അമ്മ ഗെയിം ഡിലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്‍; രക്ഷകരായി പോലീസ്


Photo: facebook.com/thrissurcitypolice

മൊബൈല്‍ ഫോണില്‍നിന്ന് അമ്മ ഗെയിമുകള്‍ നീക്കംചെയ്തതോടെ വീട്ടുസാധനങ്ങള്‍ നശിപ്പിച്ച് വീടിന് തീയിടുമെന്ന ഭീഷണിയുമായി എട്ടാംക്ലാസുകാരന്‍... മകന്റെ വിഭ്രാന്തിയില്‍ ഭയന്നുവിറച്ച് അമ്മയും ആറാംക്ലാസില്‍ പഠിക്കുന്ന സഹോദരിയും... ഒടുവില്‍ അമ്മയുടെ ഫോണ്‍കോളിനെത്തുടര്‍ന്ന് വീട്ടിലെത്തി എട്ടാംക്ലാസുകാരനെ അനുനയിപ്പിച്ച് രംഗം ശാന്തമാക്കിയത് പോലീസും.

തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പിലാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ സ്വാധീനിക്കുന്നതിന്റെ അപകടാവസ്ഥ വിശദീകരിച്ചിരിക്കുന്നത്. ഗെയിം കളിക്കാന്‍ കഴിയാതിരുന്നതോടെ മാനസികവിഭ്രാന്തി പ്രകടിപ്പിച്ച എട്ടാംക്ലാസുകാരനെ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്.സി.പി.ഒ. കെ.എസ്. സജിത്ത് മോനും ഹോം ഗാര്‍ഡ് കെ. സന്തോഷും എത്തിയാണ് അനുനയിപ്പിച്ചത്.

വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീയിടുമെന്ന ഭീഷണി മുഴക്കിയ കുട്ടിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗെയിമുകള്‍ വീണ്ടെടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരും സമാധാനിപ്പിച്ചത്. പിന്നാലെ മെഡിക്കല്‍ കോളേജില്‍ കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും പോലീസുകാര്‍ കൂടെനിന്നു. വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവം തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം ആയിരത്തിലേറെ പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍. ആറാം ക്ലാസില്‍ പഠിക്കുന്ന അവന്റെ അനുജത്തി. വീട്ടുജോലികഴിഞ്ഞാല്‍ അമ്മ രണ്ടുമക്കളുടേയും പഠനത്തില്‍ ശ്രദ്ധിക്കുക പതിവായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള അച്ഛന്‍ ദിവസവും വീഡിയോകോളിലൂടെ വിശേഷങ്ങള്‍ അറിയാന്‍ വിളിക്കുമ്പോള്‍ മകന്‍ തന്റെ ആഗ്രഹമായ ഒരു മൊബൈലിനെ പറ്റി അച്ഛനോട് പറയുമായിരുന്നു. അങ്ങനെയാണ് മകന് അച്ഛന്‍ ഒരു മൊബൈല്‍ വാങ്ങികൊടുത്തത്.

ആദ്യം അനിയത്തിയുമായി ഒരുമിച്ച് മൊബൈല്‍ കാണുക പതിവായിരുന്നു. ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അവന്‍ പിന്നീട് അനിയത്തിയെ ഒഴിവാക്കി സ്വയം എവിടെയെങ്കിലും പോയി ഒളിച്ചിരുന്ന് ഗെയിമില്‍ മുഴുകാന്‍ തുടങ്ങി. പഠനത്തില്‍ പിറകോട്ടു പോകുന്നതിനെ പറ്റി ടീച്ചര്‍ അമ്മയോട് ഓര്‍മ്മപെടുത്തി. അങ്ങിനെയാണ് മകന്റെ മൊബൈല്‍ കളിഭ്രമം അമ്മ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പലവട്ടം ഉപദേശിച്ചു. ഗള്‍ഫില്‍നിന്നു അച്ഛനും സ്‌കൂളിലെ ടീച്ചര്‍മാരും പറഞ്ഞതൊന്നും വിലപോയില്ല. മാനസികമായി അവന്‍ ഗെയിമിനു അടിമപ്പെട്ടതോടെ അവര്‍ മകനേയും കൂട്ടി കൗണ്‍സിലിങ്ങിനെത്തി.

