തൃശ്ശൂരിലെ ടാക്‌സി ഡ്രൈവറുടെ കൊലപാതകം: രണ്ട് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം


അനൂപിന്റെ ചിത്രങ്ങളുമായി മാതാപിതാക്കൾ. ഇൻസെറ്റിൽ പ്രതികളായ നൗഫലും സെബാസ്റ്റ്യൻ ജോസഫും | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ: ഓട്ടം വിളിച്ചുകൊണ്ടുപോയി ടാക്സി ഡ്രൈവറെ കൊന്ന് കാട്ടിൽ തള്ളിയശേഷം വാഹനവും സ്വർണവും പണവും കവർന്ന കേസിലെ രണ്ട് പ്രതികളെ ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പട്ടിക്കാട്, താണിപ്പാടം ചിറ്റേത്ത് അബ്രഹാമിന്റെയും മേരിയുടെയും മകൻ അനൂപ് (25) കൊല്ലപ്പെട്ട കേസിലാണ് വിധി. തിരുവനന്തപുരം പുല്ലുവിള കാക്കത്തോട്ടം കോളനിയിൽ സെബാസ്റ്റ്യൻ ജോസഫ് (ബിജു-41), മലപ്പുറം മക്കരപ്പറമ്പ ചേരിക്കത്തൊടി നൗഫൽ (40) എന്നിവരെയാണ് അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.

കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് പ്രത്യേകം ജീവപര്യന്തം. ഇതുകൂടാതെ 17 കൊല്ലം കഠിനതടവിനും മൂന്നുലക്ഷം വീതം പിഴയ്ക്കും ശിക്ഷിച്ചിട്ടുണ്ട്. കവർച്ച നടത്തിയതിന് 10 കൊല്ലവും തെളിവ് നശിപ്പിച്ചതിന് ഏഴുകൊല്ലവും ചേർത്താണ് 17 കൊല്ലത്തെ കഠിനതടവ്. ശിക്ഷകളെല്ലാം പ്രത്യേകംതന്നെ അനുഭവിക്കണം.

പിഴയടയ്ക്കാത്തപക്ഷം മൂന്നുവർഷം അധികം കഠിനതടവ് അനുഭവിക്കേണ്ടിവരും. 2011 നവംബർ ഒന്നിനാണ് അനൂപിനെ പ്രതികൾ രണ്ടുപേരും ചേർന്ന് കൊലപ്പെടുത്തിയത്. എറണാകുളത്ത് ശ്രീദുർഗാ ട്രാവൽസ് എന്ന സ്ഥാപനത്തിൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വന്തം വാഹനം ഓടിക്കുകയായിരുന്നു അനൂപ്. പ്രതികൾ താമസിച്ചിരുന്ന കൊച്ചിയിലെ ലോഡ്ജിലേക്ക് പുലർച്ചെ മൂന്നിന് അനൂപിനെ ട്രാവൽ ഏജൻസി വഴി വിളിച്ചുവരുത്തുകയായിരുന്നു. വടകരയ്ക്ക് ഓട്ടം പോകണമെന്നാണ് പറഞ്ഞത്. ഓട്ടത്തിനിടെ പുതുക്കാട്ടുവെച്ച് നൗഫൽ അനൂപിന്റെ കഴുത്തിൽ തോർത്തുമുണ്ടിട്ട് മുറുക്കി. തുടർന്ന് സെബാസ്റ്റ്യൻ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അനൂപിന്റെ ശരീരത്തിൽ ഗുരുതരമായ 27 മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹം കുതിരാൻ ഇരുമ്പുപാലത്തിനു സമീപത്തുള്ള പെരുംതുമ്പ റിസർവ് വനത്തിൽ ഉപേക്ഷിച്ചു.

അനൂപിന്റെ വാഹനവും സ്വർണമാലയും പഴ്സും കവർച്ചചെയ്ത പ്രതികൾ മഞ്ചേരിയിലെത്തിയപ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന അവിടത്തെ എസ്.ഐ. വി. ബാബുരാജനുണ്ടായ സംശയമാണ് കൊലപാതകം പുറത്തറിയാൻ ഇടയാക്കിയത്. ചോദ്യംചെയ്യുന്നതിനിടെ വാഹനത്തിൽ രക്തക്കറയും കണ്ടു. പ്രതികളിൽനിന്ന് കണ്ടെടുത്ത അനൂപിന്റെ സ്വർണമാലയും മൊബൈലും പഴ്സും സഹോദരൻ അനീഷും മറ്റു സാക്ഷികളും കോടതിയിൽ തിരിച്ചറിഞ്ഞ് മൊഴി നൽകി.

മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തുനിന്ന് അനൂപിന്റെ വീട്ടിലേക്ക് നാലുകിലോമീറ്റർ മാത്രമായിരുന്നു ദൂരം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഭിഭാഷകരായ അമീർ, കെ.എ. അജിത്ത് മാരാത്ത് എന്നിവരാണ് ഹാജരായത്.

അനൂപിന് പകരമാവില്ല ഒന്നും

താണിപ്പാടം: ''കരൾ പറിയുന്ന വേദനയോടെയല്ലാതെ ആ ദിവസം ഓർക്കാൻ കഴിയില്ല. നാട്ടുകാരും ബന്ധുക്കളുമെല്ലാം രാവിലെത്തന്നെ വീട്ടിലെത്തിയപ്പോൾ നല്ലതല്ലാത്ത എന്തോ നടന്നുവെന്ന് മനസ്സിലായി. മകൻ പോയത് ആ സമയത്ത് ഞങ്ങളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങൾക്ക് സംഭവിച്ച നഷ്ടത്തിന് പകരമാവില്ല ഒന്നും. എങ്കിലും കൊലപാതകികൾക്ക് കിട്ടിയ ശിക്ഷയിൽ സംതൃപ്തിയുണ്ട്''-കൊല്ലപ്പെട്ട അനൂപിന്റെ പിതാവ് ചിറ്റേത്ത് അബ്രഹാമിന്റെ വാക്കുകളാണിത്.

