കൊല്ലപ്പെട്ട അനീഷ് ജോർജ്(ഇടത്ത്) പ്രതി സൈമൺ ലാലൻ(വലത്ത്) ഇൻസെറ്റിൽ അനീഷിന്റെ ബന്ധു റെയ്ച്ചൽ, മാതാവ് ഡോളി | Screengrab: Mathrubhumi News
തിരുവനന്തപുരം: പേട്ടയിലെ കൊലപാതകത്തില്‍ പ്രതി സൈമണ്‍ ലാലന് ആദ്യം നല്കിയ മൊഴി കളവാണെന്ന് പോലീസ്. അനീഷ് ജോര്‍ജാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമാണ് സൈമണ്‍ ആക്രമണം നടത്തിയതെന്നും കള്ളനാണെന്ന് കരുതിയെന്ന മൊഴി നുണയാണെന്നും പോലീസ് സ്ഥിരീകരിച്ചു. സൈമണ്‍ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി ഇയാളുടെ ഭാര്യയും മകളും മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് അനീഷിനെ നേരത്തെ പരിചയമുണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, മകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ആരോപിച്ച് അനീഷ് ജോര്‍ജിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. മകനെ പുലര്‍ച്ചെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഫോണ്‍കോള്‍ വന്നതിന് ശേഷമാണ് മകന് സൈമണിന്റെ വീട്ടിലേക്ക് പോയതെന്നും അനീഷിന്റെ മാതാവ് ഡോളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സൈമണിന്റെ വീട്ടില്‍ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്. വീട്ടിനകത്ത് ആണ്‍കുട്ടി ഇല്ലാത്തത് കൊണ്ടാണല്ലോ അയാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അയാളുടെ ഭാര്യ പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് എന്റെ മകനെ സഹായത്തിനൊക്കെ വിളിച്ചിരുന്നത്. ഒരു താങ്ങായി എന്റെ മകന് ഉണ്ടല്ലോ എന്നും പറഞ്ഞിരുന്നു. പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും അവരെ ഞാന്‍ സമാധാനപ്പെടുത്തി. മോനെ ഞങ്ങള്‍ക്ക് തരണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം പ്രായപൂര്‍ത്തിയായിട്ട് ആലോചിക്കാമെന്നാണ് മറുപടി നല്‍കിയത്.
അവര്‍ വിളിക്കാതെ എന്റെ മകന് പോകില്ല. ആ വീട്ടിലെ കാര്യങ്ങളൊക്കെ മകന് എന്നോട് പറയാറുണ്ട്. മോന് അതിലൊന്നും ഇടപെടേണ്ടെന്നും അവനോട് പറഞ്ഞിരുന്നു- മാതൃഭൂമി ന്യൂസ് സ്പാര്‍ക്ക് @3 ചര്‍ച്ചയില്‍ ഡോളി വിശദീകരിച്ചു.
അനീഷിന്റെ കൊലപാതകത്തില്‍ മറ്റുചില ദുരൂഹതകളുണ്ടെന്ന് ബന്ധുവായ റെയ്ച്ചലും ആരോപിച്ചു. അപ്പു(അനീഷ് ജോര്‍ജ്)വിനെ മുറിയില്‍വെച്ച് കുത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അഞ്ച് മണിക്കാണ് ഞാന്‍ സ്റ്റേഷനില്‍ എത്തുന്നത്. അപകടം പറ്റിയെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് വിളിച്ചത്. അവിടെ എത്തിയപ്പോളാണ് കൊല്ലപ്പെട്ടെന്ന് പറഞ്ഞത്. അപ്പോള്‍ കാര്യങ്ങള്‍ പോലീസിനോട് തിരക്കി. അപ്പുവിനെ ഹാളില്‍നിന്ന് കിട്ടിയെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ വാര്‍ത്തകളില്‍ പറയുന്നത് മുറിയില്നിന്നാണെന്നൊക്കെയാണ്. അതിനാല്‍ അക്കാര്യത്തില്‍ സംശയമുണ്ടെന്നും റെയ്ച്ചല്‍ പറഞ്ഞു.
അപ്പുവിന്റെ നെഞ്ചില്‍ ഒരൊറ്റ കുത്തേ ഉണ്ടായിരുന്നുള്ളൂ. നെഞ്ചില്‍ കുത്തിയിട്ട് അത് പിന്‍ഭാഗത്തേക്ക് ആഴ്ന്നിറങ്ങിയിരുന്നു. പ്രതിയായ സൈമണ്‍ ഇത് കരുതിക്കൂട്ടി ചെയ്തതാണ്. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് അറിഞ്ഞത്. എന്റെ കൊച്ചിനെ കണ്ടപ്പോള്‍ അയാള്‍ക്ക് ആട്ടിന്‍കുട്ടിയെപ്പോലെ തോന്നിക്കാണും. അപ്പുവിനെ പെണ്‍കുട്ടിയുടെ മുറിയില്‍നിന്നല്ല കിട്ടിയതെന്നും റെയ്ച്ചല്‍ പറഞ്ഞു.
Content Highlights: thiruvananthapuram pettah aneesh george murder case police says accused given false statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..