-
കൊല്ലം: തിരുവോണനാളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൂന്നുപേർ കൊല്ലപ്പെട്ടു. സംഭവങ്ങളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ സ്വദേശി ശിവപ്രസാദ് (60), നെയ്യാറ്റിൻകര സ്വദേശി ഉണ്ണിക്കൃഷ്ണൻ (52), തേവലക്കര സ്വദേശി രാജേന്ദ്രൻ പിള്ള (57) എന്നിവരാണ് കൊല്ലപ്പെട്ടത്.
അമിതവേഗം ചോദ്യചെയ്ത ശിവപ്രസാദ് അയൽവാസിയായ യുവാവിന്റെ മർദനമേറ്റാണ് മരിച്ചത്. അഞ്ചലിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ ഉണ്ണിക്കൃഷ്ണൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. തേവലക്കരയിൽ പാചകത്തൊഴിലാളിയായ രാജേന്ദ്രൻ പിള്ളയെ ആളുമാറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആളുമാറിയുള്ള കൊലപാതകം
തേവലക്കര അരിനല്ലൂർ വിളയിൽ തെക്കതിൽ രാജേന്ദ്രൻ പിള്ളയെയാണ് ആളുമാറി വെട്ടിയത്. ക്ഷേത്രങ്ങളിൽ സപ്താഹത്തിനോടനുബന്ധിച്ച് പാചകവും മറ്റ് ജോലികളും ചെയ്യുന്നയാളായിരുന്നു രാജേന്ദ്രൻ പിള്ള.
തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അരിനല്ലൂർ വെളിച്ചപ്പാടത്ത് കിഴക്കതിൽ രവീന്ദ്രനെ (54) ചവറ തെക്കുംഭാഗം സി.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. രവീന്ദ്രനും മറ്റ് രണ്ടുപേരും തമ്മിൽ തിങ്കളാഴ്ച രാവിലെ വാക്കേറ്റമുണ്ടായിരുന്നു.
ഇവരെ ഉപദ്രവിക്കാനായി വെട്ടുകത്തിയുമായി കാത്തിരുന്ന മരം കയറ്റത്തൊഴിലാളിയായ രവീന്ദ്രൻ തേവലക്കര ആറാട്ടുകുളത്തിന് കിഴക്ക് റോഡരികിലൂടെ നടന്നുവരുകയായിരുന്ന രാജേന്ദ്രൻ പിള്ളയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. സമീപത്തെ തെങ്ങിൻചുവട്ടിൽ രക്തംവാർന്നനിലയിൽ രാജേന്ദ്രൻ പിള്ളയെ കണ്ട നാട്ടുകാർ പോലീസിനെ വിവരം ധരിപ്പിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
രവീന്ദ്രൻ ആളുമാറി വെട്ടിയതാണെന്ന് പോലീസ് പറഞ്ഞു. ശ്രീകുമാരിയാണ് മരിച്ച രാജേന്ദ്രൻ പിള്ളയുടെ ഭാര്യ. മക്കൾ: ശാരിക, ശരണ്യ. മരുമക്കൾ: ബിജു, കണ്ണൻ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അമിതവേഗം ചോദ്യം ചെയ്തതിന്
അമിതവേഗത്തിൽ ബൈക്കിൽ സഞ്ചരിച്ചത് ചോദ്യംചെയ്തതിനാണ് മുണ്ടയ്ക്കൽ പാപനാശം തിരുവാതിര നഗർ-64, പുതുവൽ പുരയിടത്തിൽ ശിവപ്രസാദിനെ യുവാവ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടയ്ക്കൽ തിരുവാതിര നഗർ പുതുവൽ പുരയിടത്തിൽ നിക്സണെ (20) പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലെ റോഡുവക്കിൽ ശിവപ്രസാദ് നിൽക്കുമ്പോൾ നിക്സൺ ബൈക്കിൽ അമിതവേഗത്തിൽ അതുവഴി കടന്നുപോയി. ശിവപ്രസാദ് നിക്സണെ ശകാരിച്ചു. ഇതുകേട്ട് മടങ്ങിയെത്തിയ നിക്സൺ മതിലിനോട് ചേർത്തുവെച്ച് ശിവപ്രസാദിനെ മർദിച്ചു. നിലവിളി കേട്ട് ശിവപ്രസാദിന്റെ മകളും ഭാര്യയും ഓടിയെത്തി നിക്സണെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വീണ്ടും മർദിച്ചു. അവശനായ ശിവപ്രസാദ് കുഴഞ്ഞുവീണു.
ഓടിക്കൂടിയവർ ശിവപ്രസാദിനെ നിക്സന്റെ അച്ഛന്റെ ഓട്ടോയിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവമറിഞ്ഞ് ആളുകൾ തടിച്ചുകൂടിയതോടെ നിക്സൺ സ്ഥലത്തുനിന്നു കടന്നു. തുടർന്ന് ഇരവിപുരം സുനാമി ഫ്ലാറ്റിലെ സുഹൃത്തിന്റെ മുറിയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ പോലീസ് പിടികൂടി. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: പ്രിയങ്ക, പ്രവീൺ. മരുമകൻ: സജി.
മദ്യപിക്കുന്നതിനടെ വാക്കുതർക്കം
സുഹൃത്തുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് നെയ്യാറ്റിൻകര സ്വദേശി ഉണ്ണിക്കൃഷ്ണൻ കൊല്ലപ്പെട്ടത്. സുഹൃത്ത് പത്തനാപുരം സ്വദേശി ജോസി(44)നെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. വാളകം സ്വദേശി കുഞ്ഞപ്പന്റെ വീട്ടിൽ കൊല്ലപ്പെട്ട ഉണ്ണിക്കൃഷ്ണനും പ്രതി ജോസും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
കത്തിയുപയോഗിച്ച് ഉണ്ണിക്കൃഷ്ണന്റെ നെഞ്ചിൽ കുത്തുകയും കഴുത്തിൽ കയറുപയോഗിച്ചു മുറുക്കുകയും ചെയ്തനിലയിലായിരുന്നു. പുനലൂർ ഡിവൈ.എസ്.പി. അനിൽ എസ്.ദാസ്, അഞ്ചൽ സി.ഐ. എൽ.അനിൽകുമാർ, എസ്.ഐ.മാരായ സജീർ, ജോൺസൺ, അലക്സാണ്ടർ, മനു, സയന്റിഫിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
Content Highlights:three murders in kollam on thiruvonam day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..