File Photo: AFP
മോസ്കോ: അതീവ രഹസ്യ വിമാനത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി റഷ്യ. ഡൂംസ്ഡേ വിമാനം എന്നറിയപ്പെടുന്ന ഇല്യൂഷിൻ Il-80 വിമാനത്തിൽ നടന്ന മോഷണത്തെക്കുറിച്ചാണ് റഷ്യൻ അന്വേഷണ ഏജൻസികൾ അരയും തലയും മുറുക്കി അന്വേഷണം നടത്തുന്നത്. അതേസമയം, മോഷണവിവരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിമാനത്തിൽനിന്ന് എന്താണ് കൊള്ളയടിക്കപ്പെട്ടതെന്ന് അധികൃതർ വിശദമാക്കിയിട്ടില്ല.
ഒരു മില്യൺ റൂബിൾ(ഏകദേശം 10 ലക്ഷം രൂപ) വിലവരുന്ന ഇലക്ട്രോണിക്-റേഡിയോ ഉപകരണങ്ങൾ വിമാനത്തിൽനിന്ന് മോഷണം പോയെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ടാഗൻ റോഗിലെ വ്യോമകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്. വിമാനത്തിന്റെ കാർഗോ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഉപകരണങ്ങൾ കവരുകയായിരുന്നു. മോഷ്ടാക്കളുടെ ചെരിപ്പുകളുടെ അടയാളവും വിരലടയാളവും വിമാനത്തിൽ പതിഞ്ഞിട്ടുണ്ടെന്നും റഷ്യൻ മാധ്യമസ്ഥാപനമായ റെൻ ടി.വി. റിപ്പോർട്ട് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബെറീവ് എയർക്രാഫ്റ്റ് കമ്പനി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 12 പേരെ പോലീസ് ചോദ്യംചെയ്തെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള ബെറീവ് എയർക്രാഫ്റ്റ് കമ്പനിയാണ് ഡൂംസ്ഡേ വിമാനത്തിന്റെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്തിവരുന്നത്. അതീവ രഹസ്യസ്വഭാവമുള്ള വിമാനത്തിലെ മോഷണം റഷ്യയിലെ ഉന്നത നേതാക്കളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ വക്താവ് ദിമിത്രി പെസ്കോവ് സംഭവത്തെ വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോഷണത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയമോ ബെറീവ് കമ്പനി അധികൃതരോ തയ്യാറായിട്ടില്ല.
ആണവ യുദ്ധമോ, സ്ഫോടനങ്ങളോ, ആക്രമണങ്ങളോ ഉണ്ടായാൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും കമാൻഡ് സെന്ററായി ഉപയോഗിക്കാനുമാണ് ഡൂംസ്ഡേ വിമാനങ്ങൾ നിർമിച്ചിരിക്കുന്നത്. അതീവരഹസ്യ സ്വഭാവമുള്ള വിമാനത്തിൽ വൻ സുരക്ഷാസംവിധാനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇല്യൂഷൻ Il-80 വിമാനങ്ങൾ ആധുനികവൽക്കരിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ, വിമാനത്തിലെ പഴക്കമേറിയ ഉപകരണങ്ങൾ ലക്ഷ്യമിട്ടാണ് മോഷണം നടന്നതെന്നാണ് ചില സൈനിക വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിൽ പഴക്കമേറിയ വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നത് റഷ്യയിലെ സാധാരണ സംഭവമാണ്. എന്നാൽ ഇത് ഒരു സാധാരണ സംഭവമായി കണക്കാക്കാനാകില്ലെന്നും സൈനിക വിന്യാസത്തിന്റെ ഭാഗമായ ഉപകരണങ്ങളുടെ സുരക്ഷ സംബന്ധിച്ച് അടിവരയിടുന്ന സംഭവമാണെന്നും സൈനിക വിദഗ്ധർ പ്രതികരിച്ചു.
Content Highlights:theft at russia doomsday plane
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..