'മേം സൈബര്‍ വാലാ നഹീ ഹൂം', കോടീശ്വരനായ കള്ളനെ കേരള പോലീസ് ജാര്‍ഖണ്ഡിലെത്തി പൂട്ടിയത് ഇങ്ങനെ


ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എസ്.ബി.ഐ. വെബ്‌സൈറ്റിന് സമാനമായ വ്യാജ സൈറ്റിലേക്കാണ് പ്രവേശിക്കുക. വെബ്‌സൈറ്റിന്റെ സ്‌പെല്ലിങ്ങില്‍ ചില മാറ്റങ്ങളുണ്ടെങ്കിലും ആരും ഇക്കാര്യം ശ്രദ്ധിക്കില്ല. പ്ലസ് ടു വിദ്യാഭ്യാസമുള്ള പ്രതി തന്നെയാണ് വെബ്‌സൈറ്റ് ഉണ്ടാക്കിയതെന്നാണ് കരുതുന്നത്.

തൃശ്ശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോംഗ്ര(ഇടത്ത്) പിടിയിലായ പ്രതിയുമായി പോലീസ് സംഘം(വലത്ത് മുകളിൽ) അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ(വലത്ത്, താഴെ) Photo: facebook.com/thrissurruralpolice

തൃശ്ശൂര്‍: ബാങ്കിന്റെ ഒറിജിനല്‍ വെബ്‌സൈറ്റിനെ വെല്ലുന്ന വ്യാജ സൈറ്റ്, ഒരുതവണ തട്ടിപ്പിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ പിന്നീട് ഉപയോഗിക്കില്ല, 22 വയസ്സിനുള്ളില്‍ സമ്പാദിച്ചത് കോടികളുടെ ആസ്തി. കഴിഞ്ഞദിവസം ഇരിങ്ങാലക്കുട പോലീസ് ജാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലെ പ്രതി അജിത് മണ്ഡലിനെക്കുറിച്ചുള്ള വിവരങ്ങളാണിത്. 40,000 രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇയാളെ പിടികൂടിയതെങ്കിലും വലയില്‍ കുടുങ്ങിയത് ഒരു ചെറിയ മീനല്ലെന്ന് പോലീസിന് വൈകാതെ മനസിലാവുകയായിരുന്നു. രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പോലീസ് നല്‍കുന്നവിവരം.

ഒരുവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ തുണ്ടിയില്‍നിന്ന് അജിത് മണ്ഡലിനെ പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ 22-കാരനെ കേരള പോലീസ് അതിവിദഗ്ധമായി പൂട്ടുകയായിരുന്നു. ആ കഥ ഇങ്ങനെ...തട്ടിപ്പിന്റെ തുടക്കം...

2021 ഒക്ടോബര്‍ എട്ടാം തീയതിയാണ് ഇരിങ്ങാലക്കുട സ്വദേശിയായ യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. യുവതിയുടെ ഭര്‍ത്താവിന്റെ പേരിലുള്ള എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് രണ്ട് ഘട്ടങ്ങളിലായി 40,000 രൂപയാണ് നഷ്ടപ്പെട്ടത്.

പിടിയിലായ പ്രതിയുമായി പോലീസ് സംഘം

അക്കൗണ്ട് ബ്ലോക്ക് ആയെന്നും കെ.വൈ.സി. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നുമുള്ള എസ്.എം.എസ്. സന്ദേശം അയച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഈ സന്ദേശത്തിനൊപ്പം വെബ്‌സൈറ്റിലേക്കുള്ള ഒരു ലിങ്കും നല്‍കിയിരുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ എസ്.ബി.ഐ. വെബ്‌സൈറ്റിന് സമാനമായ ഒരു സൈറ്റിലേക്കാണ് പ്രവേശിച്ചത്. ഇവിടെ അക്കൗണ്ട് വിവരങ്ങളും ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നല്‍കി. ഫോണിലേക്ക് വന്ന ഒ.ടി.പി.യും കൈമാറി. ഇതോടെയാണ് രണ്ട് തവണകളായി അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടത്.

സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയതോടെയാണ് യുവതി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായ ഐശ്വര്യ ഡോംഗ്രയ്ക്ക് പരാതി നല്‍കിയത്. സംഭവത്തിന്റെ പ്രാധാന്യം മനസിലാക്കിയ പോലീസ് മേധാവി, കേസ് റൂറല്‍ സൈബര്‍ പോലീസിനെ കൈമാറുകയായിരുന്നു.

അന്വേഷണം തുടങ്ങുന്നു, വെല്ലുവിളികള്‍ ഏറെ...

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സൈബര്‍ പോലീസിന്റെ അന്വേഷണം. പ്രതി സ്ഥിരമായി ഒരു നമ്പര്‍ ഉപയോഗിക്കാത്തതും ഫോണുകള്‍ മാറ്റുന്നതും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായി. അന്വേഷണത്തിന്റെ ഭാഗമായി പ്രതി ഉപയോഗിച്ച വ്യാജ വെബ്‌സൈറ്റിന്റെ ഡൊമൈന്‍ വിവരങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു.

പ്രതിയുടെ ഫോണ്‍, സിംകാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സാമൂഹികമാധ്യമ അക്കൗണ്ടുകള്‍, ഇ-കൊമേഴ്‌സ് അക്കൗണ്ടുകള്‍, മണിവാലറ്റുകളുടെ വിവരങ്ങള്‍ തുടങ്ങിയവയും പോലീസ് ശേഖരിച്ചു. തുടര്‍ന്ന് ഒരുവര്‍ഷത്തോളം ഈ വിവരങ്ങളെല്ലാം നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് പോലീസിന് പ്രതിയെ കൃത്യമായി തിരിച്ചറിയാനായത്.

പോലീസ് ജാര്‍ഖണ്ഡിലേക്ക്, തുണയായി മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥ...

Also Read

ഓൺലൈൻ തട്ടിപ്പിൽ കേരള പോലീസ് പിടികൂടിയ ...

പരാതിക്കാരി തിരിച്ചറിഞ്ഞില്ല, ഏഴുപേരെയും ...

പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇരിങ്ങാലക്കുടയില്‍നിന്നുള്ള റൂറല്‍ സൈബര്‍ ക്രൈം പോലീസ് ജാര്‍ഖണ്ഡിലേക്ക് തിരിച്ചു. എന്നാല്‍ അവിടെയും പോലീസിന് വെല്ലുവിളികള്‍ ഏറെയായിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡിലെ മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥയായ റീഷ്മ രമേഷിന്റെ സഹായവും പിന്തുണയും കേരള പോലീസ് സംഘത്തിന് തുണയായി.

തൃശ്ശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോംഗ്ര

തൃശ്ശൂരില്‍നിന്ന് പോലീസ് സംഘം പുറപ്പെട്ടപ്പോള്‍ തന്നെ റൂറല്‍ എസ്.പി. ഐശ്വര്യ ഡോംഗ്ര തലശ്ശേരി സ്വദേശിനിയും ധന്‍ബാദ് റൂറല്‍ എസ്.പി.യുമായ റീഷ്മ രമേഷിനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതോടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനപ്രദേശത്ത് അന്വേഷണം നടത്താന്‍ കേരള പോലീസിന് ജാര്‍ഖണ്ഡ് പോലീസിന്റെ സഹായം ലഭിച്ചു. ജാര്‍ഖണ്ഡിലെ സൈബര്‍ പോലീസ് സംഘവും കേരള പോലീസിനെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും പോലീസ് സംഘങ്ങളുടെ സംയുക്തമായ നീക്കത്തിലൂടെ ഒടുവില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.

മേം സൈബര്‍ വാലാ നഹീ ഹൂം...

പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസ് സംഘം എത്തിയത് ജാര്‍ഖണ്ഡിലെ ഗ്രാമപ്രദേശമായ തുണ്ടിയിലാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനത്തിന് സമീപത്തായുള്ള ചെറിയ ഗ്രാമമാണിത്. ഇതിനിടെയാണ് അങ്ങിങ്ങായി ഒറ്റപ്പെട്ട് കിടക്കുന്ന ചെറിയ വീടുകള്‍ക്കിടയില്‍ ഒരു ആഡംബര വീട് പോലീസിന്റെ കണ്ണിലുടക്കുന്നത്. സംശയം തോന്നിയതോടെ പോലീസ് അവിടേക്ക് നീങ്ങി. ആ വീടിന് മുന്നില്‍ സാധാരണക്കാരായ പ്രദേശവാസികള്‍ക്ക് പുറമേ മോഡേണ്‍ രീതിയില്‍ വസ്ത്രം ധരിച്ച ഒരു യുവാവുമുണ്ടായിരുന്നു. സംശയം തോന്നിയ പോലീസ് ഇയാളുടെ സമീപത്ത് എത്തിയപ്പോഴേക്കും 'മേം സൈബര്‍ വാലാ നഹീ ഹൂം' എന്നായിരുന്നു യുവാവിന്റെ മറുപടി.

പോലീസ് സംഘം എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള മറുപടി ലഭിച്ചതോടെ യുവാവിനെ വിശദമായി ചോദ്യംചെയ്തു. അജിത് മണ്ഡലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പേടിച്ചരണ്ടാണ് യുവാണ് ആഡംബര വീടിന് നേരേ വിരല്‍ചൂണ്ടിയത്. ഇതാണ് അജിത്തിന്റെ വീടെന്നും വീട് കാണിച്ചുനല്‍കിയത് താനാണെന്ന് ആരോടും പറയരുതെന്നും ഇക്കാര്യം അറിഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് സംഘത്തെ കണ്ടതോടെ വീടിന് സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. തുടര്‍ന്ന് പിന്നാലെ ഓടിയെത്തിയ പോലീസ് സംഘം അതിസാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.

സൈബര്‍ തട്ടിപ്പുകാരുടെ കേന്ദ്രം, പേര് സൈബര്‍ വാലകള്‍..

ജാര്‍ഖണ്ഡിലെ ജാംതര, ഗിരിഡി, രകാസ്‌കുട്ടോ, തുണ്ടി തുടങ്ങിയ സ്ഥലങ്ങള്‍ സൈബര്‍ തട്ടിപ്പുകാരുടെ കേന്ദ്രമാണെന്നാണ് പോലീസ് പറയുന്നത്. ഗ്രാമപ്രദേശങ്ങളാണെങ്കിലും യുവാക്കളില്‍ പലരും സൈബര്‍ തട്ടിപ്പുകളിലൂടെ പണം സമ്പാദിക്കുന്നവരാണ്. പ്ലസ് ടു വരെയാണ് ഇവരുടെയെല്ലാം വിദ്യാഭ്യാസം. അപൂര്‍വം ചിലര്‍ ബി.ടെക്ക് കഴിഞ്ഞവരും. ഇത്തരത്തില്‍ സാങ്കേതിക കോഴ്‌സുകള്‍ പഠിച്ചിറങ്ങിയവരാണ് മറ്റു തട്ടിപ്പുകാര്‍ക്കുള്ള സഹായങ്ങള്‍ ചെയ്തുനല്‍കുന്നത്. ഇതിനായി വന്‍ തുകയും ഇവര്‍ ഈടാക്കും. സൈബര്‍ തട്ടിപ്പ് നടത്തുന്നവരെ 'സൈബര്‍ വാല' എന്ന പേരിലാണ് ഗ്രാമീണര്‍ വിളിക്കുന്നത്. ആരെല്ലാമാണ് തട്ടിപ്പുകാരെന്ന് ഗ്രാമീണര്‍ക്ക് കൃത്യമായി അറിയാമെങ്കിലും ഭയം കാരണം ഒരുവിവരവും ഇവര്‍ വെളിപ്പെടുത്താറില്ല.

കോടീശ്വരനായ 22-കാരന്‍, പലയിടത്തും ആഡംബര വീടുകള്‍...

