കവർച്ചയുടെ ദൃശ്യങ്ങൾ | twitter.com|capt_ivane
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറില്‍ ഗൃഹനാഥനെ ആക്രമിച്ച് വീട് കൊള്ളയടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആര്‍.കെ.പുരം നിവാസി ശുഭം(20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ്(19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല(41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സി.ഇ.ഒ.യായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗസംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിനകത്തേക്ക് ഇരച്ചെത്തിയ സംഘം കുമാറിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ കവരുകയായിരുന്നു. കുമാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
വൈകിട്ട് 3.30-ഓടെ കോളിങ് ബെല്‍ കേട്ടാണ് താന്‍ വാതില്‍ തുറന്നതെന്നാണ് കുമാറിന്റെ പരാതിയില്‍ പറയുന്നത്. വാതില്‍ തുറന്നയുടന്‍ തോക്ക് ചൂണ്ടിയെത്തിയ മൂന്നംഗസംഘം വീടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് തന്നെ മര്‍ദിച്ച് കെട്ടിയിട്ടു. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ സൂക്ഷിച്ച ഒരു ബാഗ്, ജാക്കറ്റ്, ഷൂസ്, വാച്ച്, സ്‌കൂട്ടര്‍ എന്നിവ മൂന്നംഗസംഘം കവര്‍ന്നതായും പരാതിയിലുണ്ടായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം സ്വയം കെട്ടഴിച്ച ആദിത്യകുമാര്‍ മറ്റൊരു ലാപ്‌ടോപ്പില്‍നിന്ന് ഫെയ്‌സ്ബുക്ക് വഴിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനും വിവരം കൈമാറി.
കവര്‍ച്ചാസംഘത്തിലെ ഒരാളെ ശുഭം എന്ന് മറ്റുള്ളവര്‍ വിളിച്ചിരുന്നതായി ആദിത്യകുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് ശുഭം എന്ന പേരുള്ള 150-ഓളം ക്രിമിനലുകളുടെ ചിത്രങ്ങള്‍ പോലീസ് ആദിത്യകുമാറിന് നല്‍കി. ഇതില്‍നിന്ന് വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ ആളെ തിരിച്ചറിഞ്ഞു.
മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വെള്ളിയാഴ്ചയാണ് ശുഭത്തെയും കൂട്ടാളികളായ രണ്ടുപേരെയും പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ മൂവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ ശുഭം അടക്കമുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ജൂലായില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ശുഭം നവംബറിലാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ജയിലില്‍വെച്ചാണ് ആസിഫുമായി പരിചയത്തിലായതെന്നും ആസിഫ് ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ശുഭത്തിനെതിരേ നേരത്തെ രണ്ട് കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആസിഫ്, മുല്ല എന്നിവര്‍ മൂന്ന് കേസുകളിലും പ്രതികളാണ്. ഇവരില്‍നിന്ന് രണ്ട് സ്‌കൂട്ടറുകളും നാല് മൊബൈല്‍ ഫോണുകളം ലാപ്‌ടോപ്പും വാച്ചും അടക്കം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
Content Highlights: three arrested for robbing home in delhi robbery conducted to buy gifts for girlfriend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..