ഡോ. സോന
തൃശ്ശൂർ: കുട്ടനെല്ലൂരിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറിൽനിന്ന് സുഹൃത്തായ മഹേഷ് പലതവണയായി കൈക്കലാക്കിയത് ലക്ഷങ്ങൾ. മൂവാറ്റുപുഴ സ്വദേശിയായ ഡോ. സോനയിൽനിന്ന് മഹേഷ് ഇതുവരെ 13 ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന് പുറമേ ദന്താശുപത്രിയിൽനിന്നുള്ള മുഴുവൻ വരുമാനവും ഇയാൾ സ്വന്തമാക്കിയിരുന്നു.
ഒപ്പം താമസിച്ചിരുന്ന സോനയെ ഭീഷണിപ്പെടുത്തിയാണ് ദന്താശുപത്രിയിൽനിന്നുള്ള വരുമാനം ഇയാൾ കൈപ്പറ്റിയിരുന്നത്. ഭീഷണിയും പണം കൈക്കലാക്കലും തുടർന്നതോടെയാണ് സോന മഹേഷിനെതിരേ പരാതി നൽകിയത്. എന്നാൽ പോലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ മഹേഷ് ക്ലിനിക്കിലെത്തി സോനയെ കുത്തിവീഴ്ത്തുകയായിരുന്നു.
ഇന്റീരിയർ ഡിസൈനറായ മഹേഷിനെ ദന്താശുപത്രിയിലെ ഇൻീരിയർ ജോലികളുമായി ബന്ധപ്പെട്ടാണ് സോന പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും കുരിയാച്ചിറയിലെ ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം. എന്നാൽ പണം തട്ടിയെടുക്കലും ഭീഷണിയും തുടർന്നതോടെ സോന കഴിഞ്ഞ ചൊവ്വാഴ്ച ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇക്കാര്യമറിഞ്ഞ മഹേഷ് അന്നേദിവസം വൈകിട്ട് ദന്താശുപത്രിയിലെത്തുകയും കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് സോനയെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഞ്ച് ദിവസത്തോളം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോന ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
പാവറട്ടി സ്വദേശിയായ മഹേഷ് സംഭവത്തിന് ശേഷം ഒളിവിൽപോയിരിക്കുകയാണ്. ഇയാളുടെ കാർ ഒല്ലൂർ പോലീസ് പിന്നീട് കണ്ടെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
Content Highlights:thrissur doctor sona murder case mahesh extorted money from her
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..