തണ്ണിത്തോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി പോലീസ് മാറ്റിയെഴുതിയെന്നാരോപിച്ച് പെണ്‍കുട്ടി നിരാഹാരത്തിനൊരുങ്ങി. യഥാര്‍ത്ഥ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തു.
ആക്രമണ സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി ശനിയാഴ്ച തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തണ്ണിത്തോട് സ്വദേശികളായ ചക്കിട്ടയില്‍ ജിന്‍സണ്‍ (28), കാര്‍ത്തിക ഭവനില്‍ നവീന്‍ പ്രസാദ് (30), ഈട്ടിക്കല്‍ സനല്‍ വര്‍ഗീസ് (36) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരേയുള്‍പ്പെടെ പ്രതിഷേധം പ്രകടിപ്പിച്ച് ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി വീടിന് മുന്നില്‍ നിരാഹത്തിനൊരുങ്ങിയത്. വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയും ചെയ്തു. അടൂര്‍ ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
പെണ്‍കുട്ടിയുടെ പിതാവ്, കേസിലെ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. മൊഴിയുടെ പകര്‍പ്പ് നല്‍കാന്‍ ആദ്യം പോലീസ് വിസമ്മതിച്ചതായും ആരോപണമുയര്‍ന്നു. പ്രതികളെ നിസ്സാരവകുപ്പ് ചുമത്തി കേസെടുത്ത് ജാമ്യത്തില്‍വിട്ട നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.
കോയമ്പത്തൂരില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 17-നാണ് നാട്ടിലെത്തുന്നത്. തുടര്‍ന്ന് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്നാരോപിച്ച് പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്തതും ശബ്ദസന്ദേശമയച്ചതും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീടിനുനേരേ ആക്രമണമുണ്ടായത്. കേസിലെ പ്രതികളായ ആറ് പേരെയും സി.പി.എം. ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നും മൊഴി അനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളതെന്നും ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു.
Content Highlights: thannithode girl's home attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..