കൗണ്‍സിലിങ്ങിനോട് സഹകരിച്ച മകന്‍ പതുക്കെ ഗെയിമില്‍ നിന്നും ഫോണില്‍ നിന്നും പിന്തിരിഞ്ഞതോടെ കുടുംബത്തില്‍ വീണ്ടും സമാധാനം വന്നു. മാസങ്ങള്‍ക്കു ശേഷം എങ്ങിനേയോ മകന്റെ കയ്യില്‍ വീണ്ടും കിട്ടിയ ഫോണില്‍ അവന്‍ അമ്മയറിയാതെ വീണ്ടും ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്തു. സംഭവം ആദ്യത്തേതില്‍ നിന്നും കൂടുതല്‍ വഷളാകാന്‍ തുടങ്ങി. ഊണും ഉറക്കവുമില്ലാതെ അവന്‍ കളിയില്‍ മുഴുകി. അനിയത്തിയും അമ്മയുമായും കൂട്ടുകാരുമായും ഒരു ബന്ധവുമില്ലാതെ മുറിയടച്ചിട്ട് ഗെയിമില്‍ മാത്രം ഒതുങ്ങികൂടിയ അവന്‍ മാനസികമായി ഏറെ വഴിതെറ്റി പോയിരുന്നു.

ഗള്‍ഫിലുള്ള അച്ഛനോട് പലവട്ടം മകന്റെ മൊബൈല്‍ അഡിക്ഷനെപറ്റി പരാതിപറയാറുള്ള അമ്മയെ അവന്‍ തീരെ അനുസരിക്കാതെയായി. സഹികെട്ട അമ്മ ഒരു ദിവസം അവന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അതിലെ ഗെയിമുകളും കോണ്‍ടാക്റ്റ് നമ്പരും ഡിലിറ്റ് ചെയ്തു. ഇതുവരെ കാണാത്ത ഒരു മകന്റെ രൂപത്തെയാണ് അന്ന് അവര്‍ കണ്ടത്. അമ്മയേയും അനിയത്തിയേയും തള്ളിമാറ്റി അലറികൊണ്ട് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ചേട്ടന്റെ മാനസിക വിഭ്രാന്തി കണ്ട് അനുജത്തി പേടിച്ചു കരഞ്ഞ് ഒളിച്ചിരുന്നു. അവന്‍ അടുക്കളയില്‍ പോയി മണ്ണെണ്ണയെടുത്ത് വീട്ടില്‍ മുഴുവന്‍ ഒഴിച്ച് എല്ലാം ചുട്ടുചാമ്പലാക്കുമെന്ന് പറഞ്ഞ് അലറി നടക്കാന്‍ തുടങ്ങി. മാനസിക വിഭ്രാന്തിയോടെ അവന്‍ തീപ്പെട്ടിക്കായി തെരഞ്ഞു നടക്കുമ്പോള്‍ അമ്മ വേറെയൊന്നും ആലോചിച്ചില്ല ഉടന്‍തന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു.

ഫോണ്‍ അറ്റന്‍ഡ് ചെയ്ത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് എസ്, അമ്മയുടെ ദയനീയ ശബ്ദത്തിലൂടെതന്നെ സംഭവത്തിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കി, ഉടന്‍ തന്നെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. സജിത്ത്‌മോന്‍, ഹോം ഗാര്‍ഡ് സന്തോഷ് കെ. എന്നിവരെ സംഭവസ്ഥലത്തേക്കയച്ചു.

സംഭവസ്ഥലത്തെത്തിയ അവര്‍ കണ്ടത് വീടുമുഴുവനും മണ്ണെണ്ണയൊഴിച്ച് സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലായിരുന്നു. ബാത്ത് റൂമില്‍ കയറി കതകടച്ച കുട്ടിയോട് പോലീസുദ്യോഗസ്ഥര്‍ അനുനയത്തില്‍ സംസാരിച്ച് വാതിലില്‍ തട്ടികൊണ്ടിരുന്നു. അടുത്തു വന്നാല്‍ തീയിടും... പൊയ്‌ക്കോ... എന്നുള്ള അവന്റെ ഭീഷണികളോട് വളരെ സൗമ്യമായി പ്രതികരിച്ച് മൊബൈല്‍ തിരിച്ചുതരാമെന്നും ഡിലിറ്റു ചെയ്ത ഗെയിം മുഴുവനും സൈബര്‍ സെല്‍ മുഖേന ഉടന്‍ തന്നെ തിരിച്ചെടുക്കാമെന്നും വളരെ സമാധാനപരമായി പോലീസുദ്യോഗസ്ഥര്‍ അവന് വാഗ്ദാനം നല്‍കി. അതോടെ അവന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി.

