പ്രതികളായ അമീറിനെയും അഷ്റഫിനെയും കൊലപാതകം നടന്ന പട്ടിപ്പറമ്പിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുന്നു | ഫോട്ടോ: മാതൃഭൂമി
തിരുവില്വാമല: കഞ്ചാവുകേസിലെ പ്രതി പാലക്കാട് ചുനങ്ങാട് അമ്പലപ്പാറ മുതിയറക്കത്തിൽ റഫീക്ക് (30) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി തണ്ടിലം കൂടശ്ശേരി അമീർ (32), കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് അഷ്റഫ് (34) എന്നിവരെയാണ് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി പൊന്നാനിയിലെ ബാറിൽ വെച്ചാണ് ഇരുവരേയും സാഹസികമായി കീഴ്പെടുത്തിയത്. അമീറിന്റെ പേരിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ കഞ്ചാവ് കടത്ത്, കളവ്, അടിപിടി കേസുകളുണ്ട്. അഷ്റഫ് പോലീസുകാരെ കുത്തിയ കേസുകളിലും ഇരുനൂറോളം മോഷണം, പിടിച്ചുപറി കേസുകളിലും പ്രതിയാണ്.
കഞ്ചാവുകേസിൽ ഒറ്റിയതിനും അമീറിന്റെ ഭാര്യയെ ശല്യം ചെയ്തതിനും പ്രതികാരമായാണ് കൊലനടത്തിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഞായറാഴ്ച രാത്രി പട്ടിപ്പറമ്പിലെ ഉമ്മറിന്റെ വാടകവീട്ടിൽ ഒത്തുചേർന്നു മദ്യപിച്ചു. അതിനുശേഷമാണ് കൊലപാതകം നടത്തിയത്. ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചും മൂർച്ചയുള്ള ആയുധമുപയോഗിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
റഫീക്കിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചിരുന്നത് ഇനിയും പിടിയിലാകാത്ത ഉമ്മറാണ്. ഇയാളുൾപ്പെടെ മറ്റ് രണ്ടു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ രക്തംപുരണ്ട വസ്ത്രങ്ങൾ ഉമ്മറിന്റെ വാടകവീട്ടിൽനിന്നും കണ്ടെത്തി.
പഴയന്നൂർ സി.ഐ. ജെ. നിസാമുദ്ദീൻ, എസ്.ഐ. കെ.ജി. ജയപ്രദീപ്, ക്രൈം സ്ക്വാഡ് എസ്.ഐ. കെ.എ. മുഹമ്മദ് അഷ്റഫ്, പി.സി. സുനിൽ, റാഫി, ബ്രിജേഷ്, സുനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അരങ്ങിൽ പോലീസും ക്രൈംബ്രാഞ്ചും അണിയറയിൽ നാർക്കോട്ടിക്
പ്രതികളെ പെട്ടെന്ന് പിടികൂടാനായതിൽ പോലീസ് സംഘത്തിനും ക്രൈം ബ്രാഞ്ചിനും പാലക്കാട് നാർക്കോട്ടിക് വിഭാഗത്തിനും തുല്യ പങ്കാണുള്ളത്. നാർക്കോട്ടിക് സ്ക്വാഡ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ നീക്കങ്ങൾ തുടക്കത്തിൽതന്നെ അറിയാൻ സാധിച്ചത് കേസിന് വഴിത്തിരിവായി. സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺവിളികളും പ്രതികളെ കണ്ടെത്താൻ സഹായിച്ചു.
Content Highlights:thrissur pazhayannur rafeek murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..