 ഓടെയാണ് സുഹൃത്ത് അഡ്വ. ഹരിദാസിന്റെ നെട്ടയം പുതൂര്‍ക്കോണത്തെ കേരള നഗറിലുള്ള വീട്ടില്‍വെച്ച് ഹരിഹരവര്‍മ കൊല്ലപ്പെടുന്നത്. രത്നവ്യാപാരിയായിരുന്ന വര്മയില്നിന്നു രത്നങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ സംഘത്തിന്റെ മോഷണശ്രമത്തിനിടെയാണ് കൊലപാതകമുണ്ടായത്. ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഹരിഹരവര്‍മ ബഹളം വച്ചപ്പോള്‍ കഴുത്തിലും മുഖത്തും അമര്‍ത്തിപ്പിടിച്ചു. ഇതാണ് മരണകാരണമായത്.
ഹരിഹരവര്‍മ പറഞ്ഞിരുന്നത്
മാവേലിക്കര, പൂഞ്ഞാര്‍ രാജകുടുംബാംഗമാണെന്നാണ് ഇയാള്‍ പരിചയക്കാരോടെല്ലാം മാറിമാറി പറഞ്ഞിരുന്നത്. ആദ്യ ഭാര്യയോടും കുടുംബത്തോടും മാവേലിക്കര രാജകുടുംബാംഗമെന്നും രണ്ടാം ഭാര്യയോട് പൂഞ്ഞാര്‍ രാജകുടുംബാംഗമെന്നും പറഞ്ഞിരുന്നു. അച്ഛന്റെ പേര് ഭാസ്കരവര്‍മ എന്നാണെന്നും പറഞ്ഞിരുന്നു. ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. രണ്ട് രാജകുടുംബങ്ങളുടെ തായ് വഴികളിലും ഇങ്ങനെ ഒരാളില്ല. രണ്ട് വിവാഹം കഴിച്ച ഹരിഹരവര്‍മയുടെ അവസാനത്തെ 12 വര്‍ഷത്തെ ജീവിതം മാത്രമേ എല്ലാവര്ക്കും അറിയാവൂ. 2001-ലാണ് കടയ്ക്കാവൂര്‍ സ്വദേശിനിയായ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വിവാഹം കഴിക്കുന്നത്. 2010-ല്‍ പാലക്കാട് സ്വദേശിനിയായ സ്ത്രീയേയും രഹസ്യമായി വിവാഹം കഴിച്ചു. രണ്ടുപേര്‍ക്കും ഹരിഹരവര്‍മയുടെ ബന്ധുക്കളെക്കുറിച്ച് അറിയില്ല. ബന്ധുക്കളോട് അകന്നുകഴിയുകയാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. രത്നവ്യാപാരത്തെക്കുറിച്ച് ഇരുഭാര്യമാര്ക്കും അറിയില്ല. ആദ്യ ഭാര്യയുമൊത്ത് വട്ടിയൂര്‍ക്കാവില്‍ വാടകയ്ക്കു താമസിക്കുമ്പോഴാണ് കൊല്ലപ്പെടുന്നത്. കമ്പം, തേനി ഭാഗത്ത് 2000 ഏക്കര്‍ തോട്ടമുണ്ടെന്നും ഭാര്യമാരോട് ഇയാള്‍ പറഞ്ഞിരുന്നു.
സ്കൂള്‍ സര്‍ട്ടിഫിക്കറ്റും വ്യാജം
ഹരിഹരവര്‍മയുടെ വീട്ടില്‍നിന്നു ലഭിച്ച സ്കൂള്‍ സര്‍ട്ടിഫിക്കറ്റായിരുന്നു അന്വേഷണം തുടങ്ങിയ പോലീസിന്റെ ആദ്യ പിടിവള്ളി. കൊച്ചിയിലെ ഗുജറാത്തി സ്കൂളിലെ സര്‍ട്ടിഫിക്കറ്റ് പക്ഷേ, വ്യാജമായിരുന്നു. ഈ സ്കൂളില്‍ ഇങ്ങനെയൊരു വിദ്യാര്‍ഥി പഠിച്ചിട്ടില്ലെന്ന് കണ്ടെത്തി. പാസ്പോര്‍ട്ടിലെ വിലാസം തേടിയായിരുന്നു അടുത്ത യാത്ര. കോയമ്പത്തൂരിലെ മേല്വിലാസത്തില്നിന്നാണ് ആദ്യ പാസ്പോര്‍ട്ട് എടുത്തത്. രാമനാഥപുരത്തെ കരുണാനിധി നഗറിലെ വാടകവീടിന്റെ മേല്‍വിലാസമാണ് ഉപയോഗിച്ചത്. ഇവിടെ 17 ഉം 18 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമായി താമസിച്ചിരുന്നു. ഇവര്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥികളാണെന്ന് വിവരം ലഭിച്ചതിനെ ത്തുടര്‍ന്ന് കോയമ്പത്തൂരും ഊട്ടിയിലുമെല്ലാം പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഈ പെണ്കുട്ടികളെപ്പറ്റിയോ ഹരിഹരവര്മയെക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല. ഹരിഹരവര്‍മയുടെ വീട്ടില്‍ നിന്നും നിരവധിപേരുടെ തിരിച്ചറിയില്‍ കാര്‍ഡുകളുടെ പകര്‍പ്പുകളും ലഭിച്ചിരുന്നു. ഇവരെയെല്ലാം ചോദ്യംചെയ്തെങ്കിലും വര്‍മയെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും ലഭിച്ചില്ല. ഹരിഹരവര്‍മ രാജകുടുംബാഗമല്ലെന്നും കോയമ്പത്തൂര്‍ സ്വദേശി ഭാസ്കരന്റെ മകനാണെന്നും രത്നങ്ങള്‍ ഏതോ തട്ടിപ്പുവഴിയില് വര്‍മയുടെ കൈയില്‍ എത്തിയതാണെന്നും കേസ് വാദത്തിനിടയില്‍ ഒന്നാം പ്രതി ജിതേഷ് പറഞ്ഞിരുന്നു.
