കുട്ടിയുമായി അർമാൻ ആശുപത്രിയിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
മലപ്പുറം: തിരൂരില്‍ മൂന്നുവയസ്സുകാരന് തലയ്ക്ക് ക്ഷതമേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന് പിടിയില്‍. ബംഗാള്‍ സ്വദേശിയായ അര്‍മാനെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഇയാള്‍ തിരൂരില്‍നിന്ന് മുങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ബംഗാള്‍ സ്വദേശിയായ ഷെയ്ഖ് റഫീഖാണ് മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവ്. ഈ ബന്ധത്തിലുള്ള മകനാണ് മൂന്നുവയസ്സുകാരനായ ഷെയ്ഖ് റഫീഖ്. ഒരുവര്‍ഷം മുമ്പ് മുംതാസും റഫീഖും വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് യുവതി അര്‍മാനെ വിവാഹം കഴിച്ചത്. പത്തുദിവസം മുമ്പാണ് ഇവര്‍ കുടുംബസമേതം തിരൂര്‍ ഇല്ലത്തപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസം ആരംഭിച്ചത്.
കുളിമുറിയില്‍ വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം രാത്രി അര്മാന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ചതായി കണ്ടെത്തി. മാത്രമല്ല, തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ക്ഷതമേറ്റതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. എന്നാല്‍ കുട്ടി മരിച്ചെന്ന് അറിയിച്ചതോടെ അര്മാന് ആശുപത്രിയില്‍നിന്ന് മുങ്ങി. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തിരൂരില്‍നിന്ന് രാത്രി തീവണ്ടി മാര്‍ഗമാണ് അര്മാന് പാലക്കാട്ടേക്ക് കടന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ആശുപത്രിയില്‍നിന്നുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് അര്‍മാനെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യംചെയ്താലേ കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണോ എന്നതടക്കമുള്ള സംശയങ്ങളില്‍ വ്യക്തതയുണ്ടാവൂ.
Content Highlights: three year old boy dies in tirur malappuram his step father in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..