രാത്രി മുഴുവന്‍നീണ്ട ക്രൂരമര്‍ദനം; വീട്ടിലെത്തി വേദനകൊണ്ട് പുളഞ്ഞ് സഹര്‍; സദാചാരക്കൊല


രാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം വീട്ടില്‍നിന്നിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

സഹർ(ഇടത്ത്) സഹറിനെ മർദിക്കുന്ന സിസിടിവി ദൃശ്യം(വലത്ത്)

തൃശ്ശൂര്‍: ഒരിക്കല്‍കൂടി ജീവനെടുത്ത് സദാചാരഗുണ്ടാ ആക്രമണം. ഇത്തവണ തൃശ്ശൂര്‍ ചേര്‍പ്പ് ചിറയ്ക്കല്‍ തിരുവാണിക്കാവിലാണ് യുവാവിന് നേരേ സദാചാരഗുണ്ടാ ആക്രമണമുണ്ടായത്. സ്വകാര്യ ബസ് ഡ്രൈവറായ ചേര്‍പ്പ് സ്വദേശി സഹറിനാണ് സദാചാര ഗുണ്ടകളുടെ ക്രൂരമര്‍ദനത്തില്‍ ജീവന്‍നഷ്ടമായത്.

ഫെബ്രുവരി 18-ാം തീയതിയായിരുന്നു തിരുവാണിക്കാവിലെ ആക്രമണം. തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു സഹര്‍. ഫെബ്രുവരി 18-ന് രാത്രി വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം വീട്ടില്‍നിന്നിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സംഭവത്തിനുശേഷം പുലര്‍ച്ചെ തന്നെ സഹാര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ക്രൂരമര്‍ദനമേറ്റ് അവശനായിരുന്ന യുവാവ് വീട്ടിലെത്തി കിടന്നെങ്കിലും വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചു. ഇതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ വൃക്കകള്‍ ഉള്‍പ്പെടെ തകരാറിലായ യുവാവ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ക്രൂരമായ ആക്രമണം, നിര്‍ണായകമായി സിസിടിവി ദൃശ്യം...

പരിക്കേറ്റ് ചികിത്സ തേടിയ യുവാവില്‍നിന്ന് പോലീസ് ആദ്യം മൊഴിയെടുത്തെങ്കിലും നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് യുവാവ് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരുസംഘം മര്‍ദിച്ചെന്നായിരുന്നു മൊഴി നല്‍കിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തായ യുവതിയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറംഗസംഘം മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ ആയുധങ്ങളടക്കം ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളെല്ലാം പ്രദേശത്തെ താമസക്കാരാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പ്രതികളെല്ലാം ഒളിവില്‍, പിടികൂടാതെ പോലീസ്...

സഹറിനെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആറുപ്രതികളില്‍ ഒരാളെപ്പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.

കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വന്‍വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വിവിധകോണുകളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നു. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് വരെ ബസ് തൊഴിലാളികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

സദാചാരക്കാര്‍ ജീവനെടുത്തു മുന്‍പും...

സദാചാര ഗുണ്ടാ ആക്രമണത്തില്‍ ഇതിന് മുന്‍പും കേരളത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2011 നവംബറിലാണ് കോഴിക്കോട് മുക്കം കൊടിയത്തൂരില്‍ ഷഹീദ് ബാവ എന്ന 27-കാരന്‍ സദാചാരഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊടിയത്തൂരിലെ വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ ഒരുസംഘം വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസത്തിനുശേഷം മരിച്ചു. സംഭവത്തില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരുള്‍പ്പെടെ പത്തിലേറെ പ്രതികളുണ്ടായിരുന്നു. ഇതില്‍ ഒമ്പതുപേരെ കോഴിക്കോട് പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു.

2016 ജൂണില്‍ മലപ്പുറം മങ്കടയിലും സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കുന്നശ്ശേരി സ്വദേശിയായ നസീര്‍ ഹുസൈനെയാണ് പ്രദേശത്തെ ഒരുവീട്ടില്‍വെച്ച് സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാഷ്ട്രീയവിരോധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു.

2018 ജൂണിലാണ് സദാചാരഗുണ്ടാ ആക്രമണത്തിനിരയായ കൊട്ടാരക്കര സ്വദേശിയായ ശ്രീജിത്തിനെ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ഒരു യുവതിയുടെ വീട്ടിലെത്തിയതിന് സദാചാര ഗുണ്ടകള്‍ യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഈ സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടത്. സമാനമായ സംഭവം 2018 സെപ്റ്റംബറില്‍ മലപ്പുറത്തും ഉണ്ടായി.

മലപ്പുറം കുറ്റിപ്പാല സ്വദേശിയായ മുഹമ്മദ് സാജിദ്(23)ആണ് സദാചാര ഗുണ്ടാ ആക്രമണത്തിനിരയായതിന് പിന്നാലെ ജീവനൊടുക്കിയത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഒരുവീടിന് സമീപത്തുനിന്ന് സജാദിനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചിരുന്നു. യുവാവിനെ പിന്നീട് പോലീസിന് കൈമാറിയെങ്കിലും ആര്‍ക്കും പരാതിയൊന്നും ഇല്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. മര്‍ദിച്ചവര്‍ക്കെതിരേ യുവാവും പരാതി നല്‍കിയില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം മര്‍ദനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതോടെയാണ് യുവാവ് വീട്ടില്‍ ജീവനൊടുക്കിയത്.

Content Highlights: thrissur moral policing attack and murder case sahar moral police murder kerala moral policing

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented