സിനിമയെ വെല്ലുന്ന രംഗങ്ങള്‍, വിമാനത്തിലെത്തി ട്രെയിന്‍ വളഞ്ഞ് പോലീസ്; കള്ളന്മാര്‍ കുടുങ്ങി


കെ.കെ. ശ്രീരാജ്

ബംഗാളിലെ ഉള്‍ഗ്രാമമായിരുന്നു ലക്ഷ്യം. അഞ്ചംഗസംഘത്തിന് അഞ്ച് പിസ്റ്റളുകളുണ്ട്. ജൂണ്‍ 24-ന് വൈകീട്ട് 6.30-നുള്ള ട്രെയിനില്‍ യാത്രയാരംഭിച്ചു. ലക്ഷ്യം ഷാലിമാര്‍.

പ്രതീകാത്മക ചിത്രം / മാതൃഭൂമി

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സംഘര്‍ഷങ്ങളുമായിരുന്നു ആ പോലീസ് യാത്രയില്‍. പൂങ്കുന്നം സ്വര്‍ണക്കവര്‍ച്ചയിലെ പ്രതികളെ തേടിയാണ് വെസ്റ്റ് സ്റ്റേഷന്‍ എസ്.ഐ. കെ.സി. ബൈജു, സി.പി.ഒ.മാരായ അഭീഷ് ആന്റണി, കെ.എസ്. അഖില്‍വിഷ്ണു, സി.എ. വിബിന്‍, പി.സി. അനില്‍കുമാര്‍ എന്നിവര്‍ പോയത്.

അവ്യക്ത സി.സി.ടി.വി. ദൃശ്യങ്ങള്‍, അതും മുഖം മൂടിയിട്ടവ. പൂങ്കുന്നത്തെ വീട്ടില്‍നിന്ന് നഷ്ടപ്പെട്ട 38.5 പവന്‍ കവര്‍ന്നവരെ തേടിയിറങ്ങിയപ്പോള്‍ അവരുടെ കൈയിലുണ്ടായിരുന്നത് ഇത്രമാത്രം.

വിലാസം കണ്ടെത്താന്‍ വഴിയില്ല. സംശയിക്കുന്നവരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്. അന്വേഷണം പലപ്പോഴും വഴിമുട്ടി. ഇടയ്ക്കിടെ തെളിഞ്ഞ കച്ചിത്തുരുമ്പില്‍ പിടിച്ചുകയറി. ഒടുവില്‍...

ജൂണ്‍ 16-ന് മോഷണം നടക്കുമ്പോള്‍ അന്വേഷണസംഘം മറ്റൊരു കേസുമായി തിരുവനന്തപുരത്താണ്. ബൈക്ക് മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് തൃശ്ശൂരിലെത്തിയ ഉടനെയാണ് പുതിയ ചുമതല. അടഞ്ഞുകിടന്ന വീടിന്റെ അഞ്ചടിയോളം വലുപ്പമുള്ള ജനല്‍ പൊളിച്ചായിരുന്നു പൂങ്കുന്നത്തെ മോഷണം.

ആദ്യപടിയായി സി.സി.ടി.വി. പരിശോധന. 88 സി.സി.ടി.വി.കള്‍ പരിശോധിക്കേണ്ടിവന്നു. പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങളാണ് ആരംഭംകുറിക്കാന്‍ സംഘത്തിന് സഹായകമായത്. അതേദിശയില്‍ വീണ്ടും വീണ്ടുമുള്ള പരിശോധനയില്‍ കുറുപ്പം റോഡിലെ ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് മനസ്സിലായി.

വിലാസവും ഫോണ്‍ നമ്പറും

ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പറും കിട്ടാന്‍ പ്രയാസമുണ്ടായില്ല. കൃത്യമായ വഴിയെന്ന പ്രതീക്ഷയ്ക്ക് വേഗം മങ്ങലേറ്റു. കാരണം സംഭവത്തിനുശേഷം ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. വിലാസമാണെങ്കില്‍ അപൂര്‍ണം. ബംഗാള്‍, 24 ഫര്‍ഗാന എന്നു മാത്രമാണ് വിലാസത്തിലുണ്ടായിരുന്നത്. ഫോണ്‍ കണക്ഷന്റെ മേല്‍വിലാസം കണ്ടെത്തിയപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി തെളിഞ്ഞു. പോലീസ് സ്റ്റേഷന്‍ പരിധിയുള്‍പ്പെടെ മനസ്സിലാക്കാനായി.

പിസ്റ്റളുമായി ബംഗാളിലേക്ക്...

