പിടിയിലായ തൊരപ്പൻ സന്തോഷ്
ശ്രീകണ്ഠപുരം: കൂട്ടുംമുഖത്തെ മലഞ്ചരക്കുകടയുടെ ഗോഡൗണില്‍ നിന്ന് റബ്ബര്‍ഷീറ്റ് കവര്‍ന്ന കേസില്‍ നടുവില്‍ പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന് സന്തോഷ് (39) അറസ്റ്റില്‍. ശ്രീകണ്ഠപുരം എസ്.ഐ. സുബീഷ് മോനും സംഘവുമാണ് ഞായറാഴ്ച രാത്രി മയ്യില്‍ എട്ടേയാറില്വെച്ച് സന്തോഷിനെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൂട്ടുംമുഖം പഴയ ടൗണില്‍ മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള എ.പി.എസ്. ട്രേഡേഴ്സിന്റെ സംഭരണശാലയില്‍നിന്ന് 400 കിലോ ഒട്ടുപാലും 40 കിലോ റബ്ബര്‍ഷീറ്റും കവര്‍ന്നത്.
ഗോഡൗണിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് കവര്‍ച്ച നടത്തിയത്. കടയിലെ സി.സി.ടി.വി. നശിപ്പിച്ചതിനുശേഷമായിരുന്നു മോഷണം നടത്തിയിരുന്നത്. കൈയുറ ഉപയോഗിച്ചതിനാല്‍ സ്ഥലത്തുനിന്ന് വിരലടയാളവും ലഭിച്ചിരുന്നില്ല. എന്നാല്‍, കൂട്ടുംമുഖം മസ്ജിദിലെ സി.സി.ടി.വിയില്‍നിന്ന് പ്രതിയെന്ന് കരുതുന്നയാളുടെ ദൃശ്യം പോലീസിന് ലഭിച്ചതും ഇവിടെത്തെ കള്ളുഷാപ്പില്‍ വ്യാഴാഴ്ച വൈകീട്ട് തൊരപ്പന് സന്തോഷ് എത്തിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചതോടെയാണ് കേസിന് വഴിത്തിരിവായത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാള്‍ ഉള്ള സ്ഥലം കണ്ടെത്തുക ദുഷ്കരമായിരുന്നു. തുടര്‍ന്ന് എട്ടേയാര്‍ ഭാഗത്ത് ഇയാള്‍ ഗുഡ്സ് ഓട്ടോറിക്ഷയുമായി എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച രാത്രി ഓട്ടോ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിച്ച റബ്ബര്‍ഷീറ്റ് മണത്തണയിലെ ഒരു കടയിലാണ് വിറ്റത്. കൂട്ടുംമുഖത്തുനിന്ന് കവര്‍ച്ച ചെയ്ത റബ്ബര്‍ഷീറ്റുകള്‍ ഈ കടയില്‍നിന്ന് കണ്ടെടുത്തു. റബ്ബര്‍ഷീറ്റുകള്‍ കൊണ്ടുപോയ ഗുഡ്സ് ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചെറുപുഴയിലെ മലഞ്ചരക്ക് കടയില്‍നിന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ സന്തോഷ് കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് പുറത്തിറങ്ങിയത്.
കവര്‍ച്ച നടന്ന കൂട്ടുംമുഖത്തെ സ്ഥാപനത്തില്‍ പ്രതിയെയെത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലയിലും പുറത്തുമായി എഴുപതോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് സന്തോഷെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ. പി.പി.അശോകന്, സീനിയര്‍ സി.പി.ഒമാരായ കെ.വി.ബിജു, കെ.സജീവന്, സി.പി.ഒമാരായ കെ.ഐ.ശിവപ്രസാദ്, സി.എന്‍.രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഇരിട്ടിയില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെ
ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡ് വണ്‍വേ റോഡിലുള്ള ഐഡിയല്‍ ഇലക്ട്രോണിക്സ് പവര്‍ ടൂള്‍സ് കടയില്‍ മോഷണം നടത്തിയതും സന്തോഷ്. ഇരിട്ടിയില്‍ മോഷണം നടത്തി പോകുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
ഇരിട്ടിയിലെ കടയില്‍നിന്നും ഒരുലക്ഷത്തിലധികം രൂപയാണ് കവര്‍ച്ചചെയ്തത്. അറസ്റ്റിലാകുമ്പോള്‍ കൈവശം പണം ഉണ്ടായിരുന്നു. ഇത് ഇരിട്ടിയിലെ കടയില്‍നിന്നും മോഷ്ടിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന് കൊതേരി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..