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അജിത് മണ്ഡല്‍ എന്ന 22-കാരന്‍ ചുരുങ്ങിയ കാലത്തിനിടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായാണ് പോലീസ് പറയുന്നത്. ജാര്‍ഖണ്ഡ്, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 13 ആഡംബര വീടുകളാണ് പ്രതിയുടെ പേരിലുള്ളത്. ധന്‍ബാദിലെ തുണ്ടിയില്‍ നാല് ഏക്കര്‍ ഭൂമിയും ഏക്കറുകണക്കിന് കല്‍ക്കരി ഖനികളും സ്വന്തമായുണ്ട്. ആഡംബരജീവിതം നയിക്കുകയും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയുമായിരുന്നു പ്രതിയുടെ ലക്ഷ്യം.

രണ്ട് പേഴ്‌സണല്‍ ബാങ്ക് അക്കൗണ്ടുകളാണ് അജിത് മണ്ഡല്‍ ഉപയോഗിച്ചിരുന്നത്. ഇതിനുപുറമേ, പശ്ചിമബംഗാളില്‍നിന്നുള്ള 12 ബാങ്ക് അക്കൗണ്ടുകളും ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്നു.

വിവിധ വിലാസങ്ങളില്‍ കരസ്ഥമാക്കിയ 50-ഓളം സിം കാര്‍ഡുകളും 25 മൊബൈല്‍ ഫോണുകളും പ്രതി ഉപയോഗിച്ചിരുന്നു. ഈ സിംകാര്‍ഡുകളെല്ലാം വ്യാജ വിലാസത്തിലാണ് സ്വന്തമാക്കിയിരുന്നത്. ഒരു തവണ തട്ടിപ്പിന് ഉപയോഗിച്ച ഫോണും സിംകാര്‍ഡും പിന്നീട് ഉപയോഗിക്കുകയും ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ പ്രതിയെ തിരിച്ചറിയാന്‍ പോലീസ് സംഘത്തിന് ഏറെ പരിശ്രമിക്കേണ്ടിവന്നു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും, ഇനി പിടികൂടാന്‍ ഒരാള്‍ കൂടി...

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ അജിത് മണ്ഡലിന് പുറമേ ഇയാളുടെ കൂട്ടാളിയായ ജാര്‍ഖണ്ഡ് സ്വദേശിയെ കൂടി പിടികൂടാനുണ്ടെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യണം. തെളിവെടുപ്പും നടത്താനുണ്ട്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ കൂടി ജാര്‍ഖണ്ഡില്‍നിന്ന് പിടികൂടാനുമുണ്ട്. കേരളത്തില്‍ മാത്രമല്ല, മറ്റിടങ്ങളിലും പ്രതികള്‍ വ്യാപകമായി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെ.വൈ.സി.വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് പ്രതി ലിങ്ക് അയച്ചുനല്‍കിയത്. എന്നാല്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എസ്.ബി.ഐ. വെബ്‌സൈറ്റിന് സമാനമായ വ്യാജ സൈറ്റിലേക്കാണ് പ്രവേശിക്കുക. വെബ്‌സൈറ്റിന്റെ സ്‌പെല്ലിങ്ങില്‍ ചില മാറ്റങ്ങളുണ്ടെങ്കിലും ആരും ഇക്കാര്യം ശ്രദ്ധിക്കില്ല. പ്ലസ് ടു വിദ്യാഭ്യാസമുള്ള പ്രതി തന്നെയാണ് വെബ്‌സൈറ്റ് ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. ഇയാളുടെ കൂട്ടാളി എല്ലാസഹായങ്ങളും ചെയ്തുനല്കി.

അന്വേഷണസംഘത്തില്‍ ഇവര്‍...

റൂറല്‍ എസ്.പി. ഐശ്വര്യ ഡോംഗ്രയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു തോമസ്, ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.സുനില്‍കൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ വി.ഗോപികുമാര്‍, ജില്ലാ ക്രൈംബ്രാഞ്ച് അസി. സബ് ഇന്‍സ്‌പെക്ടര്‍ പി.പി.ജയകൃഷ്ണന്‍, സി.പി.ഒ.മാരായ എച്ച്.ബി. നെഷ്‌റു, കെ.ജി. അജിത്ത്കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: thrissur irinjalakkuda police arrested online fraud case accused from jharkhand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented