പോത്തൻകോട് വെച്ച് രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനിലിന്റെ വീട്ടിൽനിന്നു രക്തക്കറപുരണ്ട വസ്ത്രം കണ്ടെത്തിയ വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ സാറ എന്ന നായ പരിശീലകനായ വിഷ്ണു ശങ്കറിനും ധനേഷിനുമൊപ്പം | ഫോട്ടോ: മാതൃഭൂമി
വെഞ്ഞാറമൂട്: പോത്തന്‍കോട് അയിരൂപ്പാറ വെച്ച് രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനില്‍കുമാറിന്റെ വീട് തേടി സാറ എന്ന പോലീസ് നായ പോയത് രണ്ടരക്കിലോമീറ്റര്‍.
കൊലനടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ചാണ് സാറ പൊതുവഴിയിലൂടെ ഓടിയത്.
ഡോഗ് സ്ക്വാഡിലെ സാറയുടെ പരിശീലന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു ശങ്കര്‍, ധനേഷ് ജി.എസ്. എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഇടവഴിയും വയലും പുരയിടങ്ങളും താണ്ടിയാണ് അനില്‍ കുമാറിന്റെ മൈലാടുംമുകള്‍ രോഹിണി ഭവനിലെത്തിയത്. പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച രക്തക്കറപുരണ്ട കൈലി കട്ടിലിന്റെ അടിയില്‍നിന്നാണ് സാറ കണ്ടെത്തിയത്.
ഷര്‍ട്ട് ഹാളില്‍നിന്നു കണ്ടെത്തി. ഇരുവസ്ത്രങ്ങളും കടിച്ചെടുത്തുകൊണ്ട് പുറത്തുവന്ന് കുരച്ചാണ് തെളിവ് ഹാജരാക്കിയത്. നിരീക്ഷണത്തിലായിരുന്ന പ്രതിയെ അത് കഴിഞ്ഞാണ് അറസ്റ്റുചെയ്തത്.
വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ 309-ാം നമ്പര്‍ ട്രാക്കറാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ സാറ. ഗോളിയാറില്നിന്നു കൊണ്ടുവന്ന സാറ ബി.എസ്.എഫിന്റെ പരിശീലനം നേടിയ ബുദ്ധികൂര്‍മതയുള്ള നായയാണ്.
സാറയുടെ അച്ഛന് പാര്‍ലമെന്റിലെ സുരക്ഷാ ചുമതലയാണ്. അമ്മയ്ക്ക് കശ്മീരിന്റെ ചുമതലയും ഒപ്പമുള്ള രണ്ട് സഹോദരങ്ങള്‍ കേരള പോലീസിലുമുണ്ട്. സാറാ വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെത്തിയിട്ട് ആദ്യമായി പ്രതിയെ തിരിച്ചറിഞ്ഞ ആദ്യ കേസ് കൂടിയാണ്. സാറയ്ക്ക് പോലീസ് റിവാര്‍ഡിനു ശുപാര്‍ശയും ചെയ്തു.
രണ്ടുപേര്‍ അറസ്റ്റില്‍
പോത്തന്‍കോട്: അയിരൂപ്പാറ ജങ്ഷനില്‍ കടത്തിണ്ണയില്‍ കിടക്കുകയായിരുന്നയാളെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
അയിരൂപ്പാറ ഹരിശ്രീ ട്യൂട്ടോറിയലിനു സമീപം പുരയിടത്തില്‍ ഷെഡ്ഡ് കെട്ടി താമസിക്കുന്ന അറപ്പുര വീട്ടില്‍ രാധാകൃഷ്ണന്(59) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയിരൂപ്പാറ സ്വദേശികളായ അനില്‍കുമാര്‍(50), കുമാര്‍(52) എന്നിവരെ പോത്തന്‍കോട് പോലീസ് അറസ്റ്റുചെയ്തു. മൂന്നുപേരും സുഹൃത്തുക്കളായിരുന്നുവെന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയിരൂപ്പാറ ജങ്ഷനു സമീപം കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രാധാകൃഷ്ണനെ അനിലും കുമാറും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. രാധാകൃഷ്ണനെ വിളിച്ചുണര്‍ത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും വെട്ടിപ്പരിക്കേല്പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തലയ്ക്കും കാലിനും പരിക്കേറ്റ് രക്തംവാര്‍ന്ന് കിടക്കുകയായിരുന്ന രാധാകൃഷ്ണനെ വഴിയാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.
ചൊവ്വാഴ്ച രാവിലെയോടെ മരണപ്പെട്ടു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വെട്ടിപ്പരിക്കേല്പ്പിച്ചവരുടെ പേരുകള്‍ രാധാകൃഷ്ണന് പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഏറെനാളായി രാധാകൃഷ്ണന് കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കു ജീവിക്കുകയാണ്.
Content Highlights: thiruvananthapuram pothancode murder police dog sarah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..