നിജിൽദാസ്, രേഷ്മ
കണ്ണൂര്‍: തലശ്ശേരി പുന്നോല്‍ ഹരിദാസന് വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് പിടികൂടിയത് ഫോണ്‍കോളുകളും വാട്സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പാറക്കണ്ടി നിജില്‍ദാസ്(38) ഭാര്യയുമായി വാട്സാപ്പിലൂടെയും മറ്റുമാണ് ബന്ധപ്പെട്ടിരുന്നത്. ഭാര്യയുടെ ഫോണ്‍വിളികളും വാട്സാപ്പും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാണ് പിണറായി പാണ്ട്യാലമുക്കില്‍ എത്തിയത്. പിന്നീട് ഈ ഭാഗത്തെ മൊബൈല്‍ ടവറിന് കീഴിലെ ആളൊഴിഞ്ഞ് കിടക്കുന്ന വീടുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനൊടുവിലാണ് അധ്യാപികയായ അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം.രേഷ്മ(42)യുടെ ഭർത്താവ് പ്രശാന്തിന്റെ വാടകവീട്ടില്‍നിന്നാണ് നിജില്‍ദാസിനെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 17-ാം തീയതി മുതല്‍ നിജില്‍ദാസ് പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവന്നിരുതായാണ് പോലീസ് നല്കുന്ന വിവരം. അധ്യാപികയായ രേഷ്മയും നിജില്‍ദാസും സുഹൃത്തുക്കളാണ്. വിഷുവിന് ശേഷമാണ് നിജില്‍ദാസ് ഒളിച്ചു താമസിക്കാന്‍ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനായി അധ്യാപികയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് രേഷ്മ തന്റെ പാണ്ടാല്യമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസസൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏകദേശം 300 മീറ്ററോളം അരികെയാണ് ഈ വീട്.
നിജില്‍ദാസ് കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് രേഷ്മ ഒളിവില്‍ കഴിയാനുള്ള സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനാലാണ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് രേഷ്മയെയും അറസ്റ്റ് ചെയ്തത്. പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ രേഷ്മയും നിജില്‍ദാസും വാട്സാപ്പ് കോളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. പ്രതിക്കുള്ള ഭക്ഷണം രേഷ്മ ഇവിടെ എത്തിച്ചു നല്‍കുകയായിരുന്നു.
അണ്ടലൂര്‍ കാവിന് സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസിക്കുന്നത്. ഭര്‍ത്താവ് വിദേശത്താണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ പാണ്ട്യാലമുക്കില്‍ പുതിയ വീട് നിര്‍മിച്ചത്. നേരത്തെ ഈ വീട് കലാകാരന്മാര്ക്ക് ഉള്‍പ്പെടെ വാടകയ്ക്ക് നല്‍കിയിരുന്നതായാണ് വിവരം. സ്വകാര്യ സ്കൂൾ അധ്യാപികയായ രേഷ്മയ്ക്ക്, അടുത്തിടെ ചില സംഘടനകള്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചിരുന്നു. ഇക്കാര്യം സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read
അതിനിടെ, സി.പി.എം. പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ആകെ 16 പേരാണ് കേസിലെ പ്രതികള്‍. മുഖ്യപ്രതികളായ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ലിജേഷ് അടക്കമുള്ളവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷ് അടക്കമുള്ള എട്ടുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
രാത്രി ബോംബേറ്, ശക്തമായ പോലീസ് കാവല്‍...
നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ പാണ്ട്യാലമുക്കിലെ വീടിന് നേരേ വെള്ളിയാഴ്ച രാത്രി ബോംബേറുണ്ടായി. രണ്ടു തവണ ഇവിടെനിന്ന് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായാണ് പരിസരവാസികളുടെ മൊഴി. അക്രമിസംഘം വീടിന്റെ ജനല്‍ച്ചില്ലുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീല്‍ ബോംബാണ് അക്രമികള്‍ വീടിന് നേരേ എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg?$p=430c1f1&&q=0.8)
അതേസമയം, രാത്രി ബോംബേറുണ്ടായതിന് പിന്നാലെ പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിന് സമീപത്താണ് ബോംബേറുണ്ടായ വീടും. ഇതിനാല്‍തന്നെ പ്രദേശത്ത് വന്‍ സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു.
ഞെട്ടലില്‍ സി.പി.എം. കേന്ദ്രങ്ങള്‍...
ഹരിദാസന് വധക്കേസിലെ പ്രതി പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത് പ്രദേശത്തെ സി.പി.എം. കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്തുള്ള മറ്റൊരു വീട്ടില്‍ നാട്ടുകാരുടെയോ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ കണ്ണില്‍പ്പെടാതെ കൊലക്കേസ് പ്രതിയായ ബി.ജെ.പി. പ്രവര്ത്തകന് ഒളിവില്‍ കഴിഞ്ഞതാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ മാസങ്ങളായി പോലീസ് തിരയുന്ന പ്രതി തങ്ങളുടെ നാട്ടില്‍തന്നെ ഒളിവില്കഴിഞ്ഞിട്ടും പാര്‍ട്ടിക്കാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. അതീവരഹസ്യമായാണ് രേഷ്മ ഉറ്റസുഹൃത്തായ നിജില്‍ദാസിനെ പുതിയ വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതെന്ന വിവരവും നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
Content Highlights: thalassery haridasan murder case how police arrested accused nijildas from teacher reshma house
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..