ആര്യ
കൊടുങ്ങല്ലൂർ: നാലുമാസം മുമ്പ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. പി.യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്. ഏങ്ങണ്ടിയൂർ ആയിരംകണ്ണി സ്വദേശി ചക്കുംകേരൻ സുദർശനന്റെ മകൾ ആര്യ(21)യെയാണ് കഴിഞ്ഞ ഫെബ്രുവരി 26-ന് ഭർത്താവ് എടവിലങ്ങ് കാര പടിഞ്ഞാറുഭാഗത്തുള്ള ആലപ്പാട്ട് ഷിജിൻ ബാബുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആര്യയുടെ അച്ഛൻ സുദർശനൻ കൊടുങ്ങല്ലൂർ പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഷിജിൻ ബാബു (31), അമ്മ ഷീബ, അമ്മാവൻ പാണ്ടികശാലപ്പറമ്പിൽ സിദ്ധാർത്ഥൻ, ഇയാളുടെ ഭാര്യ പ്രസന്ന എന്നിവർക്കെതിരേ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളനുസരിച്ച് കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തിൽ പുരോഗതിയില്ലെന്നാരോപിച്ച് സുദർശനൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. തുടർന്നാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. അന്വേഷണം ഏറ്റെടുക്കുന്നത്. ഇതിനിടയിൽ പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞദിവസം അച്ഛൻ സുദർശനനെയും ആര്യയുടെ സഹോദരിയെയും ഡിവൈ.എസ്.പി. വിളിച്ചുവരുത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവദിവസം ആര്യയുമായി വീട്ടുകാർ സംസാരിച്ച ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹസമയത്ത് നൽകിയിരുന്ന പതിനഞ്ചേമുക്കാൽ പവൻ സ്വർണം എടുക്കുന്നതു സംബന്ധിച്ചും മറ്റു നിസ്സാര കാര്യങ്ങൾക്കും ഭർത്താവും വീട്ടുകാരും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അച്ഛൻ സുദർശനൻ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..