
-
ബെംഗളൂരു: നഗരത്തിൽ വിവിധ പ്രദേശങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. എം.വി.നഗരയിൽ മകനും കൂട്ടാളികളും ചേർന്ന് പിതാവിനെ കൊലപ്പെടുത്തി. സിദ്ദണ്ണ ചെട്ടി റോഡിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു. നെലമംഗലയിൽ യുവാവിനെ മൂന്നംഗസംഘം മർദിച്ച് കൊലപ്പെടുത്തി.
എം.വി.നഗര സ്വദേശിയായ പനീർസെൽവ(52)ത്തെ കൊലപ്പെടുത്തിയ കേസിൽ മകൻ രാജേഷ്കുമാർ (26) ഇയാളുടെ കൂട്ടാളികളായ പ്രതിപൻ (27), സ്റ്റാൻലി (24), ആനന്ദ് (22) എന്നിവർ പിടിയിലായി. അച്ഛനെ കൊലപ്പെടുത്താൻ സഹായിച്ചാൽ പത്തുലക്ഷം രൂപ തരാമെന്നായിരുന്നു ഇവർക്ക് രാജേഷ് കുമാർ നൽകിയ വാഗ്ദാനം. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കാൻ പണം നൽകാത്തതാണ് കൊലപാതക കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച രാവിലെ അമ്പലത്തിലേക്ക് പോയ പനീർസെൽവത്തെ രാജേഷും സംഘവും തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ശരീരത്തിൽ വിഷം കുത്തിവെച്ചു. മരണം ഉറപ്പാക്കിയതിനു ശേഷം കോലാറിലെ ഗ്രാമത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം ഉപേക്ഷിച്ചു. പനീർസെൽവത്തെ കാണാതായതിനെത്തുടർന്ന് ഭാര്യ റാണി പോലീസിൽ പരാതി നൽകിയിരുന്നു.
സിദ്ദണ്ണ ചെട്ടി റോഡിൽ ബസവനഗുഡി സ്വദേശിയായ സിദ്ധരാജു (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ലത, സുഹൃത്ത് ലക്ഷ്മണ എന്നിവർ ഒളിവിലാണ്. സിദ്ധരാജുവിനെ ഉപേക്ഷിച്ച് ലത ലക്ഷ്മണയ്ക്കൊപ്പമായിരുന്നു താമസം. ഇതുമായി ബന്ധപ്പെട്ട് സിദ്ധരാജു നിരന്തരം ഇവരുമായി കലഹിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടും സിദ്ധരാജുവും ലക്ഷ്മണയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ലത കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളെ കുത്തുകയായിരുന്നു. തുടർന്ന് ലക്ഷ്മണയും കുത്തി. പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യപിച്ച് ബഹളംവെക്കുന്നത് ചോദ്യംചെയ്തതോടെയാണ് നെലമംഗല സ്വദേശിയായ അരുൺ കുമാറിനെ (26) മൂന്നംഗ സംഘം മർദിച്ചുകൊന്നത്. സംഭവത്തിൽ മദനായകനഹള്ളി സ്വദേശികളായ ഇമ്രാൻ (27), സുചേത് (29), സൽമാൻ എന്നിവർ പിടിയിലായി.
Content Highlights:three killed in different crime in bengaluru city
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..