ജോവി ജോർജ്
കൊച്ചി: പനമ്പിള്ളി നഗറിലെ ഇൻകംടാക്സ് ക്വാർട്ടേഴ്സിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ സഹോദരൻ അറസ്റ്റിൽ. മൂവാറ്റുപുഴ നെല്ലാട് മുട്ടംതോട്ടിൽ വീട്ടിൽ ജോവി ജോർജാണ് (37) ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിലായത്. വീട്ടുടമസ്ഥന്റെ ഭാര്യയാണ് പരാതി നൽകിയത്.
പൊളിക്കാത്ത പൂട്ട്
ക്വാർട്ടേഴ്സിൽനിന്ന് കഴിഞ്ഞ 29-നാണ് സ്വർണം മോഷ്ടിക്കപ്പെട്ടത്. പരാതിക്കാരിയും കുടുംബവും മൂവാറ്റുപുഴയിൽ പുതിയ വീടിന്റെ തറക്കല്ലിടലിനുപോയപ്പോഴാണ് മോഷണം. പൂട്ട് പൊളിച്ചിരുന്നില്ല. അതിനാൽ മോഷണം നടത്തിയത് അടുപ്പമുള്ളവരാണെന്ന് പോലീസ് നിഗമനത്തിലെത്തി. ഒരാൾ ഹെൽമെറ്റുവെച്ച് ക്വാർട്ടേഴ്സിനകത്തുനിന്ന് പോകുന്നതായി അയൽവാസിയുടെ മൊഴി ലഭിച്ചു. ഇയാളുടെ ഷർട്ടിന്റെ നിറവും ഹെൽമെറ്റിന്റെ അടയാളവുംവെച്ച് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.
ഇതുവഴി ഇവിടെയെത്തിയ ഒരു സ്കൂട്ടറിനെ പറ്റി വിവരം ലഭിച്ചു. എന്നാൽ സ്കൂട്ടറിന്റെ നമ്പർ കണ്ടെത്താനായില്ല. സ്കൂട്ടറിന്റെ നിറം വെച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.
കൊച്ചി സിറ്റി ഡി.സി.പി. പി.ബി. രാജീവ്, തൃക്കാക്കര എ.സി.പി. ജിജിമോൻ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം. സൗത്ത് എസ്.എച്ച്.ഒ. പി. രാജ്കുമാർ, എസ്.ഐ.മാരായ വിനോജ്, കലേശൻ, പ്രൊബേഷൻ എസ്.ഐ. ജോസി എം. ജോൺസൺ, എ.എസ്.ഐ. ശ്രീകുമാർ, സി.പി.ഒ.മാരായ സുരേഷ്, പ്രസൂൺ, വനിത സീനിയർ സി.പി.ഒ. ജിഷ എന്നിവരാണ് കേസന്വേഷിച്ചത്.
ചീട്ടുകളി, കടംവീട്ടാൻ മോഷണം
ജോവി ജോർജ് മുമ്പ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നു. ഈ സമയം ജോവിക്ക് ഉപയോഗിക്കാൻ ഒരു സ്കൂട്ടർ നൽകി. സ്കൂട്ടറിന്റെ താക്കോലിന്റെ കൂടെ വീടിന്റെ മറ്റൊരുതാക്കോലുമുണ്ടായിരുന്നു. ഈ താക്കോൽ ഉപയോഗിച്ച് ജോവിയാണ് വീട് തുറന്ന് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
പ്രതി മൂവാറ്റുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കുറച്ച് സ്വർണം പണയംവെച്ചു. കുറച്ചു സ്വർണം പെരുമ്പാവൂരിൽ വിറ്റു. ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ശനിയാഴ്ച മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് വിമാനത്തിൽ വരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽനിന്ന് സൗത്ത് പോലീസ് പ്രതിയെ പിടികൂടി.
ചീട്ടുകളിയിൽ ഉണ്ടായ കടം തീർക്കുന്നതിനാണ് മോഷണം നടത്തിയത്. ഇയാളിൽനിന്ന് ഒന്നര ലക്ഷം രൂപ കണ്ടെടുത്തു. പണയം വെച്ച 15.5 പവനുംവീണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights:theft at income tax quarters kochi house owners brother arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..