ബംഗാളിലെ ഉള്‍ഗ്രാമമായിരുന്നു ലക്ഷ്യം. അഞ്ചംഗസംഘത്തിന് അഞ്ച് പിസ്റ്റളുകളുണ്ട്. ജൂണ്‍ 24-ന് വൈകീട്ട് 6.30-നുള്ള ട്രെയിനില്‍ യാത്രയാരംഭിച്ചു. ലക്ഷ്യം ഷാലിമാര്‍. കണ്ടെത്തിയ വിലാസം ബേജണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍. മൂന്നുദിവസം നീണ്ട യാത്രയ്‌ക്കൊടുവില്‍ രാത്രി പത്തിനാണ് ബേജണ്ടയിലെത്തുന്നത്.

മോഷ്ടാവിന് പകരം വയോധികന്‍

ബേജണ്ട പോലീസിന്റെ സഹായത്തോടെ വിലാസം തേടി. രാത്രിയില്‍ പല വീടുകളില്‍ കയറിയിറങ്ങി. ഒടുവില്‍ വിലാസക്കാരനെ കണ്ടെത്തി, ഒരു വയോധികന്‍. വീണ്ടും വഴിമുട്ടി. പക്ഷേ പറ്റില്ലല്ലോ... അടുത്ത കച്ചിത്തുരുമ്പ് സിം നല്‍കിയയാളെ തിരിച്ചറിഞ്ഞുവെന്നതായിരുന്നു.

ആരുടെയൊക്കെയോ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പലര്‍ക്കും സിം കാര്‍ഡ് എടുത്തുകൊടുത്ത കഥയാണ് അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. അവിടെയത് സര്‍വസാധാരണവുമാണ്. പ്രതികളുടെ ഫോണ്‍ നമ്പറും അവ്യക്തചിത്രങ്ങളും കാണിച്ചുകൊടുത്തെങ്കിലും അയാള്‍ക്ക് അവരെ ഓര്‍ത്തെടുക്കാനായില്ല. അതോടെ വീണ്ടും തടസ്സം.

രാത്രി രണ്ടരയ്ക്ക് ആക്ടീവായ ഫോണ്‍

രാത്രി രണ്ടരയാണ്. പ്രതികളുടെ ഫോണിലേക്ക് വിളിച്ചിരുന്ന നമ്പര്‍ ആക്ടീവായി. അന്വേഷണസംഘമുണ്ടായിരുന്ന സ്ഥലത്തുനിന്ന് നാല് കിലോമീറ്റര്‍ അപ്പുറത്തുവെച്ചാണ് ഫോണ്‍ ആക്ടീവായത്. ഹിന്ദി അറിയാവുന്ന ആളെയും കൂട്ടി ഈ നമ്പറിന്റെ ഉടമയെത്തേടിയായി യാത്ര.

പുല്ലുമേഞ്ഞ വീടുകള്‍ക്കിടയിലൂടെ രണ്ട് വീടുകളില്‍ കയറി. കാര്യമുണ്ടായില്ല. മൂന്നാമത്തെ വീടുകയറിയപ്പോള്‍ ഒരു തുമ്പ് കിട്ടി. ഫോണ്‍ നമ്പറിന്റെ ഉടമ. നാലഞ്ചുവീട് അപ്പുറത്തുള്ള പണി തീരാത്ത വീട്ടിലെ ഒരാള്‍ തന്റെ ഫോണ്‍ വാങ്ങി വിളിച്ചിരുന്നെന്ന് അയാള്‍ അറിയിച്ചു. കൊള്ളസംഘവുമായി ബന്ധമുള്ള ആളായിരിക്കുമെന്ന ധാരണയില്‍ പണി നടക്കുന്ന വീട്ടിലേക്ക്.

തുണികളും കളിപ്പാട്ടങ്ങളുമെല്ലാം വില്‍ക്കുന്ന 15 പേര്‍ താമസിക്കുന്ന സ്ഥലം. റോഡിലൊന്നും വെളിച്ചമില്ല. സംഘം വീട്ടിലെത്തിയപ്പോള്‍ത്തന്നെ രണ്ടുപേര്‍ ഓടി കതകടച്ച് മുറിയില്‍ കയറിയിരിപ്പായി. തള്ളിത്തുറന്ന് അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. മുകളിലെ നിലയില്‍ ആറുമാസമായി രണ്ടുപേര്‍ താമസിക്കുന്നുണ്ടെന്ന വിവരം അവര്‍ നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ മുകള്‍നിലയിലുള്ളവരുമായി സാമ്യമുണ്ടെന്നും സമ്മതിച്ചു.