കൈവശം യഥാര്‍ഥ രത്നങ്ങളും
നിരവധി ദുരൂഹതകളാണ് ഹരിഹരവര്‍മയെ ചുറ്റിപ്പറ്റിയുള്ളത്. വിലപിടിപ്പുള്ള രത്നങ്ങളും വ്യാജരത്നങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. വര്‍മ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും വാടകവീട്ടില്‍ നിന്നും കണ്ടെടുത്ത രത്നങ്ങളെല്ലാം വിലകുറഞ്ഞ വ്യാജ കല്ലുകളായിരുന്നു. അതേസമയം വര്‍മയില്‍ നിന്നു പ്രതികള്‍ മോഷ്ടിച്ച 3647 രത്നങ്ങളില്‍ 3306 എണ്ണം പ്രകൃതിദത്ത രത്നങ്ങള്തന്നെയായിരുന്നു. മരതക ഗണപതി, ശംഖ് തുടങ്ങിയവയ്ക്കെല്ലാംകൂടി 70 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കേസിനുശേഷം കണ്ടെത്തിയത്. തന്റെ കൈയിലുള്ള അമൂല്യ വസ്തുക്കള്‍ക്ക് 300 കോടി വിലവരുമെന്നാണ് വര്‍മ പറഞ്ഞിരുന്നത്. മുമ്പും രത്നക്കച്ചവടം നടത്തിയിരുന്നു. രത്നവ്യാപാരികളുമായി ഇടപാടുകളുമുണ്ടായിരുന്നു. അതുപോലെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പൂഞ്ഞാര്‍ രാജകുടുംബത്തിലെ ട്രസ്റ്റിയാണെന്നുള്ള രേഖ, രത്നങ്ങളുടെ വില അടങ്ങിയ ചാര്ട്ടുള്, രത്നങ്ങളുടെ മൂല്യം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം വ്യാജമായി ഉണ്ടാക്കിയവയാണ്. സ്വന്തം ഫോട്ടോയെടുക്കാന്‍ പുറത്തുള്ള ആരേയും അനുവദിച്ചിരുന്നില്ല.
അഞ്ച് പ്രതികള്‍
സുഹൃത്ത് ഹരിദാസിനെ പോലീസ് പ്രതി ചേര്‍ത്തെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വിട്ടയച്ചു. മൂന്ന് വിദ്യാര്‍ഥികളടക്കം അഞ്ച് പ്രതികളെ ശിക്ഷിച്ചു. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നുവെന്നും മോഷണശ്രമത്തിനിടെ സംഭവിച്ചുപോയതാണെന്നും പ്രതികള്‍ മൊഴിനല്‍കിയിരുന്നു. ഒമ്പത് ദിവസത്തിനകം പ്രതികളെ പിടികൂടി തൊണ്ടിമുതല്‍ പിടിച്ചെടുത്ത പഴുതടച്ച അന്വേഷണത്തിന് അന്വേഷണസംഘം തലവനായിരുന്ന അന്നത്തെ ക്രൈം ഡിറ്റാച്ച്മെന്റ് എ.സി. കെ.ഇ.ബൈജുവിനെ കോടതിയും അഭിനന്ദിച്ചിരുന്നു. പ്രതികളെ കുടുക്കുന്നതില്‍ പോലീസ് വിജയിച്ചെങ്കിലും കൊല്ലപ്പെട്ട ആളെ തിരിച്ചറിയുന്നതില്‍ പോലീസ് പരാജയപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..