തല മുതല്‍ കാല്‍ വരെ മുറിവുകള്‍; ആരാണ് ആന്റണി, എന്തിന് ഫ്‌ളാറ്റ് പൂട്ടി മുങ്ങി? അടിമുടി ദുരൂഹത


Screengrab: Mathrubhumi News

കൊച്ചി: തൃക്കാക്കരയില്‍ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹത. കുട്ടി സ്വയം പരിക്കേല്‍പ്പിച്ചതാണെന്ന അമ്മയുടെ മൊഴിയും എന്നാല്‍ ഇവരോടൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന യുവാവ് മുങ്ങിയതുമാണ് പോലീസിനെ കുഴക്കുന്നത്. അതേസമയം, മാരകമായി പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. കുട്ടി നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍ എത്തിച്ചത് ഞായറാഴ്ച രാത്രി...

ഞായറാഴ്ച രാത്രിയാണ് കാക്കനാട് തെങ്ങോട് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീരമാസകലം മുറിവുകളേറ്റ നിലയിലായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പഴങ്ങനാട്ടെ ആശുപത്രിയില്‍നിന്ന് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുട്ടിയ്ക്ക് മര്‍ദനമേറ്റെന്ന സംശയത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിച്ചത്. എന്നാല്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ആശുപത്രിയിലെത്തിയ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴി. ഹൈപ്പര്‍ ആക്ടീവായ കുട്ടി, സ്വയം മുറിവേല്‍പ്പിച്ചെന്നാണ് അമ്മ ആവര്‍ത്തിച്ചുപറയുന്നത്. എന്നാല്‍ ഹൈപ്പര്‍ ആക്ടീവാണെങ്കിലും മൂന്നുവയസ്സുകാരിക്ക് നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേല്‍പ്പിക്കാന്‍ കഴിയുമോ എന്നതാണ് പോലീസിന്റെ സംശയം. മാത്രമല്ല, ദേഹത്തെ മുറിവുകള്‍ക്ക് പഴക്കമുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കുട്ടിയുടെ തലമുതല്‍ കാല്‍ വരെ പലരീതിയിലുള്ള മുറിവുകളുണ്ട്. തലയ്ക്കകത്തും പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ഇടതുകൈയില്‍ കൈപ്പത്തിക്ക് മുകളിലും മുട്ടിനടുത്തുമായി രണ്ടിടത്ത് ഒടിവുണ്ട്. ശരീരത്തില്‍ പലയിടത്തും പൊള്ളലേറ്റ പാടുകളുമുണ്ട്.

പരസ്പരവിരുദ്ധമായ മൊഴികള്‍, അടിമുടി ദുരൂഹത...

കുട്ടിക്ക് അപസ്മാരം വന്ന് വീണപ്പോള്‍ ഉണ്ടായ മുറിവെന്നാണ് കുട്ടിയുടെ അമ്മയും മുത്തശ്ശിയും ആദ്യം പറഞ്ഞത്. പിന്നീടാണ് കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും ബാധ കയറിയതാണെന്നും തിരുത്തിപ്പറഞ്ഞത്. കുട്ടി മുകളില്‍നിന്ന് സ്വയം എടുത്തുചാടിയതാണെന്നും ഇവര്‍ പറഞ്ഞിരുന്നു. കുന്തിരിക്കം കത്തിച്ചപ്പോഴാണ് ശരീരത്തില്‍ പൊള്ളലേറ്റതെന്നും മൊഴി നല്‍കി. എന്നാല്‍ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികളില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, ഇവരോടൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന യുവാവിനെ കാണാതായതിലും ദുരൂഹത നിലനില്‍ക്കുകയാണ്. ഇയാള്‍ കുട്ടിയുടെ മാതൃസഹോദരിയുടെ പങ്കാളിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. പരിക്കേറ്റ കുട്ടിക്കൊപ്പം അമ്മയും മുത്തശ്ശിയും മാതൃസഹോദരിയും ഇവരുടെ പങ്കാളിയെന്ന് പറയുന്ന യുവാവും 11 വയസ്സുള്ള മറ്റൊരു കുട്ടിയുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.

ആരാണ് ആന്റണി ടിജിന്‍, ഫ്‌ളാറ്റ് പൂട്ടി മുങ്ങി...

ആന്റണി ടിജിന്‍ എന്നാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന യുവാവിന്റെ പേര്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ ജോലി രാജിവെച്ചെന്നും പറഞ്ഞാണ് ഇയാള്‍ കാക്കനാട് തെങ്ങോട് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. അടുത്തുതന്നെ താന്‍ വിദേശത്തേക്ക് പോകുമെന്നും ഇയാള്‍ ഫ്‌ളാറ്റുടമയോട് പറഞ്ഞിരുന്നു. എന്നാല്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന ആന്റണിയുടെ അവകാശവാദം വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഫ്‌ളാറ്റ് പൂട്ടി മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍....

ഇതിനിടെ, കുട്ടിയും കുടുംബവും താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് വേഗത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ആന്റണി ടിജിന്‍ ഫ്‌ളാറ്റിലേക്ക് വരുന്നതും പിന്നീട് സാധനങ്ങളെടുത്ത് ഫ്‌ളാറ്റ് പൂട്ടി കാറില്‍ പുറത്തേക്ക് പോകുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാള്‍ ഫ്‌ളാറ്റില്‍നിന്ന് സാധനങ്ങളുമായി പുറത്തേക്ക് പോയത്. പരിക്കേറ്റ കുട്ടിയുടെ മാതൃസഹോദരിക്കൊപ്പം എത്തിയാണ് ഇയാള്‍ ഫ്‌ളാറ്റില്‍നിന്ന് സാധനങ്ങളുമായി പോയത്. മറ്റൊരു ആണ്‍കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

അന്വേഷണം ഊര്‍ജിതം, എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍...

മൂന്നുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പ്രതികരിച്ചത്. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണ്. എല്ലാവരുടെയും പങ്ക് അന്വേഷിക്കുന്നുണ്ട്. ഒപ്പം താമസിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കുട്ടിക്ക് മര്‍ദനമേറ്റതാണെങ്കില്‍ അതിന്റെ കാരണമടക്കം കണ്ടെത്തേണ്ടതുണ്ട്. കുട്ടിയില്‍നിന്ന് വിവരം ശേഖരിക്കാന്‍ ആരോഗ്യവിദഗ്ധരുടെ സഹായം തേടുമെന്നും അന്വേഷണത്തില്‍ അല്പം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്ന കുറ്റത്തിന് ബാലനീതി വകുപ്പ് പ്രകാരം അമ്മയ്‌ക്കെതിരേ മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ മര്‍ദനമേറ്റെന്ന് കണ്ടെത്തുകയാണെങ്കില്‍ മറ്റുവകുപ്പുകള്‍ പ്രകാരവും കേസെടുക്കും. കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ അവരെയും പ്രതികളാക്കും.


Content Highlights: toddler brutally injured in kochi police investigation is going on

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented