
പ്രതികളായ അഖിൽ, മുഹമ്മദ്, അബിൻ
അന്തിക്കാട്(തൃശ്ശൂര്‍) വാഹനത്തില്‍നിന്ന് ബാറ്ററി മോഷ്ടിച്ച കേസിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലുമായി മൂന്നുപേര്‍ അന്തിക്കാട് പോലീസിന്റെ പിടിയിലായി.
കിഴുപ്പിള്ളിക്കരയില്‍ പാച്ച് വര്‍ക്കിനായി കൊണ്ടുവന്നിട്ടിരുന്ന കാറിന്റെ ബാറ്ററി മോഷണം പോയ സംഭവത്തില്‍ താന്ന്യം തച്ചപ്പുള്ളി അഖില്‍ (21), പഴുവില്‍ വലിയപറമ്പില്‍ മുഹമ്മദ് (ജിന്ന-42) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങോട്ടുകരയില്നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ മുഹമ്മദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ തൃപ്രയാറില്‍ കൂട്ടുകാരിയുമൊത്ത് ഡോക്ടറെ കാണാന്‍ വന്ന പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ബാഗും മൊബൈല്‍ ഫോണും അപഹരിച്ച കേസില്‍ മുഹമ്മദിനെ കൂടാതെ പെരിങ്ങോട്ടുകര കൊല്ലത്തുവീട്ടില്‍ അബിനും (21) അറസ്റ്റിലായി. പെണ്‍കുട്ടിയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത പ്രതികള്‍ ഇത് വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീട് പെണ്‍കുട്ടിയെ അന്തിക്കാടുവെച്ച് കാറില്‍നിന്ന് ഇറക്കിവിട്ടു. പെണ്‍കുട്ടി പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു. മുഹമ്മദിനെ മലപ്പുറം മൊറയൂരില്‍ നിന്നും അബിനെ താന്ന്യത്തു നിന്നുമാണ് പിടികൂടിയത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തില്‍ സ്ക്വാഡ് അംഗങ്ങായ എ.എസ്.ഐ. മുഹമ്മദ്, അഷറഫ്, സീനിയര്‍ സി.പി.ഒ. മാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, സോണി സേവ്യര്‍, പി.വി. വികാസ്, അന്തിക്കാട് സ്റ്റേഷനിലെ എ.എസ്.ഐ. മാരായ പ്രിജു, അരുണ്‍, ഷറഫുദ്ദീന്, സ്പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന് എ.വി. വിനോഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..