പ്രദീപ്കുമാർ കോട്ടത്തലയെ ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഓഫീസിൽ എത്തിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി
പത്തനാപുരം : കെ.ബി.ഗണേഷ്കുമാർ എം.എൽ.എ.യുടെ പി.എ. ബി.പ്രദീപ്കുമാറിനെ (കോട്ടാത്തല പ്രദീപ്) നേരം പുലരുംമുമ്പ് അറസ്റ്റ് ചെയ്ത വിവരം അമ്പരപ്പോടെയാണ് നാട്ടുകാർ കേട്ടത്. ഭരണകക്ഷി എം.എൽ.എ.യുടെ വീട്ടിൽക്കയറി പുലർച്ചെ വിളിച്ചുണർത്തി നടത്തിയ അറസ്റ്റ് രാഷ്ട്രീയകേന്ദ്രങ്ങളിലും ഞെട്ടലുളവാക്കി.
നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ പ്രദീപ് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്.
പ്രദീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സ്വീകരിക്കേണ്ട മറ്റുനടപടികളെക്കുറിച്ച് ആലോചന നടക്കുന്നതിനിടെയാണ് കാസർകോട്ടുനിന്ന് പോലീസ് സ്ഥലത്തെത്തിയത്. അറസ്റ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് പലകേന്ദ്രങ്ങളിൽനിന്നും തിങ്കളാഴ്ച രാത്രി ലഭിച്ചിരുന്നെങ്കിലും 'കൃഷ്ണ' എന്ന എം.എൽ.എ.യുടെ വസതിയിൽ കയറുമെന്ന് കരുതിയില്ല.
2001-ൽ കെ.ബി.ഗണേഷ്കുമാർ ആദ്യമായി പത്തനാപുരത്ത് എം.എൽ.എ.യായ നാൾമുതൽ പ്രദീപ് കൂടെയുണ്ട്. തുടർച്ചയായി നാലുവട്ടം ഇവിടെനിന്നു ഗണേഷ് വിജയിച്ചപ്പോഴും മന്ത്രിയായപ്പോഴും പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. ആദ്യവട്ടം വിജയിച്ചശേഷം ഗണേഷ്കുമാർ പത്തനാപുരം മഞ്ചള്ളൂരിൽ വീട് നിർമിച്ചിരുന്നു.
സ്ഥലത്തുള്ളപ്പോഴൊക്കെ ഇവിടെയാണ് എം.എൽ.എ. താമസിക്കുന്നത്. എം.എൽ.എ. ഓഫീസായും പ്രവർത്തിക്കുന്ന ഈ വീട്ടിലാണ് ഓഫീസ് ചുമതലയുമുണ്ടായിരുന്ന പ്രദീപ് മിക്കപ്പോഴും താമസിച്ചിരുന്നത്.
ഇവിടെനിന്നാണ് വീടുവളഞ്ഞ് പ്രദീപിനെ അറസ്റ്റുചെയ്തത്. എപ്പോഴും തിരക്കേറിയിരുന്ന വീട് ചൊവ്വാഴ്ച വിജനമായിരുന്നു.
ഏതാനും പാർട്ടിപ്രവർത്തകർ മാത്രമാണിവിടെ ഉണ്ടായിരുന്നത്. കേരള കോൺഗ്രസി(ബി)ന്റെ തിരഞ്ഞെടുപ്പ് ഏകോപനച്ചുമതലയുണ്ടായിരുന്ന പ്രദീപിന്റെ അറസ്റ്റ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക പാർട്ടിപ്രവർത്തകർക്കുണ്ട്.
Content Highlights:threat against actress attack case witness police arrested kb ganesh kumar mla pa pradeep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..