സൂര്യകൃഷ്ണൻ. Photo: Special Arrangement|Mathrubhumi
ആലത്തൂര്‍: മൂന്നുമാസംമുമ്പ് ആലത്തൂരില്‍നിന്ന് കാണാതായ സൂര്യകൃഷ്ണയെ (21) മുംബൈയില്‍ സുരക്ഷിതയായി കണ്ടെത്തി. ആലത്തൂര്‍ പോലീസ് മുംബൈയില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന സൂര്യയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയശേഷം മാതാപിക്കളുടെ സംരക്ഷണത്തില്‍ വിട്ടു. പുതിയങ്കം ഭരതന് നിവാസില്‍ സൂര്യകൃഷ്ണ ഓഗസ്റ്റ് 30-നാണ് വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു. പാലക്കാട്ട് രണ്ടാംവര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ്. രണ്ടുജോഡി വസ്ത്രംമാത്രം എടുത്താണ് വീട്ടില്‍നിന്നുപോയത്.
ആലത്തൂരിലെ ബുക്ക്സ്റ്റാളിലേക്ക് വരികയാണ്, അച്ഛന് അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യകൃഷ്ണ വീട്ടില്‍നിന്നിറങ്ങിയത്. ആലത്തൂരിലെ ഹാര്ഡ്വെയര് കടയിലെ ജീവനക്കാരനായ അച്ഛന് ബുക്ക്സ്റ്റാളില് ഏറെനേരം കാത്തിരുന്നെങ്കിലും മകള്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എ. ദേവസ്യ, ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി, എസ്.ഐ. എം.ആര്. അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആലത്തൂരില്‍നിന്ന് പാലക്കാടുവഴി ബസ്സില്‍ കോയമ്പത്തൂരിലേക്കാണ് സൂര്യ എത്തിയത്. ഓഗസ്റ്റ് 31-ന് പേരുമാറ്റി ടിക്കറ്റെടുത്ത് കുര്‍ള എക്സ്പ്രസില്‍ മുംബൈയിലേക്ക് പോയി. ലോക്മാന്യതിലക് ടെര്‍മിനലില്‍ സെപ്റ്റംബര്‍ ഒന്നിന് എത്തി. തീവണ്ടിയില്‍ പരിചയപ്പെട്ടയാളോട് അനാഥയാണെന്നും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടെന്നുമാണ് പറഞ്ഞത്. അലിവുതോന്നിയ ഇദ്ദേഹം നവി മുംബൈയില്‍ ബിസിനസ് നടത്തുന്ന തമിഴ് കുടുംബത്തെ പരിചയപ്പെടുത്തി. ഈ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കൊപ്പമാണ് 96 ദിവസം സൂര്യ കഴിഞ്ഞതെന്ന് സി.ഐ. റിയാസ് ചാക്കീരി പറഞ്ഞു.
രണ്ടാഴ്ചമുമ്പ് ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ചില സുഹൃത്തുക്കള്‍ക്ക് സൂര്യ സന്ദേശം അയച്ചു. വിവരം അറിഞ്ഞ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സൂര്യ മുംബൈയിലുണ്ടെന്ന് സ്ഥിരീകരിച്ചു. മുംബൈയില്‍ അഭയം നല്കിയ കുടുംബത്തോട് സൂര്യ താന്‍ വീടുവിട്ട് വന്നതാണെന്ന് തുറന്നുപറയുകയും അച്ഛന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. മുംബൈയില്‍നിന്ന് ഇവര്‍ ഡിസംബര്‍ ഒന്നിന് സൂര്യയുടെ അച്ഛനെ ഫോണില്‍ വിളിച്ചു. അദ്ദേഹം ഇക്കാര്യം ആലത്തൂര്‍ പോലീസിനെ അറിയിച്ചു. സി.ഐ. റിയാസ് ചാക്കീരിയും നാല് പോലീസുകാരും അന്നുതന്നെ വിമാനമാര്‍ഗം മുംബൈയിലെത്തി സൂര്യകൃഷ്ണയെ കണ്ടെത്തി തീവണ്ടിമാര്‍ഗം നാട്ടിലെത്തിക്കുകയായിരുന്നു.
Content Highlights: The girl who went missing from Alathur found in Mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..