പിടിയിലായ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നു
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽനിന്ന് 128-ഓളം കെയ്സ് മദ്യം കവർന്ന കേസിലെ പ്രധാന പ്രതികൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. പ്രധാന പ്രതികളായ കവലയൂർ പൂവത്തുവീട്ടിൽ ഗോപിനാഥൻ നായരുടെ മകൻ രജിത്, മുങ്ങോട് സുമ വിലാസത്തിൽ മെബിൻ എന്നിവരും മോഷണമുതൽ സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത മൂങ്ങോട് എവർ ഗ്രീൻ ഹൗസിൽ നിഖിൽ, ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ എന്നിവരാണ് അറസ്റ്റിലായത്.
മെബിനും രജിത്തുമാണ് മോഷണത്തിന്റെ പ്രധാന സൂത്രധാരൻമാർ. വിവിധ ദിവസങ്ങളിലായി നടന്ന മോഷണ പരമ്പരയുടെ ആദ്യ ദിവസങ്ങളിൽ അവർ ഒരുമിച്ചാണ് മോഷണം നടത്തിയത്. മെബിൻ മുൻപും പല കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ആദ്യം അറസ്റ്റിലായത് രജിത് ആണ്. സൈബർ സെല്ലിന്റെ സഹായത്തോടെ വർക്കലയിൽ നിന്നാണ് രജിത്തിനെ പോലീസ് പിടികൂടിയത്. മെബിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ശംഖുമുഖത്തുനിന്നും പിടികൂടി.
രജിത്തിന്റെ ബലേനോ കാറിലും മറ്റു രണ്ടു കാറിലും ബൈക്കിലുമായി എട്ടോളം പ്രതികൾ ചേർന്നാണ് വിവിധ ദിവസങ്ങളിലായി ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ നിന്ന് മദ്യം കവർന്നത്. മറ്റു പ്രതികളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ അവരെയും പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിച്ച മദ്യം പലർക്കായി വില്പന നടത്തിയെന്നാണ് വിവരം.അങ്ങനെ മോഷണമുതൽ സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായ നിഖിലും ജിബിനും.
ലോക്ക്ഡൗൺ കാലത്ത് നടന്ന മോഷണം വളരെ യാദൃശ്ചികമായാണ് പുറംലോകം അറിയുന്നത്. മദ്യം കാറിൽ കടത്തുന്നതിനിടെ വർക്കലയ്ക്കടുത്ത് മൂങ്ങോട് വെച്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണ് വൻ മോഷണത്തിന്റെ വിവരം വെളിച്ചത്തു കൊണ്ടുവന്നത്. ഗോഡൗണിന് പിന്നിലെ മരത്തിൽ കയറി ഗോഡൗണിന്റെ ഷീറ്റ് പൊളിച്ച് അകത്തു കടന്നാണ് മദ്യം കവർന്നത്. ആറ് മാസം മുമ്പ് ഗോഡൗണിന്റെ ഷീറ്റ് മാറ്റി പുതിയതിട്ടിരുന്നു. അന്ന് മുതൽ നടത്തിയ കൃത്യമായ ഗൂഢാലോചനയിലാണ് മോഷണം നടത്തിയതെന്നാണ് വിവരം.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം സി.ഐ. രാജേഷ് കുമാറിന്റെ നേതൃത്തിൽ എസ്ഐ ജ്യോതിഷ്, ജിബി, എ.എസ്. ഐ സലിം, എസ്ഐ ട്രെയിനി ശരത്, സി.പി.ഒമാരായ ലിബിൻ, താജുദീൻ, പ്രജീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights:theft in attingal bevco warehouse


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..