പ്രതീകാത്മക ചിത്രം | മാതൃഭൂമി
ബെംഗളൂരു: പത്തുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയശേഷം കാണാനില്ലെന്ന് പരാതി നല്കിയ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിലായി. ബെംഗളൂരു മൈക്കോ ലേഔട്ട് പോലീസാണ് പരാതി നല്കിയ അമ്മയെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തത്. തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊലയ്ക്കുശേഷം ആറുമാസം കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാനെത്തുമ്പോള്‍ കാമുകനും സുഹൃത്തായ യുവതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ കാണാതായി മാസങ്ങള്‍ കഴിഞ്ഞാണ് പരാതി നല്കിയതെന്നതും ഇവരുടെ പെരുമാറ്റവുമാണ് പോലീസിന്റെ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്. കഴിഞ്ഞദിവസം അമ്മയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് കുട്ടിയുടെ മൃതദേഹം തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ബരഗൂരുവില്‍നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിയെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായിരുന്നെന്നാണ് തമിഴ്നാട് പോലീസിന്റെ റിപ്പോര്‍ട്ട്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പാടുകളും വായില്‍ മുളകുപൊടിയും പോലീസ് കണ്ടെത്തിയിരുന്നു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു കുട്ടിയുടെ അമ്മ. ഇതിനിടെ സമീപവാസിയായ യുവാവുമായി പരിചയത്തിലായി. എന്നാല്‍ കുട്ടിക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഫെബ്രുവരി ആറിന് കുട്ടിയും യുവാവും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിലിടപെട്ട അമ്മ കുട്ടിയെ വടികൊണ്ട് മര്‍ദിക്കുകയുമായിരുന്നു.
പിന്നീട് പൊള്ളലേല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള ക്രൂരമായ പീഡനത്തിനും ഇരയാക്കി. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചതോടെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കാര്‍ വാടകയ്ക്കെടുത്ത് മൃതദേഹം ബരഗൂരുവിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടിടുകയായിരുന്നു.
എന്നാല്‍ പിടിയിലാകുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നു. കുട്ടി എവിടെയെന്ന അയല്‍ക്കാരുടെ അന്വേഷണവും പതിവായതോടെ ശ്രദ്ധതിരിക്കാന്‍ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി. ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..