തെളിവ് ചെരിപ്പിന്റെ രൂപത്തില്‍

പോലീസ് മുകളിലേക്കു കയറി. തുണികളും മറ്റുമായിരുന്നു അവിടെ നിറയെ. ചിത്രപ്പൂട്ടുകളോടുകൂടിയ ഒരു മുറി അടച്ചിട്ടിരിക്കുന്നു. അതു തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴെയുള്ള ചെരിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. സി.സി.ടി.വി. ദൃശ്യങ്ങളിലൂള്ള അതേ ചെരിപ്പ്. പിന്നെ ഒന്നും നോക്കിയില്ല, വാതില്‍ പൊളിച്ചു. തീവണ്ടി ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. രാത്രി 7.30-നാണ് ഇവര്‍ മുറി വിട്ടതെന്ന് വീണ്ടുമുള്ള അന്വേഷണത്തില്‍ വ്യക്തമായി.

വീട്ടുടമയുടെ വീട്ടിലേക്ക്

അഞ്ചുപേരില്‍ മൂന്നുപേര്‍ ആ വീടിന് കാവല്‍നിന്നു. എസ്.ഐ.യും ഒരു പോലീസുകാരനും ഭാഷാസഹായിയായ ബംഗാളിയും ചേര്‍ന്ന് വീട്ടുടമയുടെ വീട്ടിലേക്ക്. ജീപ്പ് പോകില്ല. ഒന്നരക്കിലോമീറ്റര്‍ നടക്കണം. ചണംപാടങ്ങളും മറ്റുമുള്ള ചെറിയ വഴി. സമയം രാത്രി മൂന്ന്. പോലീസിനെക്കണ്ട് പലരും പിന്നാലെ പിടിച്ചു. എസ്.ഐ.യ്ക്കും പോലീസുകാരനും പിറകെ പത്തുപന്ത്രണ്ടുപേര്‍. വീട്ടുടമയ്ക്കും ഇവരെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു. നിരാശതന്നെ.

വെളിച്ചമായി പുതിയ നമ്പര്‍

ഈ നിരാശക്കിടയിലാണ് ഇവരുടെ മറ്റേതെങ്കിലും നമ്പര്‍ അറിയുമോയെന്ന് ഉടമയോട് ചോദിച്ചത്. പുതിയ നമ്പര്‍ കിട്ടി. ലൊക്കേഷന്‍ നോക്കി. വിശാഖപട്ടണം. ട്രെയിന്‍ റൂട്ടാണ് കാണിക്കുന്നത്. പ്രതികള്‍ തീവണ്ടിയാത്രയിലാണ്. അഞ്ചുപേരുംകൂടി ഹൗറ റെയില്‍വേ സ്റ്റേഷനിലെത്തി. ഏറെ പരിശ്രമിച്ചശേഷം ഇവര്‍ ഉദ്ദേശിക്കുന്ന തീവണ്ടികളിലെ യാത്രക്കാരുടെ വിവരങ്ങള്‍ കിട്ടി. ചെന്നൈ എക്‌സ്പ്രസിലെ എസ്. 10 കോച്ചില്‍ 16, 17 സീറ്റുകളില്‍ പ്രതികള്‍ യാത്രചെയ്യുകയാണ്. തീവണ്ടി ചെന്നൈയില്‍ എത്തുന്നതിനുമുമ്പ് അന്വേഷണസംഘത്തിന് അവിടെയെത്തണം.

ഇനി വിമാനയാത്ര

പ്രശ്നം കമ്മിഷണറെ വിളിച്ചുപറഞ്ഞു. വിമാനയാത്രയ്ക്ക് അനുമതി കിട്ടി. അപ്പോള്‍ മറ്റൊരു പ്രശ്നം. വിമാനത്തില്‍ ആയുധം കൊണ്ടുപോകാന്‍ മുന്‍കൂര്‍ അനുമതി വേണം. ഒടുവില്‍ ഒരാള്‍ ആയുധങ്ങളുമായി കേരളത്തിലേക്ക് തിരിച്ചുപോകാമെന്ന തീരുമാനത്തിലെത്തി. ബാക്കിയുള്ളവര്‍ വിമാനത്തില്‍ കയറി. അപ്പോള്‍ വിലങ്ങ് പ്രശ്നമായി. അതിനും വേണം അനുമതി. അപേക്ഷ കൊടുത്ത് വിലങ്ങ് കൊണ്ടുപോകാനുള്ള അനുമതി നേടിയെടുത്തു. അങ്ങനെ കൊല്‍ക്കത്തയില്‍നിന്ന് ചെന്നൈയിലേക്ക് വിമാനം കയറി.

