Screengrab: Youtube.com|network in24 news
മുംബൈ: മുംബൈയില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ അമ്മയെയും ബന്ധുക്കളെയും പോലീസ് പിന്തുടര്ന്ന് പിടികൂടി. മഹാരാഷ്ട്രയിലെ സത്താറയില്നിന്നാണ് തമിഴ്നാട് സ്വദേശികളായ നാലുപേരെ പോലീസ് സംഘം പിടികൂടിയത്. യുവതിയെ പോലീസ് സംഘം മുംബൈയില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
തമിഴ്നാട് സ്വദേശിയും മുംബൈ ദഹിസറില്‍ താമസിക്കുന്ന പോള്‍ സിങ് നാടാര്‍ എന്നയാളുടെ ഭാര്യയുമായ മരിയയെയാണ് അമ്മയും ബന്ധുക്കളും ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. കേസില്‍ മരിയയുടെ അമ്മ കോവില്‍ അമ്മാള്‍ ദേവേന്ദ്ര(46) ബന്ധുവായ പൊന്നുത്തായി(43) അരുണ്‍ ദേവേന്ദ്ര(26) വാഹനത്തിന്റെ ഡ്രൈവര്‍ നാടാര്‍ സ്വാമി(30) എന്നിവരാണ് പിടിയിലായത്. അരുണ്‍ ദേവേന്ദ്ര തമിഴ്നാട് പോലീസിലെ കോണ്‍സ്റ്റബിളാണ്. ഇയാള്‍ മരിയയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു.
2019-ലാണ് മരിയ വീട് വിട്ടിറങ്ങി പോളിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരും മുംബൈയില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം കോവില്‍ അമ്മാളും ബന്ധുക്കളും മകളെ തിരഞ്ഞ് മുംബൈയിലെത്തി. മരിയയെ ഫോണില്‍ വിളിക്കുകയും തങ്ങള്‍ മുംബൈയിലുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ദഹിസറില്വെച്ച് നേരില്‍കാണാമെന്നും പറഞ്ഞു. അമ്മ വിളിച്ചതനുസരിച്ച് മരിയ ഇവരെ കാണാനെത്തി. എന്നാല്‍ സംസാരത്തിനിടെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകാനായാണ് അമ്മയും ബന്ധുക്കളും വന്നതെന്ന് മരിയക്ക് മനസിലായി. ഇക്കാര്യം മരിയ ഭര്‍ത്താവിന് എസ്.എം.എസ്. അയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതിയെ അമ്മയും ബന്ധുക്കളും കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്.
ഇതിനിടെ, ഭാര്യയുടെ സന്ദേശം ലഭിച്ച പോള്‍ ദഹിസര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സത്താറ ഭാഗത്തേക്കാണ് വാഹനം പോയതെന്നും കണ്ടെത്തി. തുടര്‍ന്ന് വാഹനത്തെ പിന്തുടര്ന്ന് ലോക്കല്‍ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: tamilnadu woman kidnapped from mumbai by her mother and others
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..