അറസ്റ്റിലായ അനിൽകുമാർ
വെമ്പായം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി ചികിത്സയുടെ മറവിൽ മോഷണം നടത്തിവന്ന വ്യാജവൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല കുന്നപ്പുഴ പുതുവൽ പുരയിടം വീട്ടിൽ അനിൽകുമാറി (48) നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
വെമ്പായം പെരുംകൂർ സ്വദേശിയായ സ്ത്രീയുടെ സ്വർണവും മൊബൈൽ ഫോണും ചികിത്സയുടെ മറവിൽ ഇയാൾ മോഷ്ടിച്ചിരുന്നു. ഒരാഴ്ചയ്ക്ക് മുൻപ് അനിൽകുമാർ പെരുംകൂരിൽ എത്തുകയും കട നടത്തുകയായിരുന്ന സ്ത്രീയെ പരിചയപ്പെടുകയുമായിരുന്നു. അസുഖം മാറ്റിത്തരാം എന്ന് വിശ്വസിപ്പിച്ച് സ്ത്രീയുടെ വീട്ടിലെത്തുകയും രണ്ടു ദിവസം ചികിത്സ നടത്തുകയും ചെയ്തു. തുടർന്ന് സ്ത്രീയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാല, മൊബൈൽ ഫോൺ, ഡയറി എന്നിവയുമായി ഇയാൾ കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽ പോയ പ്രതിയെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയുമായിരുന്നു. അന്വേഷണത്തിൽ അനിൽകുമാർ വട്ടിയൂർക്കാവിൽ ഉള്ള ഒരു സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്കിയതായും കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ മെഡിക്കൽ കോളേജിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനമായ മോഷണം വേറെയും നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
വട്ടപ്പാറ സി.ഐ. ബിനുകുമാർ, എസ്.ഐ.മാരായ അബ്ദുൽ അസീസ്, സലിൻ, സതീശൻ, സി.പി.ഒ. മാരായ ഷാജഹാൻ, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights:theft and illegal treatment man arrested in vembayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..