തലനാരിഴയിട സമയം

തീവണ്ടി ചെന്നൈയില്‍ എത്തുന്ന സമയം 3.30. വിമാനമെത്തുന്നത് 2.30-നും. 2.30-ന് ചെന്നൈയില്‍ വിമാനമിറങ്ങി പോലീസ് എം.ജി.ആര്‍. റെയില്‍വെ സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചു. റെയില്‍വേ പോലീസ് സി.ഐ.യുമായി ബന്ധപ്പെട്ടു. തീവണ്ടി സ്റ്റേഷനില്‍ എത്തുന്നതിനുമുന്നെ നിര്‍ത്തിത്തരാന്‍ സാധിക്കുമോയെന്ന്. പക്ഷേ, അതു വിജയിച്ചില്ല.

സ്റ്റേഷന്‍ എത്തുന്നതിനുമുമ്പെ തീവണ്ടി വേഗം കുറയ്ക്കുമ്പോള്‍ ചാടിക്കയറാന്‍ തീരുമാനിച്ചു. കൂടെ റെയില്‍വേ പോലീസും. വണ്ടിയെത്താന്‍ 4.30 ആയതോടെ മുന്നൊരുക്കത്തിന് സമയവും കിട്ടി. പ്രതികളെ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. ആദ്യം ചെറുത്തുനില്‍ക്കാന്‍ നോക്കി. കാര്യങ്ങള്‍ നിഷേധിച്ചു. പേര് മാറ്റിപ്പറഞ്ഞു. പിന്നെ, വിലങ്ങുവെച്ച് ചോദ്യംചെയ്തപ്പോള്‍ ഇവര്‍ നടന്നതെല്ലാം പറഞ്ഞു. വീണ്ടും മോഷണം നടത്താന്‍ തൃശ്ശൂര്‍ ലക്ഷ്യമാക്കി പുറപ്പെട്ടതായിരുന്നു അവര്‍.

കുരിയച്ചിറ പള്ളിക്ക് അടുത്തുള്ള ഏതോ സ്ഥലമാണ് ലക്ഷ്യംവെച്ചിരുന്നതെന്നതിന്റെ സൂചനയും അവരില്‍നിന്നു കിട്ടി. ഇവരില്‍നിന്നു കിട്ടിയ തുണ്ടുകടലാസില്‍ പൂങ്കുന്നം എന്നും കുരിയച്ചിറ പള്ളി എന്നും എഴുതിയിരുന്നു. ഇതില്‍ പൂങ്കുന്നം എന്നെഴുതിയതിന് അടുത്തായി ഒരു അടയാളവും ഇട്ടിട്ടുണ്ടായിരുന്നു. ചെന്നൈയില്‍നിന്ന് ഇന്നോവയില്‍ തൃശ്ശൂരിലേക്ക്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.

സ്വര്‍ണം കിട്ടാന്‍ വീണ്ടും

അപ്പോഴും നഷ്ടപ്പെട്ട സ്വര്‍ണം കിട്ടിയിരുന്നില്ല. തൃശ്ശൂരിലെത്തിയതിന്റെ മൂന്നാംനാള്‍ വീണ്ടും സ്വര്‍ണം തേടി ബംഗാളിലേക്ക് പോയി. ഒരു പ്രതിയും കൂടെയുണ്ടായിരുന്നു. മൂന്നുദിവസത്തെ യാത്ര. ഉള്‍പ്രദേശത്തെ ചെറിയ സ്വര്‍ണക്കടയാണ് പ്രതി കാണിച്ചുകൊടുത്തത്. ഉച്ചസമയമായതിനാല്‍ അടച്ചിട്ട നിലയിലായിരുന്നു.

ഉടമയെത്തേടി വീട്ടിലേക്ക് നടന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. സ്വര്‍ണം വാങ്ങിയിരുന്നെന്നും പണം കൊടുത്തിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഭാര്യയുടെ സ്വര്‍ണം വീടുനിര്‍മാണത്തിനായി വില്‍ക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. സ്വര്‍ണം ഉടനെ തിരിച്ചുകിട്ടണമെന്നായി പോലീസ്. എട്ടുമണിക്ക് സ്വര്‍ണം എത്തിച്ചുതരാമെന്ന് ഉടമയും ഏറ്റു. പക്ഷേ, സ്വര്‍ണം കിട്ടിയപ്പോള്‍ 11 മണിയായി. ലോഹത്തിന്റെ പരിശോധനകൂടി നടത്തിയശേഷമാണ് സംഘം തിരിച്ചുപോന്നത്. പൂര്‍ണസംതൃപ്തിയോടെ...

Content Highlights: thrissur police robbery case investigation accused arrested from a train in chennai station

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented