സുബൈർ, ഷിറാജ്, റഫീഖ്
മാവേലിക്കര: നിരവധി മോഷണക്കേസുകളില്‍ പ്രതി പക്കി സുബൈറും കൂട്ടാളികളും പിടിയില്‍. കൊല്ലം ശൂരനാടു വടക്ക് കുഴിവിള വടക്കതില്‍ സുബൈര്‍ (പക്കി സുബൈര്‍-49), മോഷണമുതലുകള്‍ വില്‍ക്കാനും പണയംവെക്കാനും സഹായിച്ച ശൂരനാടുതെക്ക് വലിയവിള വടക്കതില്‍ ഷിറാജ് (41), പറക്കോട് റഫീഖ് മന്‍സിലില്‍ റഫീഖ് (39) എന്നിവരാണ് അറസ്റ്റിലായത്. മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം, കട്ടച്ചിറ മരിയന്‍ തീര്‍ഥാടന കേന്ദ്രം, തുരുത്തിവിള പണിക്കശ്ശേരി മഹാദേവക്ഷേത്രം, നൂറനാട് പത്താംകുറ്റിയിലെ മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മോഷണത്തിനു പിന്നില്‍ സുബൈറാണെന്നു തെളിഞ്ഞിട്ടുണ്ട്. മോഷണങ്ങളെല്ലാം ഇയാള്‍ ഒറ്റയ്ക്കാണു നടത്തിയിരുന്നതെന്നും മോഷണമുതലുകള്‍ വില്‍ക്കാനും പണയംവെക്കാനും സഹായിക്കുക മാത്രമാണു മറ്റുരണ്ടുപേരുടെയും പങ്കെന്നും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസ് പറഞ്ഞു.
നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധികളിലായി വീടുകള്‍ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തും മോഷണം നടത്തിവന്ന സുബൈറിന്റെ പേരില്‍ നിലവില്‍ 42 മോഷണക്കേസുകളുണ്ട്.
ജില്ലയുടെ തെക്കന്‍മേഖലയില്‍ മോഷണങ്ങള്‍ പതിവായതിനെതുടര്‍ന്നാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. മോഷണംനടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി സുബൈറാണെന്നു തിരിച്ചറിഞ്ഞു. എഴുത്തും വായനയും അറിയാത്ത സുബൈര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
സ്ഥിരമായി ഒരുസ്ഥലത്തു താമസിക്കാതെ പകല്‍ തീവണ്ടിയിലും ബസിലും സഞ്ചരിക്കുന്ന സ്വഭാവക്കാരനാണ്. ഒരുമാസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ കഴിഞ്ഞദിവസം അടൂരില്‍നിന്നാണ് മാവേലിക്കര ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
കുടുക്കിയത് ലോട്ടറി ടിക്കറ്റിനോടുള്ള കമ്പം
മാവേലിക്കര: വന്‍തുകയ്ക്ക് ലോട്ടറി ടിക്കറ്റുകളെടുക്കുന്ന സ്വഭാവമാണു പക്കി സുബൈറിനെ കുടുക്കിയത്. മോഷ്ടിച്ചുകിട്ടുന്ന പണംകൊണ്ട് സുബൈര്‍ പ്രതിദിനം അയ്യായിരത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ടെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. മോഷണം നടത്താത്ത സ്ഥലങ്ങളിലെ ലോട്ടറിക്കടകളില്‍നിന്നാണ് ടിക്കറ്റെടുത്തിരുന്നത്.
ലോട്ടറിക്കടകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥിരമായി ടിക്കറ്റെടുക്കാനെത്തിയ കടയില്‍നിന്ന് ഇയാളെ പിടികൂടിയത്. പകല്‍സമയത്ത് ദീര്‍ഘദൂരബസ്, തീവണ്ടി യാത്രയ്ക്കിടയില്‍ ഉറക്കവും രാത്രി ഇറങ്ങുന്ന സ്ഥലങ്ങളില്‍ മോഷണവുമായിരുന്നു സുബൈറിന്റെ രീതി. തീവണ്ടിപ്പാളത്തിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചു ട്രാക്കിനു സമീപത്തെ വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തുകയാണു പതിവ്. മോഷണം നടത്താന്‍ കണ്ടുവെക്കുന്ന വീടുകളുടെയും ആരാധനാലയങ്ങളുടെയും സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍നിന്നാണ് ആയുധങ്ങളും മറ്റും എടുത്തിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..