പിന്നീട് അവനെ വളരെ സമാധാനത്തോടെ സാന്ത്വനപെടുത്തുകയും ചെയ്തു. അതിനിടയില്‍ അവന്റെ മാനസിക നില വളരെ മോശമാകുന്നു എന്നു മനസലാക്കിയ അവര്‍ ഇന്ന് ഡോക്ടറെ കണ്ട് നാളെ സൈബര്‍ സെല്ലില്‍ പോകാം അനുസരിക്കില്ലേ... എന്ന് വളരെ സ്‌നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയതോടെ അവന്‍ സമ്മതിച്ചു. ഉടന്‍ തന്നെ അവനെ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് എത്തിച്ചു. മെഡിക്കല്‍ കോളേജില്‍ അവന് ചികിത്സയും കൗണ്‍സിലിങ്ങും തുടര്‍ന്നു വരികയാണ്. ഇപ്പോള്‍ അവന് വളരെ മാറ്റമുണ്ട്. അതിന്റെ ആശ്വാസത്തിലാണ് അവന്റെ അമ്മയും അനുജത്തിയുമെല്ലാം.

ഏറെ അപകടകരമായ നിമിഷത്തില്‍ സന്ദര്‍ഭോചിതമായി കര്‍ത്തവ്യനിര്‍വ്വഹണം നടത്തിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത് മോനും ഹോം ഗാര്‍ഡ് സന്തോഷിനും തൃശ്ശൂര്‍ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങള്‍.

രക്ഷിതാക്കളോട്:

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സമയം സ്ഥലം എന്നിവ ക്‌ളിപ്തപെടുത്തുക.

കുട്ടികള്‍ മൊബൈല്‍ ഫോണില്‍ കാണുന്നത് എന്തെന്നും എന്തിനെന്നും മനസ്സിലാക്കുക.

ഓണ്‍ലൈന്‍ ഗെയിമിന്റെ ദുരുപയോഗങ്ങളെ അവരെ സാവധാനം പറഞ്ഞ് മനസ്സിലാക്കുക. ഘട്ടം ഘട്ടമായി അവരെ പിന്തിരിപ്പിക്കുക.

മക്കളുമായി വിനോദത്തിനായി അല്പ സമയം കണ്ടെത്തുക.

കലാ കായികപരമായ ആക്റ്റിവിറ്റികള്‍ നല്‍കി അവരെ മൊബൈലില്‍ നിന്നും പിന്‍തിരിക്കാന്‍ ശ്രമിക്കുക.

കുട്ടികളെ കുറ്റപെടുത്താതെ ചേര്‍ത്തു നിര്‍ത്തികൊണ്ടുതന്നെ പെരുമാറുക.

കുട്ടികള്‍ കളിക്കുന്ന ഗെയിമിനെ കുറിച്ച് രക്ഷിതാക്കള്‍ക്കും അവബോധം ആവശ്യമാണ്.

കുട്ടികളുടെ കൂട്ടുക്കാരെകുറിച്ചും അവരുടെ ബന്ധങ്ങളെ കുറിച്ചും മനസ്സിലാക്കുക.

മൊബൈല്‍ അഡിക്ഷന്റെ ഗൗരവത്തെ കുറിച്ച് മക്കളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കണം.

മക്കള്‍ മൊബൈലിനു അഡിക്റ്റാണെന്നു മനസ്സിലായാല്‍ ഉടന്‍തന്നെ അവരെ കൗണ്‍സിലിങ്ങിനു വിധേയമാക്കുക. മാനസികമായി ഏറെ തളര്‍ന്ന അവസ്ഥയിലാണെങ്കില്‍ ഒരു മടിയും കൂടാതെ മാനസികാരോഗ്യ വിദഗ്ദരെ സമീപിക്കുക.

Content Highlights: thrissur city police facebook post about online game addiction based on real incident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented