Photo: AP & AFP
ന്യൂയോര്‍ക്ക്: വീണ്ടും ഒരു വെടിവെയ്പ്പില്‍ നടുങ്ങി അമേരിക്ക. വേനലവധിക്കാലം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ കളിചിരികള്‍ നിറഞ്ഞ പ്രൈമറി സ്‌കൂള്‍ കുരുതിക്കളമായി മാറി. സൗത്ത് ടെക്‌സാസിലെ ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന വെടിവെയ്പ്പില്‍ 19 കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.
സ്‌കൂളില്‍ അതിക്രമിച്ച് കയറിയ 18-കാരനാണ് കുഞ്ഞുങ്ങള്‍ക്ക് നേരേ തുരുതുരാ വെടിയുതിര്‍ത്തത്. വെടിവെയ്പ്പ് നടത്തിയ സാല്‍വദോര്‍ റാമോസിനെ പിന്നീട് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11.32-ഓടെയാണ് തോക്കുമായെത്തിയ 18-കാരന്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്. ഉവാള്‍ഡെയില്‍ താമസിക്കുന്ന റാമോസ് വീട്ടില്‍ മുത്തശ്ശിക്ക് നേരേ വെടിയുതിര്‍ത്ത ശേഷം വാഹനവുമായി സ്‌കൂളിലേക്ക് തിരിക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് വാഹനം ഉപേക്ഷിച്ച ശേഷം സ്‌കൂള്‍ കെട്ടിടത്തിനകത്തേക്ക് കയറി. ഇയാളെ തടയാന്‍ സ്‌കൂളിലെ സുരക്ഷാജീവനക്കാര്‍ ശ്രമിച്ചെങ്കിലും അക്രമി കെട്ടിടത്തിനകത്തേക്ക് പോവുകയും വിവിധ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു.

കൈയില്‍ തോക്കും തോളില്‍ ഒരു ബാക്ക്പാക്കും ധരിച്ചാണ് അക്രമി എത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. എആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായ വേളയിലാണ് ഇയാള്‍ തോക്ക് വാങ്ങിയതെന്നാണ് വിവരം. സാല്‍വദോര്‍ ഒറ്റയ്ക്കാണ് വെടിവെയ്പ്പ് നടത്തിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഈ കൂട്ടക്കൊലയിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
വെടിവെച്ച് കൊന്നത് യുഎസ് ബോര്‍ഡര്‍ പട്രോള്‍ ടീം അംഗം...
യു.എസ്. ബോര്‍ഡര്‍ പട്രോള്‍ അംഗമാണ് തോക്കുധാരിയായ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. സ്‌കൂളില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതോടെ ബോര്‍ഡര്‍ പട്രോള്‍ സംഘം സ്‌കൂളിലേക്ക് ഇരച്ചെത്തി. ഇതോടെ ബോര്‍ഡര്‍ ഏജന്റുമാരും റാമോസും തമ്മിലായി വെടിവെയ്പ്പ്. ഇതിനിടെയാണ് ഏജന്റുമാരില്‍ ഒരാളുടെ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ ബോര്‍ഡര്‍ പട്രോള്‍ ടീമിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് തലയിലാണ് പരിക്ക്. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.
സാല്‍വദോര്‍ റാമോസ്, ദുരൂഹത നിറഞ്ഞ ജീവിതം, ഇന്‍സ്റ്റഗ്രാമിലെ സന്ദേശങ്ങള്‍...
നോര്‍ത്ത് ഡക്കോട്ടയില്‍ ജനിച്ച സാല്‍വദോര്‍ റാമോസിനെക്കുറിച്ച് സഹപാഠികള്‍ക്കോ മറ്റുള്ളവര്‍ക്കോ കൂടുതല്‍ വിവരങ്ങളറിയില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഇയാള്‍ വല്ലപ്പോഴും മാത്രമേ ക്ലാസില്‍ വന്നിരുന്നൂള്ളൂവെന്നാണ് ഒരു സുഹൃത്ത് പ്രതികരിച്ചത്. മൂന്നുദിവസം മുമ്പ് റാമോസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രണ്ട് തോക്കുകളുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഒരു സുഹൃത്തിന് തോക്കിന്റെ ചിത്രം അയച്ചുനല്‍കുകയും ചെയ്തു. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പേടിക്കേണ്ടെന്നായിരുന്നു റാമോസിന്റെ മറുപടി.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലും കുടുംബത്തിന്റെ സാമ്പത്തികനിലയുടെ പേരിലും റാമോസ് പരിഹസിക്കപ്പെട്ടിരുന്നതായാണ് സഹപാഠിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത്തരമൊരു കൂട്ടക്കൊലയിലേക്ക് നയിച്ചതിന്റെ കാരണമെന്താണെന്ന് ഇവര്‍ക്കും അറിയില്ല.
സ്‌കൂളിലെ വെടിവെയ്പ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയുമായി റാമോസ് ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. തോക്കിന്റെ ചിത്രം ഈ പെണ്‍കുട്ടിയെ ടാഗ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ ചിത്രം റീപോസ്റ്റ് ചെയ്യാനും പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഈ തോക്കുകളും താനും തമ്മില്‍ എന്താണ് കാര്യമെന്ന് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ 11 മണിക്ക് മുമ്പ് എല്ലാം പറയാമെന്നും നിന്നോട് പറയാന്‍ ഒരു രഹസ്യമുണ്ടെന്നുമായിരുന്നു റാമോസിന്റെ മറുപടി. എന്നാല്‍ തോക്കുകളുടെ ചിത്രം ഭയപ്പെടുത്തുന്നതാണെന്നും ടാഗ് ചെയ്യാനാകില്ലെന്നും പെണ്‍കുട്ടിയും മറുപടി നല്‍കി.

