Screengrab: Mathrubhumi News
തിരുവല്ല: സി.പി.എം. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്ന നെടുമ്പ്രം കണ്ണങ്കരിയില്‍ പോലീസ് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. എന്നാല്‍ നാട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കടുത്ത രോഷപ്രകടനത്തെ തുടര്‍ന്ന് മിനിറ്റുകള്‍ മാത്രമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്. സ്ഥിതി വഷളാകുമെന്ന് കണ്ട് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രതികളുമായി പോലീസ് മടങ്ങുകയും ചെയ്തു.
പ്രതികളെ എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് സന്ദീപിന്റെ വീടിനടുത്ത സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്. പ്രതികളെ എത്തിച്ചതോടെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം അണപൊട്ടി. നാട്ടുകാര്‍ പ്രതികളെ ചീത്തവിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി, പ്രതികളെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പോലീസ് നാട്ടുകാരെ നിയന്ത്രിച്ചത്.
അതേസമയം, കൊലപാതകത്തിന് കാരണം ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോടുള്ള വ്യക്തിവൈരാഗ്യമാണെന്ന പോലീസ് കണ്ടെത്തലിനെതിരേയും നാട്ടുകാര്‍ രംഗത്തെത്തി. 'സന്ദീപിനോട് ഇവിടെ ആര്‍ക്കെങ്കിലും വ്യക്തിവൈരാഗ്യമുണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചുനോക്കു, ഇവിടെ ആര്‍ക്കും സന്ദീപിനോട് വ്യക്തിവൈരാഗ്യമില്ല. സന്ദീപുമായി പ്രശ്‌നമുണ്ടെങ്കില്‍ അത് രാഷ്ട്രീയവൈരാഗ്യം തന്നെയാണ്. ഏത് അന്വേഷണത്തിലാണ് വ്യക്തിവൈരാഗ്യമാണെന്ന് കണ്ടെത്തിയത്''- നാട്ടുകാര്‍ ചോദിച്ചു.
'പാര്‍ട്ടിക്കാര്‍ വെറും മണ്ടന്മാരല്ല, നിങ്ങളെല്ലാം സമാധാനമായി ഇരിക്കണമെന്ന് കോടിയേരി സഖാവ് വന്ന് എന്നോട് പറഞ്ഞു. കോടിയേരി സഖാവ് പറഞ്ഞിട്ടാ... അല്ലെങ്കിലുണ്ടല്ലോ ഞങ്ങളുടെ പിള്ളേരൊന്നും മോശക്കാരല്ല'- ഇങ്ങനെയായിരുന്നു മറ്റൊരാളുടെ പ്രതികരണം.
പോലീസ് ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഏതാനും സെക്കന്റുകള്‍ മാത്രമാണ് പ്രതികളെ ഇവിടെ നിര്‍ത്തിയത്. ഇത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള പോലീസിന്റെ നീക്കമാണെന്നും തെളിവെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ പ്രതികരണം.
Content Highlights: thiruvalla sandeep murder case police evidence taking and protest by locals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..