-
വഡോദര: ബാങ്കിലെ കവർച്ചയ്ക്കിടെ കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു. കൈയിലുണ്ടായിരുന്ന ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓൺ ആയതോടെയാണ് അപകടം സംഭവിച്ചത്. വഡോദരയിലെ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖയിലായിരുന്നു സംഭവം.
ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടർന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തുറക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഓഫ് ചെയ്ത കട്ടർ അബദ്ധത്തിൽ ഓണായി കഴുത്തിൽ മാരകമായ മുറിവേറ്റത്. ഈ സംഭവങ്ങളെല്ലാം ബാങ്കിന്റെ ചെന്നൈയിലെ വിജിലൻസ് വിഭാഗം സിസിടിവിയിലൂടെ കാണുന്നുണ്ടായിരുന്നു. മോഷ്ടാവ് ബാങ്കിൽ കയറിയതിന് പിന്നാലെ തന്നെ ബാങ്ക് മാനേജറെ ഇവർ വിവരമറിയിക്കുകയും ചെയ്തു. മാനേജറും പോലീസ് സംഘവും ബാങ്കിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്.
കട്ടർ ഓഫ് ചെയ്ത് പണമെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കട്ടർ വീണ്ടും ഓൺ ആയെന്നാണ് പോലീസിന്റെയും അധികൃതരുടെയും നിഗമനം. ഇടുങ്ങിയ സ്ഥലമായതിനാൽ ഇലക്ട്രിക് വയറിൽ തട്ടി അത് വലിഞ്ഞതാകാം കട്ടർ വീണ്ടും ഓൺ ആകാൻ കാരണമെന്നും പോലീസ് പറഞ്ഞു. ബാങ്കിൽനിന്ന് പണമൊന്നും നഷ്ടമായിട്ടില്ല. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights:thief died during bank robbery by accidentally switch on the electric cutter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..