അതേസമയം, റാമോസിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഈ പെണ്‍കുട്ടിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ മാത്രം അറിയുന്ന ഇയാള്‍ തനിക്ക് തീര്‍ത്തും അപരിചിതനാണെന്നും താന്‍ ടെക്‌സാസില്‍ അല്ല താമസിക്കുന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടി റാമോസിന്റെ കാമുകിയാണെന്ന പ്രചരണം വ്യാപകമായതോടെയായിരുന്നു പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.
അതിനിടെ, റാമോസ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് കമ്പനിയായ വെന്‍ഡിസില്‍ ജോലിചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെന്‍ഡിസ് ശാഖയിലെ മാനേജര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകരുമായി അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ഇയാളുടേതെന്നും രാവിലെ ഒമ്പത് മുതല്‍ നാല് വരെയുള്ള ഷിഫ്റ്റിലാണ് ജോലിചെയ്തിരുന്നതെന്നും മാനേജര്‍ പറഞ്ഞു.
കണ്ണീര്‍വാര്‍ത്ത് മാതാപിതാക്കള്‍, പൊലിഞ്ഞത് 19 കുരുന്നുജീവനുകള്‍...
ഏഴ് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള 535 കുട്ടികളാണ് ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളില്‍ വിവിധ ഗ്രേഡുകളില്‍ പഠിച്ചിരുന്നത്. രണ്ടുദിവസം കഴിഞ്ഞാല്‍ വേനലവധിക്കാലം ആഘോഷിക്കാനിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് തോക്കുമായി കൗമാരക്കാരന്‍ പാഞ്ഞുകയറിയത്.
ഓരോദിവസവും ഓരോ ഡ്രസ് തീം അനുസരിച്ചായിരുന്നു കുരുന്നുകള്‍ സ്‌കൂളിലെത്തിയിരുന്നത്. ചൊവ്വാഴ്ച 'ഫൂട്ട്‌ലൂസ് ആന്‍ഡ് ഫാന്‍സി' എന്നതായിരുന്നു തീം. മനോഹരമായ വസ്ത്രങ്ങള്‍ക്കൊപ്പം അവരുടെ വ്യത്യസ്തമായ പാദരക്ഷകളും മറ്റുള്ളവരെ കാണിക്കാനുള്ള അവസരമായിരുന്നു ഈ തീമില്‍. എന്നാല്‍ ക്ലാസുകള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കം സ്‌കൂളില്‍നിന്ന് ഉയര്‍ന്നത് കൂട്ടനിലവിളികളായിരുന്നു.

വെടിവെയ്പ്പ് നടന്ന വിവരമറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും അടക്കം നിരവധിപേരാണ് സ്‌കൂള്‍ മുറ്റത്തേക്ക് പാഞ്ഞെത്തിയത്. പലരും സ്വന്തം മക്കളെ കാണാനില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. പൊന്നോമനകള്‍ ഇനി ജീവനോടെയില്ലെന്ന വിവരമറിഞ്ഞ പലരും പൊട്ടിക്കരയുകയും ചെയ്തു. കളിചിരികള്‍ നിറഞ്ഞ സ്‌കൂള്‍ പരിസരം ചൊവ്വാഴ്ച സാക്ഷ്യംവഹിച്ചത് മാതാപിതാക്കളുടെ വിലാപങ്ങള്‍ക്കായിരുന്നു.
യുഎസിനെ നടുക്കിയ വെടിവെയ്പ്പുകള്‍...
സ്‌കൂളുകളെ കുരുതിക്കളമാക്കിയ വെടിവെയ്പ്പുകള്‍ നേരത്തെയും യുഎസിലുണ്ടായിട്ടുണ്ട്. 2012-ല്‍ ന്യൂടൗണിലെ സാന്‍ഡിഹുക്ക് എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 21 പേരും ആറും ഏഴും വയസ്സുള്ള കുട്ടികളായിരുന്നു.
2018-ല്‍ ഫ്‌ളോറിഡ പാര്‍ക്ക്‌ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 17 പേരാണ് മരിച്ചത്. അതേവര്‍ഷം തന്നെ ടെക്‌സാസിലെ സാന്റാ ഫേ ഹൈസ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ പത്തുപേരും കൊല്ലപ്പെട്ടിരുന്നു.
Content Highlights: texas school shooting total 21 killed includes 19 children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..