പാലാ ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിൽ മല്ലികശ്ശേരി കിഴക്കേമലയിലെ കൈതത്തോട്ടത്തിൽ തിരച്ചിൽ നടത്തുന്നു
തിടനാട്: പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി മോഷണസംഘം ഒടുവില്‍ പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ മേലുകാവില്‍ മോഷണശ്രമത്തിനിടെ കടന്നുകളഞ്ഞ മൂവര്‍സംഘത്തിനുവേണ്ടി മല്ലികശ്ശേരിയിലെ റബ്ബര്‍ത്തോട്ടങ്ങളില്‍ ഒരു പകല്‍ തിരച്ചില്‍ നീണ്ടെങ്കിലും ഫലം കണ്ടില്ല.
മേലുകാവിനുശേഷം പ്രവിത്താനത്ത് മോഷണം നടത്തുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ സംഘം കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെത്തി മല്ലികശ്ശേരിയിലെ റബ്ബര്‍ത്തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരും പാലാ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസും പ്രദേശത്തുനടത്തിയ തിരച്ചിലിനൊടുവിലാണ് തിടനാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ നിന്ന് മോഷ്ടാക്കളെ പിടികൂടുന്നത്.
രംഗം ഒന്ന് - മേലുകാവ്
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മേലുകാവിലെ വാച്ച് കടയില്‍ സംഘം മോഷണശ്രമം നടത്തിയത്. ടൗണില്‍തന്നെയുള്ള സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരന്‍ കണ്ടതോടെ ശ്രമം ഉപേക്ഷിച്ച് പാലാ റോഡിലൂടെ ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പാലായിലേക്ക് പോകുംവഴി എലിവാലിയിലുള്ള നേര്‍ച്ചപ്പെട്ടിയും തുറക്കാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. മേലുകാവിലെ മോഷണശ്രമം കണ്ട സുരക്ഷാ ജീവനക്കാരന്‍ പോലീസില്‍ വിവരം അറിയിച്ചതോടെ സമീപ പോലീസ് സ്റ്റേഷനുകളിലെല്ലാം സന്ദേശമെത്തിയിരുന്നു.
രംഗം രണ്ട് - പ്രവിത്താനം
നാലുമണിയോടെ പ്രവിത്താനത്തെ മൊബൈല്‍ കടയില്‍ മോഷണശ്രമം നടത്തുന്നതിനിടെ പാലാ കണ്‍ട്രോള്‍ റൂമിലെ പോലീസെത്തി. പോലീസിനെ കണ്ട സംഘം ബൈക്കില്‍ കടന്നുകളഞ്ഞു. പ്രവിത്താനത്തുനിന്ന് കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെത്തിയ മൂവര്‍സംഘം എലിക്കുളത്തിന് തിരിഞ്ഞു. കാളകെട്ടിവരെ ഇവരെ പിന്തുടര്‍ന്ന പോലീസിനെ വെട്ടിച്ച് എലിക്കുളത്തിനുള്ള വഴിയിലൂടെ സഞ്ചരിച്ച് ആറുമണിയോടെ കൊച്ചുകാവിലെത്തി.
രംഗം മൂന്ന് - കൊച്ചുകാവ്
കൊച്ചുകാവിലെത്തി ബൈക്ക് ഒതുക്കി സമീപത്തെ വലിയ റബ്ബര്‍ത്തോട്ടത്തിലേക്ക് കയറി. നടന്ന് കിഴക്കേമലയിലെ കൈതത്തോട്ടത്തിലേക്ക് കയറിയതായി നാട്ടുകാര്‍ പറയുന്നു. ഒന്‍പത് മണിവരെ രണ്ടിടത്തായി ഇവരെ കണ്ടതായി കിഴക്കേമലയിലെ വീട്ടുകാര്‍ പറഞ്ഞു. കാടുകയറിയ 50 ഏക്കറോളം വരുന്ന കൈതത്തോട്ടത്തിലേക്ക് കയറാന്‍ നാട്ടുകാരും പോലീസും തയ്യാറായില്ല. എന്നാല്‍, കൈതത്തോട്ടത്തിന് സമീപത്തുള്ള 60-ഓളം എക്കര്‍ തോട്ടത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. മൂവര്‍സംഘം സഞ്ചരിച്ച ബൈക്ക് കൊച്ചുകാവില്‍നിന്ന് തിടനാട് പോലീസ് കണ്ടെടുത്തു.
ഈ ബൈക്ക് തിരുവനന്തപുരം സ്വദേശിയുടേതാണെന്നും കഴിഞ്ഞദിവസം കോട്ടയത്ത് മോഷണം പോയതാണെന്നും പോലീസ് പറഞ്ഞു.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് എബ്രാഹം വര്‍ഗീസ്, തിടനാട് എസ്.എച്ച്.ഒ. ക്ലീറ്റസ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പാലാ, ഈരാറ്റുപേട്ട, മേലുകാവ്, തിടനാട്, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം സ്റ്റേഷനുകളിലെ പോലീസ് സംഘം പരിശോധനയില്‍ പങ്കെടുത്തു.
രംഗം നാല് - വ്യാജപ്രചാരണം;പരിഭ്രാന്തി
ഞായറാഴ്ച നേരംപുലര്‍ന്നപ്പോള്‍ നിരവധി പോലീസ് വാഹനങ്ങള്‍ കണ്ട കാളകെട്ടിക്കാര്‍ പരിഭ്രാന്തിയിലായി. ഏതോ കൊടുംകുറ്റവാളി നാട്ടിലെത്തിയിട്ടുണ്ടെന്ന് ചിലര്‍ അടക്കം പറഞ്ഞതോടെ പേടികൂടി. പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴി കൂടുതല്‍ കേട്ടതോടെ പിന്നെയും പേടിച്ചു. മേലുകാവ് പോലീസ് പിടിച്ച പ്രതി പോലീസിന്റെ തോക്കുമായി തോട്ടത്തില്‍ കയറി ഒളിച്ചെന്ന വ്യാജവാര്‍ത്തയാണ് സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പോലീസെത്തി ഇവരുടെ കൈവശം ആയുധങ്ങളില്ലെന്ന് പറഞ്ഞതിനുശേഷമാണ് നാട്ടുകാര്‍ തിരച്ചിലില്‍ പങ്കെടുത്തത്.
രംഗം അഞ്ച് - ഹെലി ക്യാമും
മോഷ്ടാക്കളെ തിരയുവാന്‍ പോലീസ് ഹെലിക്യാമും ഉപയോഗിച്ചു. സ്വകാര്യ ഏജന്‍സിയാണ് എസ്.ഐ. ലെബിമോന്റെ നേതൃത്വത്തില്‍ മല്ലികശ്ശേരി കിഴക്കേമലയില്‍ പരിശോധന നടത്തിയത്. മൂന്ന് പ്രാവശ്യമായി നിരീക്ഷണം നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. റബ്ബര്‍ മരങ്ങളും ഉയരത്തില്‍ കാടുപിടിച്ച തോട്ടങ്ങളും നിരീക്ഷണത്തിന് തടസ്സമായി.
രംഗം ആറ് - പിടിയില്‍
തിടനാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ ഒളിവില്‍ കഴിയവേ രണ്ട് പേര്‍ പോലീസ് പിടിയിലാകുന്നു.
Content Highlight: Thief Caught by Police Thidanad kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..