-
അഗളി: അട്ടപ്പാടി മുക്കാലി അമ്പലക്കുന്നില്‍ ആദിവാസിവീട്ടമ്മയെ കഴുത്തുമുറുക്കി കൊല്ലപ്പെട്ടനിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. അമ്പലക്കുന്നിലെ ശാന്തയുടെ (31) മൃതദേഹമാണ് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്ത് വരിഞ്ഞുമുറുക്കിയനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത മുറിയില്‍ ഭര്‍ത്താവ് ചന്ദ്രനെ (ചാത്തന്‍-44) തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. ശാന്തയുടെ രണ്ടാംവിവാഹമാണിത്.
കുടുംബവഴക്കിനെത്തുടര്‍ന്നാണ് സംഭവമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ നാലോടെയാണ് സംഭവം. ശാന്ത-ചന്ദ്രന്‍ ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തമകന്‍ മനോജ് (9), ഒന്നരവയസ്സുള്ള പെണ്‍കുട്ടി സുനി എന്നിവര്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇവരെ പുലര്‍ച്ചെ വീടിന് പുറത്താക്കിയെന്നാണ് അറിയുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു മകന്‍ രമേഷ് (8) ശാന്തയുടെ ആദ്യവിവാഹത്തിലുള്ള മകള്‍ ദേവകിയുടെ വീട്ടിലായിരുന്നു. ദേവകി വിവാഹം കഴിഞ്ഞ് അമ്പലക്കുന്നിലെ മറ്റൊരുവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ നാലോടെ മനോജ് ഇളയകുട്ടി സുനിയെയെടുത്ത് ചേച്ചി ദേവകിയുടെ വീട്ടിലെത്തി. സഹോദരീഭര്‍ത്താവ് രാജനോട് അമ്മ മരിച്ചെന്ന് പറഞ്ഞു. ഇതേത്തുടര്‍ന്ന് രാജന്‍ കരുവാര ഊരിലെത്തി ഒരു ബന്ധുവിനൊപ്പം ശാന്തയുടെ വീട്ടിലെത്തി. വീട് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മുറിക്കകത്ത് ശാന്തയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ അടുത്ത മുറിയില്‍ ചന്ദ്രനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയെന്നാണ് രാജന്‍ പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. ദമ്പതിമാര്‍ തമ്മില്‍ കലഹമുണ്ടാകാറുള്ളതായി സമീപവാസികള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് പാലക്കാട്ടുനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ഭാര്യയെ പ്ലാസ്റ്റിക് കയറുപയോഗിച്ച് കൊലപ്പെടുത്തിയശേഷം ചന്ദ്രന്‍ ആത്മഹത്യചെയ്തതായാണ് നിഗമനമെന്നും കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ പറയാന്‍ കഴിയൂയെന്നും അഗളി സി.ഐ. ഹിദായത്തുള്ള മാമ്പ്ര പറഞ്ഞു.
ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൂന്നുമണിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈ.എസ്.പി. സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: tribal woman killed by husband in attappadi, after murder husband commits suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..