മകനെപ്പറ്റി പറയുമ്പോൾ അബ്രഹാമും ഭാര്യ മേരിയും പലപ്പോഴും വിങ്ങിപ്പൊട്ടി. 25 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോൾ അനൂപിന്റെ പ്രായം. ഖത്തറിൽ ഒന്നരവർഷം ജോലിചെയ്തതിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്നതായിരുന്നു. ആ സമയത്ത് അനൂപിന്റെ ആഗ്രഹത്തിനനുസരിച്ച് പുതിയ വീട് പണിതു. അപ്പോഴാണ് ഗൾഫിലേക്ക് മികച്ച അവസരം ലഭിക്കുന്നത്. എന്നാൽ, കുറച്ച് കാലതാമസം നേരിട്ടു.

ഈ സമയത്ത് വെറുതേയിരിക്കണ്ട എന്നു കരുതിയാണ് മകന് അബ്രഹാം കാർ വാങ്ങിക്കൊടുത്തത്. എറണാകുളം ജില്ലയിൽനിന്ന് അകലെ, മൃതദേഹം തള്ളാൻ പ്രതികൾ തിരഞ്ഞെടുത്തത് കുതിരാൻ മേഖലയായിരുന്നു. മൃതദേഹം കൊണ്ടുപോയത് അനൂപിന്റെ പുതിയ വീടിന് മുന്നിലൂടെയായിരുന്നു. ഈ സമയത്ത് തങ്ങൾ സുഖമായി ഉറങ്ങുകയായിരുന്നുവെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് അബ്രഹാം പറഞ്ഞു. അനീഷാണ് അനൂപിന്റെ സഹോദരൻ.

വഴിത്തിരിവായത് ലാസ്റ്റ് സീൻ തിയറി

തൃശ്ശൂർ: താണിപ്പാടം സ്വദേശി അനൂപ് കൊലക്കേസിലെ വിധി ജില്ലയിൽ അടുത്തിടെയുണ്ടായ കോടതിവിധികളിൽ വേറിട്ടുനിൽക്കുന്നു. വിവിധ വകുപ്പുകളിൽ ഉൾപ്പെടുത്തി ശിക്ഷ വിധിക്കാറുണ്ടെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് ഭൂരിഭാഗം വിധികളിലും ഉണ്ടാവാറുള്ളത്. എന്നാൽ, ഈ കേസിൽ ശിക്ഷിക്കപ്പെട്ട സെബാസ്റ്റ്യൻ ജോസഫും നൗഫലും അനുഭവിക്കേണ്ടിവരുക 41 കൊല്ലത്തെ കഠിനതടവാണ്. ഇരട്ടജീവപര്യന്തത്തിന്റെ 24 കൊല്ലവും അധികമായുള്ള 17 കൊല്ലവും ചേർത്താണിത്.

41-ഉം 40-ഉം വയസ്സുള്ളവരാണ് പ്രതികൾ. പ്രതികളും കൊല്ലപ്പെട്ടയാളും ഒന്നിച്ചുനിൽക്കുന്നത് അവസാനമായി കണ്ട സാക്ഷിയുടെ മൊഴിയാണ് കേസിലെ നിർണായകഘടകമായി കോടതി കണക്കിലെടുത്തത്. സാഹചര്യത്തെളിവുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ലാസ്റ്റ് സീൻ തിയറി'യാണ് ഇവിടെ പ്രോസിക്യൂഷൻ അവലംബിച്ചത്. ഇത്തരം ഒരു സന്ദർഭത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താൻ പ്രതികൾ ബാധ്യസ്ഥരാണെന്നതാണ് ലാസ്റ്റ് സീൻ തിയറി.

കൊല്ലപ്പെട്ടയാളെയും പ്രതികളെയും അവസാനമായി കണ്ട കൊച്ചിയിലെ ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റ് സഞ്ജീവ്ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിസ്താരത്തിന് പ്രതികൾക്ക് ഉത്തരം ഇല്ലായിരുന്നു. അനൂപിന്റെ രക്തംതന്നെയാണ് പ്രതികളുടെ വസ്ത്രത്തിലും ഉണ്ടായിരുന്നതെന്ന് ഡി.എൻ.എ. പരിശോധനയിലും തെളിഞ്ഞു.

ദൃക്സാക്ഷികളില്ലാത്ത കുറ്റകൃത്യത്തിൽ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയതെളിവുകളെയും ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ് നടത്തിയത്. 48 സാക്ഷികളെ വിസ്തരിച്ചു. 53 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി.

ബുധനാഴ്ച, വിധി പറയുന്നതിന്റെ തലേദിവസം പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുനിൽ കോവിഡ്ബാധിതനായി ആശുപത്രിയിലായി. ഇദ്ദേഹത്തിന്റെ ജൂനിയർമാരും നിരീക്ഷണത്തിലായി.

ഇക്കാരണത്താൽ, കേസുമായി ആദ്യംമുതൽ ഇടപെട്ടിരുന്ന പ്രോസിക്യൂഷൻ അഭിഭാഷകർ വിധി കേൾക്കാൻ കോടതിയിലുണ്ടായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേകം ചുമതലപ്പെടുത്തിയ ഒരു അഭിഭാഷകനാണ് ഹാജരായത്.

Content Highlights:thrissur taxi driver anoop murder case verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented